Indian Cooperator

സഹകരണ സംഘങ്ങളില്‍ കേന്ദ്ര സോഫ്റ്റ്‌വെയര്‍: സൗജന്യത്തിന്റെ മറുവശം


————-

  • എസ്. സാമജ്

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി പൊതുസോഫ്റ്റ്‌വെയര്‍ സഹകരണസംഘങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടും അതു സ്വീകരിക്കാതെ കേരളത്തില്‍ വേറെ പൊതുസോഫ്റ്റ്‌വെയറിനായി ശ്രമിക്കുന്നത് അധികച്ചെലവും അനാവശ്യവുമാണ് – ഇതാണു കേന്ദ്രം നല്‍കുന്ന പൊതുസോഫ്റ്റ്‌വെയര്‍ കേരളം സ്വീകരിക്കാതിരിക്കുന്നതിനോടുള്ള വിമര്‍ശനം. എന്നാല്‍, ഇതിന്റെ മറുവശം ഇവര്‍ മറക്കുന്നു. കേരളത്തിനു പുറമെ തെലങ്കാനയും പൊതുസോഫ്റ്റ്‌വെയര്‍ പദ്ധതിയില്‍ പങ്കാളിയായിട്ടില്ല. പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലൊക്കെ പൊതുസോഫ്റ്റ്‌വെയറിലെ അപാകങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലേടത്തു പ്രശ്‌നം കോടതികളിലെത്തി. മറ്റുചിലേടത്തു സഹകരണവകുപ്പിന്റെ അധികൃതര്‍ക്കു പരാതിയെത്തി. വേറേ ചിലേടങ്ങളില്‍ സഹകരണക്കൂട്ടായ്മകളില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു.

സംസ്ഥാനവിഷയമായ സഹകരണത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ഫെഡറലിസത്തിനു വിരുദ്ധം, സഹകരണസ്ഥാപനങ്ങളുടെ സ്വയംഭരണത്തിനു വിരുദ്ധം, സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള മൗലികാവകാശങ്ങളുടെ ലംഘനം, സംഘങ്ങളുടെ പണപ്പെട്ടിയില്‍ കേന്ദ്രത്തിന്റെ കണ്ണ്, പ്രാദേശികപ്രത്യേകതകള്‍ക്കു പരിഗണനയില്ല, പ്രാദേശിക സേവനദാതാക്കള്‍ക്കു പകരം കുത്തകകളെ സഹായിക്കുന്നു, സോഫ്റ്റ്‌വെയറിന്റെ തകരാറിനു ജീവനക്കാരെ ബലിയാടാക്കുന്നു, മതിയായ സാങ്കേതികപരിശീലനം നല്‍കാതെ നടപ്പാക്കുന്നു, ഇന്റര്‍നെറ്റില്ലാത്തപ്പോള്‍ വന്‍ബുദ്ധിമുട്ട്… ഇങ്ങനെ പോകുന്നു ആക്ഷേപങ്ങള്‍.

പൊതുസംരംഭ വിഭവാസൂത്രണ (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ് – ഇ.ആര്‍.പി) സോഫ്റ്റ്‌വെയറാണു കേന്ദ്രം നല്‍കുന്നത്. ഇതു കേന്ദ്ര സഹകരണമന്ത്രാലയത്താല്‍ ക്ലൗഡ് ഹോസ്റ്റഡും വി.പി.എന്‍. ലോക്ക്ഡും ആയതിനാല്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്ക് (പാക്‌സ്) തങ്ങളുടെ വിവരങ്ങളുടെ (ഡേറ്റ) മേല്‍ നിയന്ത്രണമില്ലാതാകുന്നു എന്നാണ് ഒരു പരാതി. ഇതു ഭരണഘടനയുടെ 19 (1) (സി) വകുപ്പ് പ്രദാനം ചെയ്യുന്ന സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം. ക്ലൗഡ് അധിഷ്ഠിതവും തങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്താന്‍ പറ്റാത്തതും തങ്ങള്‍ക്കു നിയന്ത്രണമില്ലാത്തതുമായ ഒരു സോഫ്റ്റ്‌വെയര്‍ അടിച്ചേല്‍പിക്കുകവഴി സഹകരണസ്ഥാപനങ്ങളെ സര്‍ക്കാരിനു കീഴിലുള്ള വെറുമൊരു വകുപ്പോ വിഭാഗമോ പോലെയാക്കി തരംതാഴ്ത്തുകയാണെന്നാണു വാദം. മൂന്നാം കക്ഷിയായ ഒരു സിസ്റ്റം ഇന്റഗ്രേറ്ററാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര ദേശീയക്ലൗഡില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന സോഫ്റ്റ്‌വെയര്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ സഹകരണസംഘങ്ങള്‍ക്കു തങ്ങളുടെ വിവരങ്ങളുടെ സംരക്ഷണപദവി (ഡേറ്റാ കസ്‌റ്റോഡിയന്‍ സ്റ്റാറ്റസ്) നഷ്ടപ്പെടുകയാണ്.

നിയമപരമായി സംഘത്തിനാണ് അംഗങ്ങളുടെ ഡേറ്റയുടെ ഉടമസ്ഥത. സര്‍വറിന്റെമേല്‍ പ്രാദേശികമായ ബാക്കപ്പും (ലോക്കല്‍ ബാക്കപ്പ്) നിയന്ത്രണവുമില്ലാത്ത സംഘംഭരണസമിതിക്കു കേന്ദ്രസംവിധാനം തകരാറിലാവുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താല്‍ അംഗങ്ങള്‍ക്കു കൃത്യമായി സേവനം നല്‍കാനുള്ള നിയമപരമായ കടമ നിര്‍വഹിക്കാന്‍ പറ്റാതെ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കേന്ദ്ര പൊതുസോഫ്റ്റ്‌വെയറിലൂടെ കേന്ദ്രസര്‍ക്കാരിനു തങ്ങളുടെ പണപ്പെട്ടിയിലേക്കു നോക്കാനുള്ള ഒരു ജാലകം തുറന്നുകിട്ടുകയാണെന്ന ആശങ്ക പല സംഘങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഓരോ സംഘത്തിന്റെയും കണക്കുകളിലേക്കു രേഖാപ്രാപ്യത ഇല്ലെന്നാണു കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ വാദം. എന്നാല്‍, ദൃശ്യപ്രാപ്യതയുണ്ട്. എം.ഐ.എസിലേക്കാണു (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ദൃശ്യപ്രാപ്യതയുള്ളത്. നയരൂപവത്കരണത്തിനും പി.എം. പ്രണാം പദ്ധതിയുടെയും മറ്റും മേല്‍നോട്ടത്തിനും എം.ഐ.എസ്. ഡേറ്റയില്‍ പ്രാപ്യത ആവശ്യമാണെന്നാണു കേന്ദ്രനിലപാട്. ഡേറ്റയില്‍ മാറ്റംവരുത്താനാവില്ലെങ്കിലും കാണാനും പ്രതികരിക്കാനും കേന്ദ്രത്തിനു കഴിയുമെന്നര്‍ഥം.

വിവരങ്ങളിലെ തകരാറുകള്‍ക്ക് ആരു സമാധാനം പറയുമെന്ന പ്രശ്‌നമുയര്‍ന്നു. പ്രധാനമായും രാജസ്ഥാനിലാണിതുയര്‍ന്നത്. അവിടെ ബില്‍വാര, ഉദയ്പൂര്‍ ജില്ലകളില്‍ പ്രശ്‌നങ്ങളുണ്ടായി. കണക്കിലെ പൊരുത്തക്കേടിനു പല പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം സെക്രട്ടറിമാര്‍ക്കും റിക്കവറി നോട്ടീസ് കൊടുത്തു. അവര്‍ ജില്ലാരജിസ്ട്രാര്‍മാര്‍ക്കു പരാതി കൊടുത്തു. തങ്ങള്‍ ക്രമക്കേടു നടത്തിയിട്ടില്ലെന്നും കണക്കിലെ വ്യത്യാസങ്ങള്‍ക്കു കാരണം സോഫ്റ്റ്‌വെയറിലെ അപാകങ്ങളോ ഡേറ്റാ മൈഗ്രേഷനില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളോ ആണെന്നുമാണ് അവര്‍ വാദിച്ചത്. പഴയവിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ സോഫ്റ്റ്‌വെയറിനു കൂട്ടുപലിശ കണക്കാക്കുന്നതില്‍ പിശകുണ്ടായെന്നും മറ്റും വാദമുയര്‍ന്നു. മിക്ക പരാതിയും ജില്ലാ രജിസ്ട്രാര്‍തലത്തില്‍ ഒത്തുതീര്‍പ്പാക്കപ്പെട്ടെങ്കിലും ഇത്തരം പരാതികളുണ്ടായി എന്നതു യാഥാര്‍ഥ്യമാണ്. പുതുതായി കമ്പ്യൂട്ടര്‍വത്കരിച്ച സംഘങ്ങളില്‍ കണക്കിലെ പൊരുത്തക്കേടുകള്‍ക്കു ജീവനക്കാരെ ഉത്തരവാദികളാക്കുംമുമ്പു സാങ്കേതികഓഡിറ്റിങ് നടത്തണമെന്ന നിര്‍ദേശങ്ങളുമുണ്ടായി.

മധ്യപ്രദേശിലുമുണ്ടായി സമാനപ്രശ്‌നം. ഓഡിറ്റില്‍ കൈകൊണ്ടെഴുതിയ ലെഡ്ജറുകളിലെയും മൈഗ്രേറ്റ് ചെയ്യപ്പെട്ട ഇ.ആര്‍.പി.യിലെയും വിവരങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടു. വകുപ്പുതല അന്വേഷണമായി. പലര്‍ക്കും റിക്കവറി നോട്ടീസായി. ‘സോഫ്റ്റ്‌വെയര്‍ തകരാര്‍’ ആണു കാരണം എന്നാണു മിക്കതിലും ജീവനക്കാരുടെ മറുപടി. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പലരും ഹര്‍ജി കൊടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡിലും ഇതേ സംഭവമുണ്ടായി.

കണക്കുകള്‍ ഒപ്പിക്കാനും ക്രമക്കേടുകള്‍ മൂടിവെക്കാനും പണ്ടു തിരുത്തിയതും ഇല്ലാത്ത അംഗങ്ങള്‍ ഉള്ളതായി കാണിച്ചതുമൊക്കെ പുതിയ സോഫ്റ്റ്‌വെയറിലും കടന്നുകൂടിയിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പഴയ ഫിസിക്കല്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പലപ്പോഴും പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാപിച്ച അന്നുമുതല്‍ എത്രയോ ദശാബ്ദങ്ങളോളം കൈകൊണ്ടെഴുതിയ രേഖകളുടെ അടിസ്ഥാനത്തിലാണു മിക്കവാറും, പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളില്‍, പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചത്. വടക്കേയിന്ത്യയില്‍ നഗരങ്ങളില്‍പോലും പ്രാഥമികസംഘങ്ങളില്‍ സൗകര്യങ്ങള്‍ തീരെ കുറവാണ്. കമ്പ്യൂട്ടര്‍വത്കരണം ഒട്ടും നടക്കാത്തവയും കുറവല്ല. പഴയ രേഖകളില്‍ പല കാര്യവും മിസ്സിങ് ആയിരിക്കും. മിസ്സിങ് ഫീല്‍ഡുകളും അപര്യാപ്തഫോര്‍മാറ്റിങ്ങും പുതിയ ഇ.ആര്‍.പി. ഫീല്‍ഡുകളുമായി പൊരുത്തപ്പെടുന്നില്ലെന്നു പരാതിയുണ്ട്.

പൊതുസോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാനും ഹാര്‍ഡ്‌വെയര്‍ ലഭ്യമാക്കാനുമായി സിസ്റ്റം ഇന്റഗ്രേറ്റര്‍മാരെയും വെണ്ടര്‍മാരെയും തിരഞ്ഞെടുക്കാനുള്ള ടെണ്ടര്‍നടപടികളും പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്. നടപടികളില്‍ സാങ്കേതികഅപാകങ്ങളാരോപിച്ചു ചില വെണ്ടര്‍മാര്‍ കോടതിയില്‍ പോയിട്ടുണ്ട്. വ്യവസ്ഥകള്‍ പ്രാദേശിക വെണ്ടര്‍മാര്‍ക്കു ദോഷകരവും ദേശീയതലത്തിലുള്ള വലിയ സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ക്ക് അനുകൂലവുമാണെന്ന് അവരുടെ പരാതികള്‍ സൂചിപ്പിക്കുന്നു. തങ്ങള്‍ അയോഗ്യരാക്കപ്പെടുകയും ഭീമന്മാര്‍ക്കു ടെണ്ടര്‍ ലഭിക്കുകയും ചെയ്യുന്നുവെന്നാണു അവരുടെ കുറ്റപ്പെടുത്തല്‍. പൊതുസോഫ്റ്റ്‌വെയര്‍ ഒരു അടഞ്ഞ സംവിധാനമാണെന്നു ചില പ്രാദേശിക ഹാര്‍ഡ്‌വെയര്‍ വെണ്ടര്‍മാര്‍ നല്‍കിയ പരാതികളില്‍ പറയുന്നു. പ്രത്യേകമായ വി.പി.എന്നും ( വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ) ബയോമെട്രിക് നിബന്ധനകളുമാണ് ഇതിനെ അടഞ്ഞ സംവിധാനമാക്കുന്നതെന്നും ഇതൊക്കെ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നുമാണു പ്രാദേശിക സേവനദാതാക്കളുടെ വിമര്‍ശനം.

കേന്ദ്ര ഇ.ആര്‍.പി.യെ ഉള്‍പ്പെടുത്താന്‍ പറ്റിയവിധം പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ നിയമാവലി മാറ്റണമെന്നു സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചതും ചോദ്യം ചെയ്യപ്പെട്ടു. ജാര്‍ഖണ്ഡിലും രാജസ്ഥാനിലുമാണിങ്ങനെ സംഭവിച്ചത്. നിയമാവലി ഭേദഗതി ചെയ്യിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണു വാദം. വിവിധ ഹര്‍ജികളില്‍ ഉന്നയിച്ച മറ്റു വാദങ്ങള്‍: 1. പൊതുസോഫ്റ്റ്‌വെയര്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ സ്വയംഭരണ പരമാധികാരസ്ഥാപനമെന്ന നിലയില്‍നിന്നു ജില്ലാ കേന്ദ്രസഹകരണബാങ്കുകളുടെ (ഡി.സി.സി.ബി) വിവരദാനശാഖ (ഡേറ്റാ ഫീഡിങ് ബ്രാഞ്ച്) മാത്രമായി തരംതാഴ്ത്തുന്നു. 2. ഇതുവഴി കേന്ദ്ര പൊതുസോഫ്റ്റ്‌വെയര്‍ സഹകരണസംഘത്തിന്റെ അടിസ്ഥാനസ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നു. 3. സിസ്റ്റം ജനറേറ്റഡായ അക്കൗണ്ടിങ് തകരാറുകള്‍ക്കു ജീവനക്കാര്‍ കുറ്റക്കാരാക്കപ്പെടുന്നു. 4. വിവരനിയന്ത്രകരുടെയും (ഡേറ്റാ കണ്‍ട്രോളര്‍) വിവര സംസ്‌കരണ നിര്‍വാഹകരുടെയും (ഡേറ്റാ പ്രോസസര്‍) ചുമതലകള്‍ തമ്മില്‍ വ്യക്തമായ വേര്‍തിരിവില്ല. 5. ടെണ്ടര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നു. 6. സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍മൂലം സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍ക്കു ഗോ-ലൈവ് സമയപരിധികള്‍ പാലിക്കാനാവുന്നില്ല. 7. തകരാറുണ്ടായാല്‍ തീര്‍ക്കാന്‍ പ്രാദേശിക സേവനദാതാക്കളുടെ ലഭ്യത ഉറപ്പാക്കുന്നില്ല. 8. പ്രാഥമിക സഹകരണസംഘങ്ങളുടെ മേല്‍ ഈ സാങ്കേതികവിദ്യ മുകളില്‍നിന്ന് അടിച്ചേല്‍പിക്കുന്നു. ഇതൊക്കെയാണ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍

. 2023-24 ല്‍ രാജസ്ഥാന്‍ സംസ്ഥാനസഹകരണബാങ്ക് (ആര്‍.എസ്.സി.ബി) ടെണ്ടറില്‍ തങ്ങള്‍ക്കു താത്പര്യമുള്ള വിവരസാങ്കേതികവിദ്യാക്കമ്പനികളെ സഹായിച്ചെന്ന് ആരോപണം വന്നു. ആര്‍.എസ്.സി.ബി.യാണു നോഡല്‍ ഏജന്‍സി. ആര്‍.എസ.്‌സി.ബി.ക്കു താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കുവേണ്ടി മൂന്നുപ്രാവശ്യം ടെണ്ടര്‍ റദ്ദാക്കിയെന്നാണ് ആരോപണം. പി.സി.കളും ബയോമെട്രിക് സംവിധാനങ്ങളും യു.പി.എസുകളും അടക്കമുള്ള കമ്പ്യൂട്ടര്‍വത്കരണ സംവിധാനങ്ങള്‍ക്കായുള്ള ടെണ്ടറുകളുടെ കാര്യമാണിത്. ആര്‍.എസ്.സി.ബി. മാനേജിങ് ഡയറക്ടര്‍ ഭോമാറാമിനു ഇതില്‍ പങ്കുണ്ടെന്നും വാര്‍ത്ത വന്നു. ടെണ്ടര്‍ റദ്ദാക്കല്‍ ആസൂത്രിതമല്ലെന്ന് അദ്ദേഹത്തിനു വിശദീകരിക്കേണ്ടിവന്നു. സാങ്കേതികകാരണങ്ങളാലാണു ടെണ്ടര്‍ റദ്ദാക്കിയതെന്നും കമ്പ്യൂട്ടര്‍വത്കരണക്കരാര്‍ കൊടുത്തതു പ്രശ്‌സതമായ കമ്പനിക്കാണെന്നും അദ്ദേഹം ന്യായീകരിച്ചു. എന്തായാലും, ഭേദഗതികളോടെ മൂന്നു തവണ ജെം പോര്‍ട്ടലില്‍ ടെണ്ടര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

സംഘങ്ങളുടെ പ്രാദേശികനിയന്ത്രണാധികാരം കുറയുമെന്ന പരാതിയും വ്യവഹാരത്തിനു കാരണമായി. കേന്ദ്രത്തിന്റെ മാതൃകാനിയമാവലി ആദ്യം നടപ്പാക്കാന്‍ തീരുമാനിച്ചതു രാജസ്ഥാനാണ്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികളിലെ വാദങ്ങള്‍ ഇതൊക്കെയാണ്: 1. ഇതു സംഘങ്ങളുടെ നിയന്ത്രണാധികാരം കുറയ്ക്കുന്നു. 2. പൊതുഇ.ആര്‍.പി. സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. 3. സോഫ്റ്റ്‌വെയര്‍ വെണ്ടറെ തിരഞ്ഞെടുക്കാനുള്ള സംഘത്തിന്റെ അവകാശം ഹനിക്കുന്നു. 4. പ്രാദേശികമായി ലഭ്യമായ സേവനദാതാക്കളെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നു മാത്രമല്ല പി.സി.കളും ബയോമെട്രിക് സംവിധാനങ്ങളുംപോലുള്ള ഹാര്‍ഡ്‌വെയറുകള്‍ ജില്ലാ കേന്ദ്രസഹകരണബാങ്കുകള്‍വഴി പണം നല്‍കി അവര്‍ നിശ്ചയിക്കുന്നവരില്‍നിന്നു വാങ്ങേണ്ടിവരുന്നു. 5. ഇവ ലഭ്യമാക്കിയതാകട്ടെ പ്രാദേശികമായല്ല, കേന്ദ്രീകൃത ടെണ്ടര്‍വഴിയാണ്. 6. കേന്ദ്രീകൃത ടെണ്ടര്‍വഴി കിട്ടിയ പല ഹാര്‍ഡ്‌വെയറിനും സാങ്കേതികത്തകരാറുകളുണ്ടായിരുന്നു. 7. അമിതവില വാങ്ങി. 8. ഹാര്‍ഡ്‌വെയര്‍ വി.പി.എന്‍. ലോക്ക്ഡ് ആയതുകൊണ്ടു പ്രാദേശികസംഘങ്ങള്‍ നല്‍കുന്ന പല വ്യത്യസ്തസേവനങ്ങള്‍ക്കും ഈ പി.സി.കള്‍ ഉപയോഗിക്കാനാകാതെ വരികയും ഇ-മിത്ര പോലുള്ള സേവനങ്ങള്‍ക്കു തടസ്സമുണ്ടാവുകയും ചെയ്തു. 9. വലിയ വില കൊടുത്തു വാങ്ങിയ ഈ സംവിധാനങ്ങള്‍ നിര്‍ദിഷ്ട ഉപയോഗത്തിനല്ലാതെ മറ്റുപയോഗങ്ങള്‍ക്കു പറ്റാത്ത സിംഗിള്‍-യൂസ് ടെര്‍മിനലുകളായി മാറി. 10. മറ്റുപയോഗങ്ങള്‍ക്കു വേണ്ടകാര്യങ്ങള്‍ അവയില്‍ സാങ്കേതികമായി ഘടിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നു.

ജാര്‍ഖണ്ഡില്‍ വ്യാപകാതിര്‍ത്തിയുടെ പ്രശ്‌നവും ഉയര്‍ന്നു. ഗോത്രമേഖലയിലാണിത്. ഒഡിഷയിലും സമാനപ്രശ്‌നമുണ്ടായി. ജാര്‍ഖണ്ഡിലെ ടുണ്ടി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം ഹര്‍ജി കൊടുത്തു. പൊതുസോഫ്റ്റ്‌വെയര്‍ നടപ്പാക്കാനായി അതിനു പറ്റിയ വിധത്തില്‍ സംഘങ്ങള്‍ നിയമാവലി ഭേദഗതി ചെയ്യണമെന്നു രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയതിനെയാണു ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. ജാര്‍ഖണ്ഡ് സഹകരണനിയമപ്രകാരം ഇങ്ങനെ ആവശ്യപ്പെടാന്‍ രജിസ്ട്രാര്‍ക്കു കഴിയും. പൊതുഇ.ആര്‍.പി. സോഫ്റ്റ്‌വെയര്‍ ഗ്രാമപ്പഞ്ചായത്തുതല മാതൃകയിലാണു തയ്യാറാക്കിയിരിക്കുന്നതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഒരു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രാതിര്‍ത്തിയില്‍ ഒരു സംഘം എന്ന നിലയിലാണു സോഫ്റ്റ്‌വെയറിലെ രൂപകല്‍പന. പണ്ടേയുള്ള പല വലിയ സംഘങ്ങളെയും പഞ്ചായത്തുകള്‍ പ്രവര്‍ത്തനപരിധിയാക്കുന്നവിധം നിര്‍ബന്ധമായി വിഭജിക്കുന്നു എന്നു ഹര്‍ജിയില്‍ പരാതിപ്പെട്ടു. സോഫ്റ്റ്‌വെയറിനു വഴക്കമില്ലെന്നും തങ്ങളുടെ സമ്മതമില്ലാതെ ചരിത്രപരമായ പ്രവര്‍ത്തനപരിധി ലംഘിക്കുന്നു എന്നുമായിരുന്നു മറ്റു പരാതികള്‍. ജാര്‍ഖണ്ഡിലെ നിരവധി പഴയ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ നാലഞ്ചു പഞ്ചായത്തുകളുള്ള വലിയ പ്രദേശങ്ങളിലായുള്ള ബഹുമുഖ വായ്പാ സഹകരണസംഘങ്ങളാണ് (ലാര്‍ജ് ഏരിയാ മള്‍ട്ടിപ്പിള്‍ ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ്-എല്‍.എ.എം.പി.എസ്).

രജിസ്ട്രാറുടെ അധികാരം അംഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നല്‍കിയിട്ടുള്ളതാണെന്നും അല്ലാതെ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ദാതാവിന്റെയോ കേന്ദ്രസര്‍ക്കാര്‍പദ്ധതിയുടെയോ സൗകര്യംപോലെ മാറ്റാന്‍വേണ്ടി നല്‍കിയിട്ടുള്ളതല്ലെന്നും ടുണ്ടി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘം വാദിച്ചു. ഇതൊരുതരം സോഫ്റ്റ്‌വെയര്‍ ബലപ്രയോഗത്തിലൂടെയുള്ള നിര്‍ബന്ധിത പുന:സംഘടനയാണെന്നും വാദിക്കപ്പെട്ടു. ഇ.ആര്‍.പി.യുമായി സാങ്കേതികപ്പൊരുത്തം വരുത്താനാണെന്ന ന്യായീകരണം സംഘത്തിന്റെയും അംഗങ്ങളുടെയും പ്രവര്‍ത്തനപരിധിയില്‍ മാറ്റം വരുത്തല്‍ നിര്‍ബന്ധിതമാക്കാന്‍ നിയമപരമായി മതിയായ കാരണമല്ലെന്നും ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടര്‍വത്കരണം നയപരമായ ലക്ഷ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി അതേസമയം സോഫ്റ്റ്‌വെയറിലെ പരിമിതികള്‍ നിയമപ്രകാരമുള്ള ലിക്വിഡേഷന്‍നടപടികളും ലയനനടപടികളും പാലിക്കാതെ നിലവിലുള്ള സഹകരണസംഘങ്ങളെയും സഹകാരികളെയും ബലംപ്രയോഗിച്ച് ഒഴിവാക്കാനുള്ള കാരണമാക്കാനാവില്ലെന്നു വ്യക്തമാക്കി. എന്തായാലും, നിയമയുദ്ധത്തിനും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണെങ്കിലും ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍നിന്ന് (നബാര്‍ഡ്) നടപടിയുണ്ടായി. അംഗത്വവിവരങ്ങള്‍ ബന്ധപ്പെട്ട ഗ്രാമങ്ങളുമായി കൃത്യമായി ജിയോകോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ സംഘങ്ങളെ വിഭജിക്കാതെ ഉള്‍ക്കൊള്ളാന്‍ വേണ്ടമാറ്റം സോഫ്റ്റ്‌വെയറില്‍ വരുത്താന്‍ നബാര്‍ഡ് തയ്യാറായിട്ടുണ്ട്.

സോഫ്റ്റ്‌വെയറിന്റെ പ്രാപ്യതാഘടകങ്ങളും (ഡയറക്ട് ആക്‌സസ് ഫീച്ചേഴ്‌സ്) വിമര്‍ശിക്കപ്പെടുന്നുണ്ട്. പ്രാദേശിക സഹകരണസംഘങ്ങളുടെയൊക്കെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കാണാന്‍ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ എല്ലാ വിവരവും കേന്ദ്രസര്‍ക്കാരിനു കാണാന്‍ കഴിയുംവിധം വിവരസ്വകാര്യത ലംഘിക്കപ്പെടുന്ന ഒരു സംവിധാനം നടപ്പാക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ വൈരുധ്യം പല സംഘങ്ങളും ചൂണ്ടിക്കാട്ടുന്നു.

പലേടത്തും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ നേരത്തേ ഭാഗികമായി കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടിരുന്നു. അതിനുശേഷമാണു കേന്ദ്ര പൊതുസോഫ്റ്റ്‌വെയര്‍ ഓപ്ഷന്‍ വന്നത്. അവയില്‍ നിലവിലുള്ള സംവിധാനവും പൊതുസോഫ്റ്റ്‌വെയറിലെ ബയോമെട്രിക്കാര്യങ്ങളും വി.പി.എന്‍. ആവശ്യകതകളും ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കര്‍ണാടകത്തില്‍ നിരവധി പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ നേരത്തേതന്നെ പ്രാദേശിക സോഫ്റ്റ്‌വെയര്‍ദാതാക്കളെക്കൊണ്ടു കാര്യങ്ങള്‍ ഡിജിറ്റൈസ് ചെയ്യിച്ചിരുന്നു.

പ്രാദേശികമായ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യകതകള്‍ക്കും ഉതകുന്നവിധത്തില്‍ തയ്യാറാക്കിയ ഇവ ഉപേക്ഷിച്ചു പൊതുഇ.ആര്‍.പി. സ്വീകരിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്ന ചില സൗകര്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന പരാതി കര്‍ണാടകത്തിലുമുണ്ട്. ഇതു പ്രധാനമായും സ്വര്‍ണപ്പണയ മൊഡ്യൂളുകളുടെ കാര്യത്തിലാണ്. ഈ മൊഡ്യൂളുകള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രസോഫ്റ്റ്‌വെയറില്‍ അതില്ല. ചില സംഘങ്ങള്‍ രജിസ്ട്രാറോടു പരാതി പറഞ്ഞിട്ടുണ്ട്. ഹാര്‍ഡ്‌വെയറിന്റെ കേന്ദ്രീകൃതവാങ്ങല്‍ തങ്ങളുടെ ബിസിനസിനു പ്രതികൂലമാവുംവിധം ദേശീയതലത്തില്‍ സ്വാധീനവും പ്രവര്‍ത്തനവുമുള്ള വന്‍കിട കുത്തകകള്‍ക്കനുകൂലമാണെന്ന ആക്ഷേപം കര്‍ണാടകത്തിലെ പ്രാദേശിക സേവനദാതാക്കള്‍ക്കുമുണ്ട്. വന്‍കിടക്കാര്‍ നല്‍കുന്ന ലോക്ക്ഡ് ഹാര്‍ഡ്‌വെയറുകള്‍ തകരാറിലായാല്‍ പ്രാദേശികമായി നന്നാക്കാന്‍ പ്രയാസമാണെന്ന് ഇവര്‍ പറയുന്നു.

സ്വര്‍ണപ്പണയവായ്പയുടെ പലിശ കണക്കാക്കാനും മറ്റുമുള്ള സങ്കീര്‍ണ സാങ്കേതികഘടകങ്ങള്‍ തമിഴ്‌നാട്ടിലെ പല പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ദേശീയഇ.ആര്‍.പി. അതില്‍ ബുദ്ധിമുട്ടുണ്ടാക്കി. പല സംഘങ്ങളും പരാതി കൊടുത്തു. കേന്ദ്രസോഫ്റ്റ്‌വെയറിന്റെ എല്ലാത്തിനും ഏകരീതി (വണ്‍ സൈസ് ഫിറ്റ്‌സ് ആള്‍) എന്ന യുക്തി തമിഴ്‌നാടിന്റെ തനതു വായ്പാമാതൃകകളുമായി ചേരുന്നില്ലെന്നാണ് ആക്ഷേപം.

ആന്ധ്രപ്രദേശിനു സ്വന്തം ആര്‍.ബി.കെ. (റ്യുത്തു ഭരോസ കേന്ദ്ര) സംവിധാനമുണ്ട്. കര്‍ഷകര്‍ക്കു വിത്തുംവളവും കൊടുക്കുന്നതു മുതല്‍ വിളവെടുപ്പു കഴിഞ്ഞു വിളസംഭരണം വരെയുള്ള കാര്യങ്ങള്‍ക്കുള്ള ഈ ഏകകേന്ദ്രസംവിധാനം പതിനായിരത്തില്‍പരം ഗ്രാമങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. വൈ.എസ.്ആര്‍.ആപ്പ്, സി.എം.ആപ്പ് പോലുള്ളവയിലൂടെ നിരീക്ഷണവുമുണ്ട്. സഹകരണസംഘങ്ങളിലൂടെ വിളഇന്‍ഷുറന്‍സും പലിശയില്ലാവായ്പയും കൊടുക്കാന്‍ ഇ-ക്രോപ്പ് ബുക്കിങ്ങുണ്ട്. ആന്ധ്രയുടെ പ്രത്യേകതകള്‍ക്കിണങ്ങുന്ന ആര്‍.ബി.കെ. മൊഡ്യൂളുകളും പൊതുസോഫ്റ്റ്‌വെയറുമായി ഇണക്കിച്ചേര്‍ക്കാന്‍ ഏറെ സാങ്കേതിക സമരഞ്ജനങ്ങള്‍ (ടെക്‌നിക്കല്‍ അലൈന്‍മെന്റ്്) വേണം. പഴയരേഖകള്‍ കൈകൊണ്ടെഴുതിയ ലെഡ്ജറുകളിലോ സംസ്ഥാനത്തിന്റെതായ പഴയ ഡേറ്റാബേസിലോ ആണുള്ളത്. ഇവ പരിവര്‍ത്തിപ്പിച്ചു പുതിയ ഇ.ആര്‍.പി.യിലേക്കു ചേര്‍ക്കുമ്പോള്‍ ഡേറ്റയുടെ ഗുണനിലവാരപ്രശ്‌നങ്ങള്‍ നേരിടുന്നു.

സഹകരണസ്ഥാപനങ്ങളുടെ ജില്ലാവേദികളില്‍ പല സംഘങ്ങളും ഇത് ഉന്നയിച്ചിട്ടുണ്ട്. കേസുകൊടുക്കാനും ആലോചനയുണ്ട്. ആന്ധ്രയില്‍ ദേശീയഇ.ആര്‍.പി. നടപ്പാക്കുമ്പോള്‍ പ്രാഥമിക സഹകരണസംഘംജീവനക്കാരെമാത്രമല്ല ആര്‍.ബി.കെ. ജീവനക്കാരെയും ശരിക്കു പരിശീലിപ്പിക്കേണ്ട സ്ഥിതിയുണ്ട്.

നേരത്തേതന്നെ സ്വന്തം പാക്‌സ് കമ്പ്യൂട്ടര്‍വത്കരണപദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നതാണു തെലങ്കാന പൊതുസോഫ്റ്റ്‌വെയര്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം. 830 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ തെലങ്കാനയുടെ സ്വന്തം കമ്പ്യൂട്ടര്‍വത്കരണപദ്ധതിയുടെ ഭാഗമാണെന്നു കേന്ദ്ര സഹകരണമന്ത്രി അമിത്ഷാ മുമ്പ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 43.36 കോടി രൂപ ചെലവിലാണ് അതു നടപ്പാക്കിയത്. നബാര്‍ഡിന്റെ അഞ്ചു കോടി രൂപയുടെ ഗ്രാന്റോടെ നടപ്പാക്കിയ പദ്ധതിയുടെ നോഡല്‍ ഏജന്‍സി തെലങ്കാന സംസ്ഥാന സഹകരണ അപെക്‌സ് ബാങ്കാണ്. നെല്ലുസംഭരണവും വളംവിതരണവുമടക്കം ആയിരക്കണക്കിനു കോടികളുടെ വിറ്റുവരവുള്ള വലിയ വായ്‌പേതര ബിസിനസ് കൈകാര്യം ചെയ്യാന്‍ തക്കവിധം സംസ്ഥാനത്തിന്റെ തനതുപ്രത്യേകതകളും ഭരണപരമായ സൗകര്യങ്ങളും കണക്കിലെടുത്തുള്ള സ്വന്തം സോഫ്റ്റ്‌വെയര്‍ തങ്ങള്‍ക്കുണ്ടെന്നാണു തെലങ്കാനസര്‍ക്കാരിന്റെ വാദം.

പശ്ചിമബംഗാളില്‍ കേന്ദ്രസര്‍ക്കാരുമായുള്ള രാഷ്ട്രീയഉരസലടക്കം പ്രതിഫലിക്കുന്നു. പൊതുസോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ അംഗീകാരം ലഭിച്ച 4187 പ്രാഥമിക സഹകരണസംഘങ്ങളില്‍ 3384 എണ്ണത്തിലും നടപ്പാക്കിയെങ്കിലും അതിന്റെ നാലാംഘട്ടമായ ഗോ-ലൈവിലേക്കു കടന്നവ 3145 ആണ്. ഹാര്‍ഡ്‌വെയര്‍ എത്തിക്കലും ഉള്‍നാടന്‍ വിദൂരജില്ലകളില്‍ അവ സ്ഥാപിക്കലും വൈകുന്നുണ്ട്. ഡേറ്റയുടെ മേലുള്ള സംസ്ഥാനനിയന്ത്രണം നഷ്ടപ്പെടുകയും കേന്ദ്രനിയന്ത്രണംവരികയും ചെയ്യുമെന്ന ആശങ്ക ബംഗാള്‍സര്‍ക്കാരിനുണ്ട്.

മേല്‍പറഞ്ഞവ കൂടാതെ പൊതുസോഫ്റ്റ്‌വെയര്‍ നടപ്പാക്കിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ താഴെ പറയുന്നു.

  1. പോര്‍ട്ടിങ് പ്രശ്‌നങ്ങള്‍: വന്‍തോതില്‍ പഴയഡേറ്റ ക്ലൗഡ്അധിഷ്ഠിതമായ ദേശീയതല പാക്‌സ് സോഫ്റ്റുവെയറിലേക്ക് (എന്‍.എല്‍.പി.എസ്) പോര്‍ട്ടു ചെയ്യുമ്പോള്‍ ഗോ-ലൈവ് ഘട്ടത്തില്‍ അക്കൗണ്ടുകളുടെ മിസ്മാച്ച് സംഭവിക്കുന്നു.
  2. ഇന്റര്‍നെറ്റ് കുറവ്: സോഫ്റ്റ്‌വെയറുകള്‍ ഓണ്‍ലൈനായി വെബ്അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്റര്‍നെറ്റ് ഇല്ലാതെ വരുന്നതും വൈകുന്നതും സാവധാനത്തിലാകുന്നതും തത്‌സമയ (റിയല്‍ ടൈം) ഇടപാടുകള്‍ ബുദ്ധിമുട്ടിലാക്കും. കര്‍ഷകര്‍ക്കു സേവനങ്ങള്‍ കിട്ടാന്‍ വൈകും. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പുസെക്രട്ടറിയും കേന്ദ്ര സഹകരണവകുപ്പുസെക്രട്ടറിയും സഹകരണമന്ത്രാലയത്തിന്റെ ഒരു പ്ലീനറി സെഷനില്‍ അവതരിപ്പിച്ച ഒരു രേഖയില്‍ പാക്‌സുകളുടെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയതില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങരുതെന്നു പറയുന്നുണ്ട്. (ദുര്‍ബലമായ അടിസ്ഥാനസൗകര്യം, പ്രാവീണ്യക്കുറവ്, പൊരുത്തപ്പെടാനുള്ള കഴിവുകുറവ്, പലപ്പോഴും അപൂര്‍ണവും തുടര്‍ച്ചയില്ലാത്തതുമായ കണക്കുകളും രേഖകളും, ബിസിനസ്പ്ലാനുകള്‍ തയ്യാറാക്കാനും പുത്തന്‍ സാങ്കേതികവിദ്യ സ്വീകരിക്കാനും വേണ്ട വൈദഗ്ധ്യക്കുറവ് എന്നിവയാണ് അതില്‍ ചൂണ്ടിക്കാട്ടിയ മറ്റു കാര്യങ്ങള്‍). ഉള്‍നാടന്‍ പാക്‌സുകളില്‍ കേന്ദ്രസര്‍വറുമായുള്ള കണക്ടിവിറ്റിപ്രശ്‌നം പതിവാണ്. അപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഓഫ്‌ലൈന്‍ മോഡിലായിരിക്കും. ഡേറ്റ പിന്നീട് അതിലേക്കു ചേര്‍ക്കുകയാണു ചെയ്യുക. ആ ഡേറ്റ കേന്ദ്രസര്‍വറിലേക്കു സിങ്ക് ചെയ്യുമ്പോള്‍ ഇരട്ടഎന്‍ട്രികളോ ഘര്‍ഷണമോ (ഡേറ്റാ കൊളീഷന്‍) പറ്റാറുണ്ട്. ഇങ്ങനെ ഡേറ്റ ചേര്‍ക്കാന്‍ വൈകുമ്പോള്‍ കണക്കുപിഴ വരുത്തിയാല്‍ കേന്ദ്ര മോണിറ്ററിങ് സിസ്റ്റത്തിനു പെട്ടെന്നു കണ്ടുപിടിക്കാനാവില്ല. ഇന്റര്‍നെറ്റ് തീരെ കുറഞ്ഞയിടങ്ങളില്‍ ഹൈബ്രിഡ് സിങ്ക് പ്രോട്ടോകോള്‍ പാലിക്കണമെന്നു നിര്‍ദേശം വന്നിട്ടുണ്ട്. ഇവിടെ വിവരം വി.പി.എന്‍.സുരക്ഷിതമായ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ പ്രാദേശികമായി എടുക്കുകയും സിസ്റ്റം ഒരു സിങ്ക് ടോക്കണ്‍ ജനറേറ്റ് ചെയ്യുകയും ചെയ്യും. എന്‍ക്രിപ്റ്റ് ചെയ്ത പാക്കറ്റ് സെക്രട്ടറി 24 മണിക്കൂറിനകം നെറ്റ്‌വര്‍ക്ക് ഉള്ളിടത്തുപോയി അപ്‌ലോഡ് ചെയ്യണം. അങ്ങനെ കേന്ദ്ര ഡേറ്റബേസില്‍ കാര്യങ്ങള്‍ ദിവസവും ഏറ്റവും പുതിയ വിവരങ്ങള്‍ ചേര്‍ത്തെന്ന് ഉറപ്പാക്കണം. ഇങ്ങനെയൊക്കെയാണു മാര്‍ഗനിര്‍ദേശങ്ങള്‍.
  3. കെ.വൈ.സി. ( ഇടപാടുകാരെ അറിയുക ) ദുരുപയോഗവും ക്രോസ് റഫറന്‍സിങ് പ്രശ്‌നവും: സോഫ്റ്റ്‌വെയറിന് ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെങ്കിലും അവയുടെ പിന്നിലെ ഉദ്ദേശ്യം കണ്ടുപിടിക്കാനാവില്ല. ക്രമക്കേടു കാട്ടുന്നവര്‍ വായ്പകള്‍ക്കായി, സംശയിക്കാനിടയില്ലാത്ത കര്‍ഷകരുടെ കെ.വൈ.സി. രേഖകള്‍ ഉപയോഗിക്കാറുണ്ട്. സോഫ്റ്റ്‌വെയറിനെ സംബന്ധിച്ചിടത്തോളം അവ യഥാര്‍ഥഅംഗം നടത്തുന്ന സാധുവായ ഇടപാടായിരിക്കും. പക്ഷേ, പണം എത്തുന്നത് ആ അംഗത്തിന്റെ കൈയിലായിരിക്കില്ല. തന്റെ പേരില്‍ വായ്പയെടുത്തത് അദ്ദേഹം അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. ഭൂമിഈടുവായ്പയുടെയും മറ്റും കാര്യത്തില്‍ സര്‍ക്കാരിന്റെ ഭൂരേഖാവിവരങ്ങളുമായി ഒത്തുനോക്കി കൃത്യത ഉറപ്പാക്കാനുള്ള സംവിധാനം സോഫ്റ്റ്‌വെയറിലില്ലെങ്കില്‍ ഇല്ലാത്ത ഭൂമി ഉണ്ടെന്നു കാട്ടി വായ്പയെടുക്കപ്പെടാം. ചേര്‍ത്ത വിവരങ്ങള്‍ 2025 അവസാനം മുതല്‍ സിസ്റ്റംഅധിഷ്ഠിതമായ ഓഡിറ്റിനു സ്വാഭാവികമായി വിധേയമാകുന്നതുകൊണ്ട് അംഗമല്ലാത്തയാള്‍ക്കു വായ്പ കൊടുക്കുകയോ മറ്റോ ചെയ്താല്‍ സാങ്കേതികത്തകരാര്‍ കാട്ടുമെങ്കിലും കൈ.വൈ.സി. ദുരുപയോഗത്തിന്റെ കാര്യം വ്യത്യസ്തമാണ്.
  4. ആര്‍.ബി.എ.സി. മറികടക്കല്‍: ഓരോ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ലോഗിന്‍ അഥവാ ചുമതലാധിഷ്ഠിതപ്രാപ്യത (റോള്‍ ബേസ്ഡ് ആക്‌സസ് കണ്‍ട്രോള്‍ – ആര്‍.ബി.എ.സി)യാണു പൊതുസോഫ്റ്റ്‌വെയറിനുള്ളത്. പല സംഘങ്ങളിലും സൗകര്യത്തിനുവേണ്ടി ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കുവയ്ക്കാറുണ്ട്. കാര്യം നടക്കാന്‍ പരസ്പരവിശ്വാസംവച്ചു ചെയ്യുന്നതാണ്. പക്ഷേ, ക്രമക്കേടുണ്ടായാല്‍ വ്യക്തിപരമായി ആരാണുത്തരവാദിയെന്നു കണ്ടെത്താന്‍ പ്രയാസമാവും. വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ തങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചവര്‍ തങ്ങള്‍ ചെയ്യാത്ത ക്രമക്കേടിന് ഉത്തരവാദികളാവാം.
  5. സമ്മര്‍ദം: സോഫ്റ്റ്‌വെയറിനു റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യാനാവുമെങ്കിലും അതു വ്യാഖ്യാനിക്കുന്നത് ഓഡിറ്റര്‍മാരാണ്. അവര്‍ക്കു പലപ്പോഴും രാഷ്ട്രീയവും മറ്റുമായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടിവരാം. അങ്ങനെ, റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന ന്യൂനതകള്‍ പരിഹരിക്കപ്പെടാതെപോകാം.
  6. സുരക്ഷയും മുന്നറിയിപ്പും: ബയോമെട്രിക് സംവിധാനങ്ങളും മറ്റുമാണു സുരക്ഷക്കുള്ളത്. ഇവ ഹാര്‍ഡ്‌വെയര്‍ തകരാറുകളിലും ഒ.എസ്സിനും ഹാര്‍ഡ്‌വെയറിനും ഇടയ്ക്കുണ്ടാകുന്ന ഡ്രൈവര്‍പ്രശ്‌നങ്ങളിലുംനിന്നു മുക്തമല്ലെന്നും യൂസര്‍മാരെ പലപ്പോഴും സിസ്റ്റത്തില്‍നിന്നു ലോക്കൗട്ട് ആക്കുന്നുവെന്നും പരാതിയുണ്ട്. യഥാസമയം ജാഗ്രതാമുന്നറിയിപ്പു നല്‍കാനുള്ള സംവിധാനം കേന്ദ്രപൊതുസോഫ്റ്റ്‌വെയറിലുണ്ടോ എന്നതും പ്രശ്‌നമാണ്. ഓഡിറ്റ് ട്രെയിലും ഓണ്‍സിസ്റ്റം ഓഡിറ്റുമുണ്ടെന്നും നബാര്‍ഡ് സൈബര്‍സുരക്ഷ-വിവരസാങ്കേതികവിദ്യാ പരിശാധനാവിലയിരുത്തല്‍ യൂണിറ്റ് (സി.എസ.്‌ഐ.റ്റി.ഇ) ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയാമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയുടെ ആവശ്യമുണ്ട്. പ്രധാനമായും രേഖകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളാണു കേന്ദ്രപൊതുസോഫ്റ്റ്‌വെയറിലുള്ളത്. ക്രമക്കേടിനു സാധ്യതയുള്ളതരം അസാധാരണഇടപാടുകളെപ്പറ്റിയും മറ്റും മുന്നറിയിപ്പു നല്‍കുന്ന സംവിധാനങ്ങള്‍ ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ.് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കില്‍ റിസര്‍വ് ബാങ്കിന്റെ ബൃഹദ്‌നിര്‍ദേശങ്ങളുണ്ട്. സഹകരണബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ മ്യൂള്‍അക്കൗണ്ട് ഹണ്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രത്യേകമായി ഘടിപ്പിക്കേണ്ടതു സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമാണെന്നു കേന്ദ്ര സഹകരണമന്ത്രികൂടിയായ ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
  7. ജില്ലാബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍പ്രശ്‌നം: പാക്‌സുകളുടെ വിവരങ്ങള്‍ ജില്ലാതലത്തിലും കേന്ദ്രതലത്തിലും കാണാനാവുമെന്നതു ഡേറ്റാസ്വകാര്യതയുടെ ലംഘനമാവാമെന്നിരിക്കെത്തന്നെ, പാക്‌സുകളെ ജില്ലാകേന്ദ്ര സഹകരണബാങ്കുകളുമായും (ഡി.സി.സി.ബി) സംസ്ഥാന സഹകരണബാങ്കുകളുമായും ഘടിപ്പിക്കുകയാണു പൊതുസോഫ്റ്റ്‌വെയറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍, ഡി.സി.സി.ബി.കള്‍ക്കു പൊതുസോഫ്റ്റ്‌വെയര്‍ നടപ്പാക്കപ്പെട്ടിട്ടില്ല. പല ഡി.സി.സി.ബി.കളും വ്യത്യസ്തങ്ങളായ കോര്‍ബാങ്കിങ് സോഫ്റ്റ്‌വെയറുകളാണ് (സി.ബി.എസ്) ഉപയോഗിക്കുന്നത്. പാക്‌സുകള്‍ക്കു പൊതുവായി നടപ്പാക്കുന്ന ദേശീയഇ.ആര്‍.പി.യും വ്യത്യസ്തങ്ങളായ ഈ സി.ബി.എസുകളും തമ്മിലുള്ള പരസ്പരസംയോജനം സാങ്കേതികപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഡി.സി.സി.ബി.കളോടും സി.ബി.എസിനോടുമുള്ള സാങ്കേതികരഞ്ജനപ്പിഴവുകള്‍ വായ്പകളുടെ റീഫൈനാന്‍സിങ് വൈകാനിടയാക്കും.
  1. യൂസര്‍ ഇന്റര്‍ഫേസും പ്രാദേശികഭാഷയും: പാക്‌സുകള്‍ ചെയ്യുന്ന വിവിധകാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇ.ആര്‍.പി. എന്നാല്‍, ഒറ്റലെഡ്ജറില്‍ കാര്യങ്ങള്‍ എഴുതിവച്ചു ശീലിച്ച അര്‍ധനിരക്ഷരരാണു പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പാക്‌സ്ജീവനക്കാര്‍. സാങ്കേതികസാക്ഷരരത കുറഞ്ഞ അവര്‍ക്കു പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുഴപ്പംപിടിച്ചതും ക്ലിക്ക് ഹെവിയും (ഒരു കാര്യം കിട്ടാന്‍ നിരവധികാര്യങ്ങളില്‍ ക്ലിക്ക് ചെയ്യേണ്ട സ്ഥിതി) ആയി തോന്നും. ഡിജിറ്റല്‍ സാക്ഷരതയിലെ വിടവുകള്‍ കൈയെഴുത്തുസംവിധാനത്തില്‍നിന്നു കടലാസ്‌രഹിത സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ വേഗം കുറയ്ക്കും. സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ സങ്കീര്‍ണമൊഡ്യൂളുകള്‍ കൈകാര്യം ചെയ്താല്‍ ഡേറ്റ എന്‍ട്രിയില്‍ മനുഷ്യസഹജമായ പിഴവുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. സാങ്കേതികപദങ്ങളും ഇവര്‍ക്കു ബുദ്ധിമുട്ടാണ്. പ്രാദേശികഭാഷയില്‍ സഹായനിര്‍ദേശം ഇ.ആര്‍.പി.യിലുണ്ട്. പക്ഷേ, അക്കൗണ്ടിങ്ങിന്റെയും നിയമകാര്യങ്ങളുടെയും സാങ്കേതികപദങ്ങളുണ്ട്. അവയുടെ അര്‍ഥം എല്ലാവര്‍ക്കും അറിയണമെന്നില്ല. ഇതു ഡേറ്റാഎന്‍ട്രിയില്‍ ആശയക്കുഴപ്പത്തിനിടയാക്കും. ഇത്തരം പ്രശ്‌നങ്ങള്‍മൂലമാവാം, വെറുതേയങ്ങ് ഡേറ്റ എന്‍ട്രി ചെയ്താല്‍ പോരാ എന്നു പറഞ്ഞ്, കാര്യങ്ങള്‍ക്ക് ഒരു ചിട്ടവട്ടം അധികൃതര്‍ നിര്‍ദേശിച്ചു. അതാണു ഡിജിറ്റല്‍ പരിവര്‍ത്തനമാര്‍ഗനിര്‍ദേശം (ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോട്ടോകോള്‍). ഇതുവഴി 2027 മാര്‍ച്ച് 31 നകം ഡേറ്റാനഷ്ടം പാടേ ഒഴിവാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഫസ്റ്റ്ഹാന്റ് റിപ്പോര്‍ട്ട്, ഫീല്‍ഡ്‌സന്ദര്‍ശന റിപ്പോര്‍ട്ട്, ഡിജിറ്റല്‍ ആശയവിനിമയ ടൂള്‍, ഗോ-ലൈവ് എന്നിങ്ങനെ നാലു ഘട്ടമുണ്ടിതിന്. ഇതുപ്രകാരം ഡേറ്റ ദേശീയപാക്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റാന്‍ സാങ്കേതികമാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഏതു ഡേറ്റയും ക്ലൗഡിലെത്തുംമുമ്പ് പാക്‌സുകള്‍ ഒരു പ്രാഥമികറിപ്പോര്‍ട്ട് (ഫസ്റ്റ് ഹാന്റ്് റിപ്പോര്‍ട്ട് -എഫ.്എച്ച്.ആര്‍) തയ്യാറാക്കണം. ഇതിന് അടിസ്ഥാനമാക്കേണ്ടത് ഏറ്റവും ഒടുവിലത്തെ സാമ്പത്തികവര്‍ഷാവസാനത്തെ ഓഡിറ്റ്കഴിഞ്ഞ ഡേറ്റ (ഓഡിറ്റ് റെഡി ബാലന്‍സ് ഷീറ്റ്) തന്നെയായിരിക്കണം. കെ.വൈ.സി.യില്‍ ഇരട്ടിപ്പില്ലെന്ന് ആധാര്‍വച്ച് ഉറപ്പാക്കണം. ഏതെങ്കിലും അംഗത്തിന് ഒന്നിലേറെ ഐ.ഡി.കള്‍ ഉണ്ടെന്നു കണ്ടാല്‍ അവ ഒന്നാക്കണം. സിസ്റ്റം ഇന്റഗ്രേറ്റര്‍മാരില്‍നിന്നു ഡേറ്റതയ്യാര്‍ സാക്ഷ്യപത്രം ലഭ്യമാക്കണം. ഭൂരേഖകള്‍ ഇല്ലാതിരിക്കലും പലിശ കൂട്ടിയതിലെ തെറ്റുംപോലുള്ള അപാകങ്ങള്‍ രണ്ടുശതമാനത്തില്‍ കൂടുതലുണ്ടെങ്കില്‍ ആ ബാച്ച് ഡേറ്റ തള്ളും. പിന്നെ, മാനുവലായി തിരുത്തണം. പഴയ ഡേറ്റ മൈഗ്രേറ്റ് ചെയ്യാന്‍ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനം (ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ടൂള്‍) ഉപയോഗിക്കണം. ഇതിനായി ഡേറ്റയെ രണ്ടായി തിരിക്കുന്നുണ്ട്. മുഖ്യവിവരങ്ങളും (മാസ്റ്റര്‍ ഡേറ്റ) ഇടപാടുവിവരങ്ങളും (ട്രാന്‍സാക്ഷന്‍ ഡേറ്റ ). അംഗങ്ങളുടെ വ്യക്തിഗതവിവരങ്ങളും ഭൂമിയുടെ വിവരങ്ങളുമൊക്കെയാണു മാസ്റ്റര്‍ ഡേറ്റ. വായ്പാലെഡ്ജറുകള്‍, നിക്ഷേപബാലന്‍സുകള്‍ തുടങ്ങിയവ ഇടപാടുവിവരങ്ങളില്‍പെടും.

ദേശീയതല സിസ്റ്റം ഇന്റഗ്രേറ്റര്‍ ലഭ്യമാക്കുന്ന ഏകരൂപകമായ എക്‌സ്.എം.എല്‍/സി.എസ.്‌വി. യിലാണു ഡേറ്റ ചേര്‍ക്കേണ്ടത്. പഴയരേഖകള്‍ (കഴിഞ്ഞ 5-10 വര്‍ഷത്തേത്) ആര്‍ക്കൈവ് മാത്രം (ആര്‍ക്കൈവ് ഒണ്‍ളി) ആയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നിലവിലുള്ള ശിഷ്ടപത്രങ്ങളും വായ്പകളുമൊക്കെ തത്‌സമയപ്രാബല്യത്തോടെ (റിയല്‍ടൈം വാലിഡേഷന്‍) ചേര്‍ക്കണം. ഡേറ്റ ചേര്‍ക്കുമ്പോള്‍ എഫ്.എച്ച്.ആര്‍. സമര്‍പ്പിക്കല്‍വരെ പാക്‌സ് സെക്രട്ടറിമാരാണു ചെയ്യേണ്ടത്. ഡി.സി.ടി. ടൂള്‍വഴി ഡാറ്റാഎന്‍ട്രി / എക്‌സ്ട്രാക്ഷന്‍ ജോലികള്‍ ചെയ്യേണ്ടതു വെണ്ടര്‍/സിസ്റ്റം ഇന്റഗ്രേറ്ററാണ്. സാങ്കേതികസാധുത ഉറപ്പാക്കുന്നതു ജില്ലാ കേന്ദ്രസഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കുകളുടെയും ടീമായിരിക്കും. 15-30 ദിവസത്തേക്കുള്ള മാനുവല്‍, ഇ.ആര്‍.പി. എന്‍ട്രികള്‍ ചെയ്യേണ്ടതു പാക്‌സ്ജീവനക്കാരാണ്. ഒടുവിലത്തെ കട്ട് ഓവര്‍-ഗോ ലൈവ് ഘട്ടത്തിന്റെ ചുമതല ജില്ലാതല മേല്‍നോട്ടസമിതിക്കാണ്.

രാജ്യത്തെ 79,630 പാക്‌സുകളിലാണു പൊതുസോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ അംഗീകാരമായിട്ടുള്ളത്. 61,866 എണ്ണത്തിലാണു ഇ.ആര്‍.പി. വച്ചത്; അനുമതിയായതിനേക്കാള്‍ പതിനെണ്ണായിരത്തോളം കുറവ്. ഗോ-ലൈവ് ഘട്ടത്തിലെത്തിയതാകട്ടെ 59,842. ഗോ-ലൈവും കഴിഞ്ഞു ഡേ-എന്റ് കംപ്ലീഷന്‍ ആയാലേ സംഘം ദിവസവും വൈകുന്നേരം തങ്ങളുടെ കണക്കുകള്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കുന്നതില്‍ വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന അംഗീകാരമാവൂ. ഇതിനുശേഷം ഓണ്‍ലൈന്‍ ഓഡിറ്റുണ്ട്. അതാണു ഡിജിറ്റലായി സ്ഥാപനം പൂര്‍ണപാകമായി എന്നതിന്റെ അടയാളം. ഡേഎന്റ് പൂര്‍ത്തിയാവയുടെ എണ്ണം 58,406 ആണ്. ഓണ്‍ലൈന്‍ ഓഡിറ്റ് പൂര്‍ത്തിയായവ 44,860. പൊതുസോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ അംഗീകാരം ലഭിച്ച പാക്‌സുകളില്‍ പകുതിയോളമേ അവസാനഘട്ടത്തിലെത്തിയിട്ടുള്ളൂ എന്നാണ് ഇതു സൂചിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1.11 ലക്ഷം പാക്‌സുകളാണ് ഇന്ത്യയിലുള്ളതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍വേണം ഇതിനെ വിലയിരുത്താന്‍. ഇതില്‍ 1.06 ലക്ഷത്തോളമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇത്രയും പാക്‌സുകളില്‍ മുക്കാല്‍ ലക്ഷത്തോളം എണ്ണത്തിലാണു പൊതുസോഫ്റ്റ്‌വെയര്‍ വരുന്നത്. പൊതുസോഫ്റ്റ്‌വെയര്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങുംമുമ്പുതന്നെ കേരളത്തിലെ 100 ശതമാനം പാക്‌സുകളും തങ്ങളുടെതായ രീതിയില്‍ സ്വന്തമായി കമ്പ്യൂട്ടര്‍വത്കരണം നടത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Related posts

മെലിഞ്ഞു പോകുന്ന ഇന്ത്യന്‍ രൂപ

Indian Cooperator

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator