പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള സോഫ്റ്റ് വെയര്‍ ഏകീകരണ പദ്ധതിയില്‍ അവസാനഘട്ടമാകുമ്പോഴേക്കും ടെണ്ടറിന്റെ കാര്യത്തില്‍ തര്‍ക്കം. രണ്ടു കണ്‍സോര്‍ഷ്യങ്ങളാണ് ടെണ്ടറില്‍ പങ്കെടുത്തിട്ടുള്ളത്. രണ്ടുവിഭാഗവും രണ്ടുരീതിയിലാണ് ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്നതാണ് തര്‍ക്കത്തിന് വഴിവെച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള ചെലവ് കണക്കാക്കിയാണ് ഒരു ടെണ്ടര്‍. 1612 പ്രാഥമിക സഹകരണ ബാങ്കുകളുടെ 4400 ശാഖകളില്‍ സോഫ്റ്റ് വെയര്‍ ചെയ്യാനുള്ള ടെണ്ടറാണ് രണ്ടാമത്തെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 280 ശാഖകള്‍ക്കാണോ 1612 ബാങ്കുകള്‍ക്കാണോ കോമണ്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കേണ്ടത് എന്നതിലാണ് തര്‍ക്കം. ഇതില്‍ കൃത്യമായ ഉത്തരം സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ലഭിക്കുന്നില്ലെന്ന പരാതി കണ്‍സോര്‍ഷ്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ് വെയര്‍ ചെയ്ത കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നാണ് ടെണ്ടര്‍ വ്യവസ്ഥ. ദിനേശ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ടെണ്ടറില്‍ പങ്കെടുത്ത ഒന്നാമത്തെ കണ്‍സോര്‍ഷ്യം. 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാന്‍ 50 കോടിരൂപയാണ് ദിനേശ് നല്‍കിയ ടെണ്ടറിലുള്ളത്. സഹകരണ സംഘമായ മിറ്റ്‌കോയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കണ്‍സോര്‍ഷ്യം. 1612 പ്രാഥമിക ബാങ്കുകളില്‍ (4400 ശാഖകളില്‍) സോഫ്റ്റ് വെയര്‍ ചെയ്യാന്‍ 231 കോടിരൂപയാണ് മിറ്റ്‌കോ നല്‍കിയ ടെണ്ടറിലുള്ളത്. 4400 ശാഖകളില്‍ നടപ്പാക്കേണ്ട പദ്ധതി 280 ശാഖകളില്‍ നടപ്പാക്കാന്‍ മാത്രം സര്‍ക്കാര്‍ പണം നല്‍കിയാല്‍ ബാക്കി ആരുവഹിക്കുമെന്നതാണ് പ്രധാന ചോദ്യം. അത് സഹകരണ ബാങ്കുകള്‍ നല്‍കേണ്ടിവരുമോയെന്ന സംശയം സഹകാരികള്‍ക്കുണ്ട്. ഇത് പദ്ധതിയോടുള്ള എതിര്‍പ്പിന് കാരണമാവുന്നതാണ്.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഓഡിറ്റിങ് കൃത്യമാക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സോഫ്റ്റ് വെയര്‍ ഏകീകരണ പദ്ധതി തയ്യാറാക്കിയത്. 2020 നവംബറിലാണ് ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. ഓരോ പ്രാഥമിക സഹകരണ ബാങ്കും പ്രാദേശിക സാഹചര്യം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനനുസരിച്ചാണ് അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനനുസരിച്ചാണ് ഓരോ ബാങ്കുകളും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. ഇത് ഏകീകരിക്കുമ്പോള്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. പുതിയ സോഫ്റ്റ് വെയര്‍ ചെലവ് ബാങ്കുകള്‍ വഹിക്കേണ്ടിവരുമെന്നതും എതിര്‍പ്പിന് കാരണമായി. അതിനാലാണ് പദ്ധതി നടപ്പാക്കാന്‍ കഴിയാതിരുന്നത്.
ഇപ്പോള്‍ ആദ്യം തയ്യാറാക്കിയ പദ്ധതിരേഖ (ആര്‍.എഫ്.പി.) മാറ്റിയാണ് ടെണ്ടര്‍ നടപടിയിലേക്ക് കടന്നത്. അതിലാണ്, പ്രാദേശികമായി സഹകരണ ബാങ്കുകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിച്ച കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. അത് പൊതുവേ സ്വീകാര്യമായിരുന്നു. ആ ഘട്ടത്തിലാണ്, പദ്ധതി നടപ്പാക്കുന്നത് എത്ര ബാങ്കിലാണ് എന്നതില്‍ വ്യക്തതയില്ലാത്ത സ്ഥിതിയുണ്ടായത്. ആദ്യഘട്ടം 280 സഹകരണ ബാങ്കുകളില്‍ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് 280 ബാങ്കുകളെന്നത്, 280 ശാഖകള്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തി. അതില്‍തന്നെ അവ്യക്തത തുടങ്ങുകയും ചെയ്തു.
