Indian Cooperator

വിരമിക്കല്‍ആനുകൂല്യങ്ങള്‍ ജീവനക്കാരന്റെ അവകാശമെന്ന് ആന്ധ്ര ഹൈക്കോടതി

സര്‍വീസില്‍നിന്നു വിരമിച്ച ജീവനക്കാരനു നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഫണ്ടില്ല എന്ന കാരണം പറഞ്ഞു തൊഴിലുടമയ്ക്കു നിഷേധിക്കാനാവില്ലെന്നു ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധി. കുടിശ്ശികയായ ശമ്പളവും ഗ്രാറ്റ്വിറ്റിയും പ്രോവിഡന്റ്ഫണ്ടും പത്തു ശതമാനം പലിശയോടെ ജീവനക്കാരനു നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കോടതിവിധിയുടെ പകര്‍പ് കിട്ടി പത്ത് ആഴ്ചക്കകം എതിര്‍കക്ഷിയായ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം ഈ തുക നല്‍കണം.

കൃഷ്ണ ജില്ലയിലെ ഒരു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തില്‍നിന്നു 2011 ല്‍ കാഷ്യറായി വിരമിച്ചയാള്‍ക്കാണ് അനുകൂല കോടതിവിധിയുണ്ടായത്. 2004 മെയ് മുതല്‍ 2005 ജൂണ്‍വരെ 14 മാസത്തെയും 2007 ജൂണ്‍ മുതല്‍ 2009 ഫെബ്രുവരി വരെ 21 മാസത്തെയും ശമ്പളക്കുടിശ്ശികയായ 2.28 ലക്ഷം രൂപ കിട്ടാനാണു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കൂടാതെ, വിരമിക്കല്‍ആനുകൂല്യങ്ങളായ ഗ്രാറ്റ്വിറ്റിയും അവധി പണമാക്കിക്കൊണ്ടുള്ള തുകയും കിട്ടിയില്ല. സംഘത്തിനു പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി കൊടുത്തത്. 13 വര്‍ഷത്തെ നിയമപ്പോരാട്ടത്തിനുശേഷം 2026 ജനുവരി രണ്ടിനാണു പരാതിക്കാരന് അനുകൂലമായി കോടതിവിധിയുണ്ടായത്.

ദശകങ്ങളോളം നീണ്ട സര്‍വീസിനുശേഷം 2011 സെപ്റ്റംബര്‍ 30 നാണു പരാതിക്കാരന്‍ സഹകരണസംഘത്തില്‍നിന്നു വിരമിച്ചത്. സര്‍വീസുകാലത്തു സാമ്പത്തികമായി എന്തെങ്കിലും ക്രമക്കേട് കാണിച്ചതായി അദ്ദേഹത്തിന്റെ പേരില്‍ പരാതിയില്ല. സഹകരണസംഘത്തിലെ കാഷ്യറായിരുന്ന പരാതിക്കാരന്‍ കുറച്ചുകാലം ജില്ലാ സഹകരണബാങ്കില്‍ ജോലി ചെയ്തിരുന്നു. ഈ കാലത്തെ ശമ്പളവും ഗ്രാറ്റ്വിറ്റിയും ( 49,558 രൂപ ) അവധി പണമാക്കിയ തുകയും ( 61,609 രൂപ ) ജില്ലാബാങ്ക് നല്‍കുകയുണ്ടായി. പരാതി ഹര്‍ജിക്കാരന്റെ യഥാര്‍ഥ തൊഴിലുടമയായ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തെക്കുറിച്ചായിരുന്നു. 35 മാസത്തെ ശമ്പളക്കുടിശ്ശികയും ഗ്രാറ്റ്വിറ്റിയും പരാതിക്കാരനു നല്‍കാനുണ്ടെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ തങ്ങളുടെ കൈയില്‍ അതു നല്‍കാനുള്ള ഫണ്ടുണ്ടായിരുന്നില്ല എന്നായിരുന്നു സംഘത്തിന്റെ ന്യായം. ഗ്രാറ്റ്വിറ്റിയും വിരമിക്കല്‍ആനകൂല്യങ്ങളും നിയമപരമായ അവകാശമാണെന്നും ഫണ്ടില്ല എന്ന ന്യായം പറഞ്ഞ് അതു പിടിച്ചുവെക്കുന്നതിന് ഒരു സാധൂകരണവുമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

1977 ല്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തില്‍ പെയ്ഡ് സെക്രട്ടറിയായാണു ഹര്‍ജിക്കാരന്‍ ജോലിയില്‍ പ്രവേശിച്ചത്. 2009 മാര്‍ച്ച് ഒന്നിനു സ്പെഷല്‍ കാറ്റഗറിജീവനക്കാരനായി പ്രമോട്ട് ചെയ്യപ്പെട്ടു ജില്ലാ സെന്‍ട്രല്‍ കോ-ഓപറേറ്റീവ് ബാങ്കില്‍ നിയമിതനായി. 34 വര്‍ഷത്തെ സേവനത്തിനുശേഷം 2011 സെപ്റ്റംബര്‍ 30 നു കാഷ്യറായി വിരമിച്ചു.

ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണു ഹര്‍ജിക്കാരന്‍ സര്‍വീസില്‍നിന്നു വിരമിച്ചതെന്നു കേസില്‍ വിധി പറഞ്ഞ ( W.P. no. 20248 of 2015 ) ജസ്റ്റിസ് മഹേശ്വര റാവു കുഞ്ചിയം ചൂണ്ടിക്കാട്ടി. പരാതിക്കാരനു ഗ്രാറ്റ്വിറ്റിയും അവധി പണമാക്കി മാറ്റുന്നതും നിഷേധിച്ചതിനു പിന്നില്‍ വല്ല നിയമതടസ്സവുമുണ്ടായിരുന്നോ എന്നതും ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അതിനു സാധൂകരണമുണ്ടോ എന്നതും ഇക്കാര്യത്തില്‍ സഹകരണസംഘത്തിന്റെ നടപടി സാധൂകരിക്കത്തക്കതാണോ എന്നതുമാണു കേസിലെ കേന്ദ്രബിന്ദുവെന്നു ജസ്റ്റിസ് മഹേശ്വര റാവു അഭിപ്രായപ്പെട്ടു. വിരമിക്കല്‍ആനുകൂല്യങ്ങളായ ലീവ് എന്‍കാഷ്മെന്റ്, ഗ്രാറ്റ്വിറ്റി എന്നിവ നല്‍കാന്‍ തൊഴിലുടമയായ പ്രാഥമിക സഹകരണസംഘം നിയമപരമായി ബാധ്യസ്ഥമാണ്. തൊഴിലാളിവര്‍ഗത്തിന്റെ സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതു ലക്ഷ്യംവെച്ചുകൊണ്ടുള്ള വ്യവസ്ഥകളാണു 1972 ലെ ഗ്രാറ്റ്വിറ്റിനിയമത്തിലുള്ളത്. വിരമിക്കുന്നതിനു മുമ്പ് ഇടവേളയില്ലാതെ അഞ്ചു വര്‍ഷത്തില്‍ കുറയാതെ സര്‍വീസില്‍ തുടര്‍ന്നിട്ടുള്ള ജീവനക്കാരനു ഗ്രാറ്റ്വിറ്റിനിയമത്തിലെ സെക്ഷന്‍ 4 (1 ) പ്രകാരം ഗ്രാറ്റ്വിറ്റി കിട്ടാന്‍ അര്‍ഹതയുണ്ട്. നിയമത്തിന്റെ കണ്ണില്‍ ദുഷ്പേരൊന്നും വരുത്താതെയാണു ഹര്‍ജിക്കാരന്‍ സര്‍വീസില്‍നിന്നു വിരമിച്ചതെന്നു തൊഴിലുടമയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ഗ്രാറ്റ്വിറ്റി കൊടുക്കാതെ തടഞ്ഞുവെച്ചത് ഒരു സാഹചര്യത്തിലും അനുവദിക്കാവുന്നതല്ല- ജസ്റ്റിസ് മഹേശ്വരറാവു വ്യക്തമാക്കി.

വിരമിക്കുന്ന ഒരാള്‍ക്ക് ഏതു തീയതിമുതലാണോ ഗ്രാറ്റ്വിറ്റി കൊടുക്കേണ്ടത് അന്നുമുതല്‍ 30 ദിവസത്തിനകം കൊടുത്തില്ലെങ്കില്‍ അതിനു പലിശയുംകൂടി നല്‍കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തില്‍ പറയുന്നതില്‍ക്കവിഞ്ഞ നിരക്കില്‍ പലിശ കൊടുക്കേണ്ടതില്ല. ഒരാളുടെ സേവനം പ്രയോജനപ്പെടുത്തിയശേഷം തങ്ങളുടെ ധനസ്ഥിതി മോശമാണെന്ന വാദമുയര്‍ത്തി ആനുകൂല്യം നിഷേധിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തിന്റെ നടപടി സാധൂകരിക്കാനാവില്ല- ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഗ്രാറ്റ്വിറ്റി വൈകിയാല്‍ ആ തുക പലിശസഹിതമാണു തിരിച്ചുകൊടുക്കേണ്ടതെന്ന സുപ്രീംകോടതിവിധി ആന്ധ്ര ഹൈക്കോടതി ഉദ്ധരിച്ചു. 2025 മാര്‍ച്ച് മൂന്നിനു നല്‍കിയ ഈ സുപ്രധാനവിധിയില്‍ വൈകുന്ന കാലത്തേക്കു പത്തു ശതമാനം പലിശയാണു കൊടുക്കേണ്ടതെന്നു കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ജസ്റ്റിസ് മഹേശ്വര റാവു പറഞ്ഞു. പെന്‍ഷന്‍ എന്നതു ഭിക്ഷാദാനമോ ഔദാര്യമോ അല്ലെന്നും പെന്‍ഷന്‍ ജീവനക്കാരന്റെ അവകാശമാണെന്നുമുള്ള ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ വിധിയും ജസ്റ്റിസ് മഹേശ്വര റാവു എടുത്തുപറഞ്ഞു.

ഒരാള്‍ക്കു ഗ്രാറ്റ്വിറ്റി കൊടുക്കേണ്ട ദിവസംമുതല്‍ 30 ദിവസത്തിനകം അതു കൊടുത്തില്ലെങ്കില്‍ തൊഴിലുടമ പലിശ നല്‍കാന്‍ ബാധ്യസ്ഥമാണെന്നു 1972 ലെ ഗ്രാറ്റ്വിറ്റി പെയ്മെന്റ്നിയമത്തിലെ സെക്ഷന്‍ 4 ( ഗ്രാറ്റ്വിറ്റി നല്‍കല്‍ ), സെക്ഷന്‍ 7 ( ഗ്രാറ്റ്വിറ്റി കണക്കാക്കല്‍ ) എന്നിവ ഉദ്ധരിച്ചുകൊണ്ട് ആന്ധ്രപ്രദേശ് ഹൈക്കോടതി പറഞ്ഞു. നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഒരു ജീവനക്കാരന്റെയും നിയമപ്രകാരമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടുള്ളതല്ല. വിരമിക്കല്‍പ്രായത്തിലുള്ള ഒരു ജീവനക്കാരനു നല്‍കേണ്ട പെന്‍ഷനും മറ്റു വിരമിക്കല്‍ആനുകൂല്യങ്ങളും ഭരണഘടനയുടെ 300 എ അനുച്ഛേദത്തിനു കീഴില്‍ വരുന്ന ആസ്തിയാണെന്നും അനുച്ഛേദം 21 അനുസരിച്ചു അത് ഒരാളുടെ ഉപജീവനം ഉറപ്പാക്കുന്ന അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു തുക കവര്‍ന്നെടുക്കുന്നത്, അതു നേരിയ ഒരംശമാണെങ്കില്‍പോലും, അനുവദിച്ചുകൊടുക്കാനാവില്ല. നിയമപരമായ വ്യവസ്ഥകളുടെയും കേസിലെ നിലനില്‍ക്കുന്ന വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വൈകിയുള്ള പെയ്മെന്റിനു പലിശ കിട്ടുക എന്നതു ജീവനക്കാരന്റെ അവകാശമാണെന്നതു ശങ്കയില്ലാതെയും അസന്ദിഗ്ധമായും വ്യക്തമാക്കുന്നു – ജസ്റ്റിസ് മഹേശ്വര റാവു വിധിയില്‍ പറഞ്ഞു.

Related posts

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator

സെക്രട്ടറി വിരമിച്ചപ്പോള്‍ ഓഫീസ് ഒരു കാര്‍ഷിക വായ്പാ സംഘം തുറക്കാന്‍പോലും ആളില്ലാതായി

Indian Cooperator

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator
error: Content is protected !!