Indian Cooperator

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

ര്‍ബന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലും തുടര്‍ച്ചയായി പത്തു വര്‍ഷം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പദവിയൊഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ വീണ്ടും അംഗമാകാവൂ എന്നു റിസര്‍വ് ബാങ്ക് നിബന്ധന കൊണ്ടുവരുന്നു. റൂറല്‍, അര്‍ബന്‍ സഹകരണബാങ്കുകളിലെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് തയ്യാറാക്കുന്ന കരടുഭേദഗതികളിലാണു ഡയറക്ടര്‍മാര്‍ക്ക് ഈ കൂളിങ് ഓഫ് പിരീഡ് നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിട്ടുണ്ട്. കേരളത്തില്‍ അര്‍ബന്‍ ബാങ്കുകളിലെയും കേരളാബാങ്കിലെയും ഭരണസമിതി അംഗങ്ങള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്സ്- ഗവേണന്‍സ് ) ഭേദഗതി കരടുനിര്‍ദേശങ്ങള്‍-2026, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്സ്- ഗവേണന്‍സ് ) ഭേദഗതി കരടുനിര്‍ദേശങ്ങള്‍-2026 എന്നിവയുള്‍പ്പെടെയുള്ള ഭേദഗതിനിര്‍ദേശങ്ങളാണു റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 10 എ ( 2 എ ) ( ഐ ) യിലാണു ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ പരമാവധി കാലാവധി തുടര്‍ച്ചയായി പത്തു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി പരമാവധി കാലാവധിയായ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ഇടവേളയാണു നിര്‍ദിഷ്ടഭേദഗതിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അര്‍ബന്‍ബാങ്കുകളില്‍ തുടര്‍ച്ചയായുള്ള ഭരണകാലാവധി 2020 ജൂണ്‍ 19 മുതലാണു പ്രാബല്യത്തിലാക്കിയിരിക്കുന്നത്. സംസ്ഥാന സഹകരണബാങ്ക്, കേന്ദ്ര സഹകരണബാങ്കുകള്‍ എന്നിവയുള്‍പ്പെടുന്ന റൂറല്‍ സഹകരണബാങ്കുകളില്‍ 2021 ഏപ്രില്‍ ഒന്നിനാണിതു പ്രാബല്യത്തിലാക്കിയിട്ടുള്ളത്. 2025 ആഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വന്നിട്ടുള്ള 2025 ലെ ബാങ്കിങ്നിയമ ഭേദഗതിയനുസരിച്ചു ഡയറക്ടര്‍മാരുടെ പരമാവധി സേവനകാലാവധി എട്ടു വര്‍ഷത്തില്‍നിന്നു പത്തു വര്‍ഷമാക്കിയിട്ടുണ്ട്.

തുടര്‍കാലാവധിയുടെ പരിധി മറികടക്കുന്നതിനായി ചില ഡയറക്ടര്‍മാര്‍ കുറഞ്ഞ കാലത്തേക്കു രാജിവെച്ചു വീണ്ടും ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെടുകയോ കോ-ഓപ്റ്റ് ചെയ്യപ്പെടുകയോ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് പറയുന്നു. ഇത്തരം വളഞ്ഞ മാര്‍ഗങ്ങളിലൂടെ നിയമപ്രകാരമുള്ള കാലാവധിപരിധി മറികടക്കാനും നിയമത്തിന്റെ അന്തസ്സത്തയെത്തന്നെ ചോദ്യംചെയ്യാനും ഡയറക്ടര്‍മാര്‍ക്കു കഴിയുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു. ഈ പ്രവണത തടയാനാണു നിലവിലുള്ള നിര്‍ദേശങ്ങളില്‍ പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. അര്‍ബന്‍ബാങ്കിലോ സംസ്ഥാന സഹകരണബാങ്കിലോ കേന്ദ്ര സഹകരണബാങ്കിലോ തുടര്‍ച്ചയായി പത്തു വര്‍ഷം ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായിട്ടുള്ളവര്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും വിട്ടുനിന്നാലേ വീണ്ടും നിയമിക്കപ്പെടാന്‍ അര്‍ഹത നേടൂ എന്നാണു കരടുഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്. വിട്ടുനില്‍ക്കുന്ന കാലത്തു വെറുമൊരു അംഗമായോ ഉപഭോക്താവായോ മാത്രമേ ഈ മുന്‍ഡയറക്ടര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അതേസമയം, മറ്റൊരു ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാകുന്നതിനു ഈ നിയന്ത്രണം തടസ്സമല്ല.

ഡയറക്ടറുടെ തുടര്‍ച്ചയായ ഭരണകാലാവധി കണക്കാക്കുന്ന കാര്യത്തിലും റിസര്‍വ് ബാങ്ക് വ്യക്തത വരുത്തുന്നുണ്ട്. മൂന്നു വര്‍ഷത്തില്‍കുറഞ്ഞ കാലം സേവനത്തില്‍ തടസ്സം നേരിട്ടാല്‍ തടസ്സത്തിനുമുമ്പുള്ള സേവനകാലയളവും ശേഷമുള്ള കാലയളവും ചേര്‍ത്തു മൊത്തമായിട്ടായിരിക്കും സേവനകാലം കണക്കാക്കുക. എന്നാല്‍, മൂന്നു വര്‍ഷമോ അതില്‍ക്കൂടുതലോ കാലം വിട്ടുനിന്നാല്‍ ഇടവേളയ്ക്കുമുമ്പുള്ള സേവനകാലം പൂജ്യമായി കണക്കാക്കും. അതിനുശേഷമുള്ള സേവനകാലം മാത്രമായിരിക്കും പരിഗണിക്കുക.

പൊതുജനങ്ങള്‍ക്കും സഹകരണമേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ഈ മാസം 30 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. റിസര്‍വ് ബാങ്കിന്റെ വെബ്സൈറ്റിലെ Connect2Regulate സെക്ഷന്‍വഴി അറിയിക്കാം. അല്ലെങ്കില്‍, റിസര്‍വ് ബാങ്കിന്റെ മുംബൈയിലെ റഗുലേഷന്‍ വകുപ്പില്‍ ( ഗവേണസ് സെക്ഷന്‍ ) തപാലിലോ ഇ മെയിലായോ അഭിപ്രായങ്ങള്‍ നല്‍കാവുന്നതാണ്.

Related posts

യുപിഐ പെയ്‌മെന്റും ഡിജിറ്റല്‍ സേവനവും; കേരള ബാങ്ക് സഹകാര്‍ സാരഥിയില്‍ അംഗമായി

Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

Indian Cooperator

കര്‍ണാടകയില്‍ സംഘത്തില്‍നിന്നു 65 കോടി തട്ടി സ്വത്ത് വാങ്ങിക്കൂട്ടിയ പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ഇ.ഡി. പൂട്ടി

Indian Cooperator
error: Content is protected !!