Indian Cooperator

ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ സഹകരണമേഖലയില്‍ അഴിമതി അന്വേഷണത്തിന് സി.ബി.ഐ.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭരണം പോയതോടെ സഹകരണരംഗത്തെ അഴിമതിക്കേസുകള്‍ ബി.ജെ.പി. ഒന്നൊന്നായി പുറത്തെടുക്കുന്നു. ആരോപണങ്ങളുയര്‍ന്ന അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി സി.ബി.ഐ.യ്ക്കു അനുമതി നല്‍കി. ആരോപണമുയര്‍ന്നിട്ടും വര്‍ഷങ്ങളായി അന്വേഷിക്കാതെ മാറ്റിവെച്ചതും അന്വേഷിച്ചിട്ടും നടപടികളെടുക്കാത്തതുമായ കേസുകളിലാണിപ്പോള്‍ സി.ബി.ഐ.അന്വേഷണം വരാന്‍പോകുന്നത്.

റായ്ഗഞ്ജ് കേന്ദ്ര സഹകരണബാങ്ക്, സെയില്‍ ( SAIL ) എംപ്ലോയീസ് സഹകരണ വായ്പാസംഘം, കോണ്ടായി സഹകരണബാങ്ക് എന്നിവയുമായും താമ്രലിപ്ത സഹകരണ വായ്പാവിതരണവുമായും ബന്ധപ്പെട്ട ക്രമക്കേടുകളാണു സി.ബി.ഐ.യ്ക്കു വിടുന്നത്. ഒരുകാലത്തു ബംഗാളിനെ പിടിച്ചുകുലുക്കിയ ശാരദാ ചിറ്റ്ഫണ്ട് തട്ടിപ്പിന്റെ ഓര്‍മകള്‍ വീണ്ടുമുണര്‍ത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഭരണം നടത്തിയിരുന്ന കാലത്തു ബംഗാളിന്റെ വിവിധഭാഗങ്ങളില്‍ അരങ്ങേറിയ അഴിമതിയുടെയും ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ നടക്കുന്ന അന്വേഷണത്തിലെ വലിയൊരു വഴിത്തിരിവായാണു ഈ സി.ബി.ഐ.അന്വേഷണത്തെ രാഷ്ടീയനിരീക്ഷകര്‍ കാണുന്നത്. നേരത്തേ പല കേസുകളിലും പ്രോസിക്യൂഷന്‍നടപടികള്‍ക്കു തൃണമൂല്‍സര്‍ക്കാര്‍ വിലങ്ങിടുകയാണുണ്ടായത്.

സഹകരണബാങ്കുകളിലും വായ്പാ സഹകരണസംഘങ്ങളിലും നടന്ന മാനേജ്‌മെന്റ്‌കെടുകാര്യസ്ഥത, ഫണ്ടുകള്‍ വഴിതിരിച്ചുവിടല്‍, വായ്പകളുമായി ബന്ധപ്പെട്ട അഴിമതി, അനധികൃതനിക്ഷേപം, ഭരണനിര്‍വഹണത്തിലെ പരാജയം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണപരിധിയില്‍പ്പെടുക. നിക്ഷേപകരുടെയും ധനകാര്യനിരീക്ഷകരുടെയും പരാതികളെത്തുടര്‍ന്നു വര്‍ഷങ്ങളായി ഒട്ടേറെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. സംഘങ്ങളില്‍ അനധികൃതമായി അംഗത്വം നല്‍കുക, നിക്ഷേപം തിരിച്ചുകൊടുക്കാതിരിക്കുക തുടങ്ങിയവയും ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

സഹകരണമേഖലയിലെ അഴിമതികള്‍ക്കു പുറമേ അധ്യാപകനിയമനവുമായും മുനിസിപ്പാലിറ്റി സ്റ്റാഫിന്റെ നിയമനവുമായും ബന്ധപ്പെട്ട അഴിമതിക്കേസുകളും സി.ബി.ഐ.യ്ക്കു വിടാന്‍ ബി.ജെ.പിസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോഴ വാങ്ങി അധ്യാപക തസ്തികകള്‍ വിറ്റതിനു ശാന്തിപ്രസാദ് സിന്‍ഹ, സുബിരേഷ് ഭട്ടാചാര്യ, കല്യാണ്‍മൊയി ഗാംഗുലി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സൗത്ത് ഡം ഡം മുനിസിപ്പാലിറ്റിയില്‍ 150 അനധികൃത നിയമനം നടത്തിയതിനു മുന്‍ തൃണമൂല്‍ മന്ത്രി സുജിത് ബോസിനെ ഈയടുത്ത ദിവസമാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്.

Related posts

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

സെക്രട്ടറി വിരമിച്ചപ്പോള്‍ ഓഫീസ് ഒരു കാര്‍ഷിക വായ്പാ സംഘം തുറക്കാന്‍പോലും ആളില്ലാതായി

Indian Cooperator