Indian Cooperator

ആരോഗ്യ പരിചരണ രംഗത്ത് സഹകരണപ്രസ്ഥാനം സുപ്രധാന ഘടകമാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന

ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ആരോഗ്യപരിചരണരംഗം പരിവര്‍ത്തിപ്പിക്കാന്‍ സഹകരണസ്ഥാപനങ്ങളും സാമൂഹിക ഐക്യദാര്‍ഢ്യ സമ്പദ്‌വ്യവസ്ഥയും (എസ്.എസ്.ഇ) നടത്തുന്ന പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) പ്രശംസിച്ചു. ലിംഗസമത്വം
യാഥാര്‍ഥ്യമാക്കാനും മാന്യമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും സഹകരണസ്ഥാപനങ്ങള്‍ ഏറെ യത്‌നിക്കുന്നതായി ഐ.എല്‍.ഒ.യുടെ കുറിപ്പില്‍ വിലയിരുത്തി. ബൊളീവിയ, കൊളംബിയ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ അനുഭവങ്ങള്‍ കുറിപ്പില്‍ പങ്കുവച്ചു.

മേഖലയുടെ ആരോഗ്യ പരിചരണാവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ സഹകരണമേഖലക്കു കഴിയുന്നു. കുടുംബത്തില്‍ ചെയ്യേണ്ടിവരുന്ന വേതനം ലഭിക്കാത്ത വീട്ടുജോലിയുടെയും പരിചരണങ്ങളുടെയും കാര്യം റിപ്പോര്‍ട്ടിലുണ്ട്. ഇതു ചെയ്യേണ്ടിവരുന്നവരിലേറെയും സ്ത്രീകളാണ്. ഇത്തരം ജോലികള്‍ ഏറ്റെടുക്കേണ്ടിവരുന്നതുമൂലം അവര്‍ ഔപചാരികതൊഴില്‍മേഖലയില്‍നിന്നു പിന്തള്ളപ്പെടുന്നു. സാമൂഹികസുരക്ഷാ സേവനങ്ങള്‍ നിഷേധിക്കപ്പെടുന്നു. വയോധികര്‍ വര്‍ധിക്കുന്നതും സാമൂഹികസുരക്ഷാ സേവനങ്ങള്‍ പരിമിതമാകുന്നതും ഭൂമിശാസ്ത്രപരമായ അസമത്വങ്ങള്‍ കൂടുന്നതുംമൂലം ആരോഗ്യപരിചരണത്തിന്റെ ആവശ്യകതയും കൂടുകയാണ്. പല സമൂഹവും അനൗപചാരിക പ്രാദേശികപരിഹാരങ്ങള്‍ക്കു ശ്രമിക്കുന്നുണ്ട്.

ജോലിയും തൊഴില്‍ക്കരാറും സാമൂഹികസുരക്ഷയുമില്ലാതെ കെയര്‍ ഗിവര്‍മാരായ സ്ത്രീകള്‍ ഏറെ കഷ്ടപ്പടുന്നു. അസമത്വം കുറയ്ക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കും എസ.്എസ്.ഇ.കള്‍ക്കും കുറെയൊക്കെ കഴിയുന്നുണ്ട്. പരമ്പരാഗത ബിസിനസ്മാതൃകകളില്‍നിന്നു വ്യത്യസ്തമായി സഹകരണപ്രസ്ഥാനങ്ങള്‍ സാമൂഹിക പങ്കാളിത്തത്തിനും ജനാധിപത്യപരമായ തീരുമാനമെടുക്കല്‍പ്രക്രിയക്കും കൂട്ടുടമസ്ഥതക്കും പ്രാധാന്യം
നല്‍കുന്നു. ഗുണനിലവാരമുള്ള സേവനം കുറഞ്ഞ ചെലവില്‍ നല്‍കുന്നു. ലാഭത്തേക്കാള്‍ ജനക്ഷേമത്തിനു മുന്‍ഗണന നല്‍കുന്നു. സഹകരണാത്മക പരിചരണമാതൃകകള്‍ തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തുന്നു.

ലിംഗസമത്വം കൊണ്ടുവരുന്നു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നു. ഉത്തരവാദിത്തം പങ്ക് വയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. സാമൂഹികസുരക്ഷയും മികച്ച വേതനവും ഔപചാരികമായി തൊഴിലുകളും പ്രദാനം ചെയ്യുന്നു. സഹകരണപ്രസ്ഥാനങ്ങള്‍ പരിചരണപ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമല്ല അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐ.എല്‍.ഒ.യുടെ ലിംഗസമത്വ-വിവേചനവിരുദ്ധകാര്യ വിദഗ്ധ പാസ് ആരന്‍സിബിയ പറഞ്ഞു.

ഐ.എല്‍.ഒ. പരിചരണ സഹകരണപ്രവര്‍ത്തനങ്ങളെ മൂന്നു തലങ്ങളില്‍ സഹായിക്കുന്നുണ്ട്. പ്രാദേശിക സഹകരണസ്ഥാപനങ്ങളെയും കമൂണിറ്റിസ്ഥാപനങ്ങളെയും ശക്തിപ്പെടുത്തല്‍, പരിചരണ സഹായക സംവിധാനങ്ങള്‍ക്കനുഗുണമായ സ്ഥാപനപരമായ കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കല്‍, ഇത്തരം സമീപനങ്ങളെ ദേശീയ പരിചരണസംവിധാനങ്ങളുമായി ബന്ധപ്പെടുത്തല്‍ എന്നിവയാണ് ഈ തലങ്ങള്‍.

സമൂഹങ്ങള സഹായിക്കാന്‍ ഐ.എല്‍.ഒ. തിങ്ക് ഡോട്ട് കെയര്‍ കോ-ഓപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശികശേഷികള്‍ വിലയിരുത്തുകയും സേവനാവശ്യകതകള്‍ മനസ്സിലാക്കുകയുമാണു തിങ്ക് ഡോട്ട് കെയര്‍ കോ-ഓപ്പ് ചെയ്യുന്നത്. സ്റ്റാര്‍ട്ട് ഡോട്ട് കെയര്‍ കോ-ഓപ്പും ആരംഭിച്ചിട്ടുണ്ട്. പങ്കാളിത്തപരവും ലിംഗസമത്വാസൂത്രണപരവുമായ പരിചരണ സഹകരണസ്ഥാപനങ്ങള്‍ രൂപവത്കരിക്കാനാണിത്.

മൂന്നു രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണപദ്ധതികള്‍ നടപ്പാക്കി. ബൊളീവിയയില്‍ പരിചരണസേവനങ്ങളുടെ ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കി. ഇതിന്റെ സഹായത്തോടെ എല്‍ ആള്‍ട്ടോയിലെ കുടുംബങ്ങള്‍ക്ക് പരിചരണസേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കി. പ്രാദേശികസമൂഹത്തെ കൂട്ടായ സംരംഭങ്ങളില്‍ പിന്തുണക്കുകയും ചെയ്തു. കൊളംബിയയില്‍ പരിശീലനവും സാങ്കേതികസഹായവും നല്‍കി ചോക്കോയിലും സെസാറിലും ്ര്രപസവശുശ്രൂഷക്കും പരമ്പരാഗതമായ പരിചരണസേവനങ്ങള്‍ക്കും കെയര്‍ ഹൗസുകള്‍ ആരംഭിച്ചു.

ഹോണ്ടുറാസില്‍ മുനിസിപ്പല്‍ പരിചരണമാതൃക അവതരിപ്പിച്ചു. വീട്ടുജോലിക്കാരുടെയും പരിചരണത്തൊഴിലാളികളുടെയും ആദ്യ സഹകരണസംരംഭം തുടങ്ങുകയും ചെയ്തു. പരിചരണം സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും നിലനിര്‍ത്തുന്ന അടിസ്ഥാനപരമായ തൊഴിലുകളാണെന്ന് ഐ.എല്‍.ഒ.യുടെ വിശകലനം വ്യക്തമാക്കുന്നു. 2024 ല്‍ ഐ.എല്‍.ഒ. സമ്മേളനം പരിചരണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനഘടകമായി പരിചരണത്തൊഴിലിനെ അംഗീകരിച്ചിരുന്നു.

Related posts

സംഘങ്ങള്‍വഴി പാലുത്പാദനം കൂട്ടാന്‍ ഇന്‍ഡോനേഷ്യയില്‍ തീവ്രയജ്ഞം

Indian Cooperator

ഐ.സി.എ ഏഷ്യാ പെസഫിക് മേഖലാസമ്മേളനം 24 നു തുടങ്ങുന്നു

Indian Cooperator

സ്വതന്ത്രവ്യാപാരക്കരാറില്‍ വിയറ്റ്‌നാം സഹകരണമേഖലയും; സ്ഥാപനങ്ങള്‍ക്ക് പരിശീലനം

Indian Cooperator
error: Content is protected !!