420 ഫ്ളാറ്റുകളുള്ള ഭവനസമുച്ചയത്തിലേക്കു ഭവനനിര്‍മാണ സഹകരണസംഘം പണിത സ്വകാര്യറോഡ് പൊതുറോഡാക്കി മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനു ബോംബെ ഹൈക്കോടതി ഇടക്കാലഉത്തരവിലൂടെ തടയിട്ടു. ബോറിവാലി ഈസ്റ്റ് ഹൗസിങ് സൊസൈറ്റിയുടെ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ശ്യാം സി ചന്ദക്, ശ്രീറാം വി ഷിര്‍സാത് എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ച് ഈ ഉത്തരവിട്ടത്. അതേസമയം, ഈ റോഡിലൂടെ അടിയന്തരാവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങള്‍ തടയരുതെന്നു ഫ്ളാറ്റുകളിലെ താമസക്കാരോട് കോടതി നിര്‍ദേശിച്ചു.
ഏക്താ മെഡോസ് ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ പന്ത്രണ്ട് മീറ്റര്‍ വീതിയുള്ള സൊസൈറ്റിറോഡ് നിര്‍ദിഷ്ട വികസനപദ്ധതിയുടെ പേരില്‍ പൊതുറോഡാക്കാനുള്ള ട്രാഫിക് വിഭാഗത്തിന്റെ ശ്രമമാണു ബോംബെ ഹൈക്കോടതി തടഞ്ഞത്. മെയ് 19 നു ട്രാഫിക് വിഭാഗം പുറത്തിറക്കിയ ഉത്തരവിനെതിരെയുള്ള ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂണ്‍ 15 വരെ ബലംപ്രയോഗിച്ച് നടപടിയൊന്നുമെടുക്കരുതെന്നു കോടതി നിര്‍ദേശിച്ചു. അതേസമയം, ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും മറ്റും പോകുന്നതു തടയുന്നമട്ടില്‍ സൊസൈറ്റിയുടെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നു കോടതി ഭവനനിര്‍മാണസംഘത്തോടാവശ്യപ്പെട്ടു.
നഗരവികസനവകുപ്പാണു റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ റോഡ് ഏറ്റെടുത്ത് പൊതുനിരത്തായി പ്രഖ്യാപിച്ചത്. ഈ നീക്കത്തെ ഭവനനിര്‍മാണ സഹകരണസംഘം എതിര്‍ത്തു. വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടികളൊന്നും തുടങ്ങാതെ റോഡ് ഏറ്റെടുത്ത നടപടി സ്വാഭാവികനീതിയുടെ വ്യവസ്ഥകള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഭവനസംഘത്തിന്റെ വാദം. 420 ഫ്ളാറ്റുകളുള്ള ഭവനസമുച്ചയം അധികൃതരുടെ അനുമതിയോടെ 2009 ലാണു താമസക്കാര്‍ക്കു കൈമാറിയതെന്നു ഭവനസംഘം ഹര്‍ജിയില്‍ ബോധിപ്പിച്ചു. കോംപ്ലക്സിനകത്തെ റോഡ് കെട്ടിടനിര്‍മാതാവ് സ്വകാര്യറോഡ് എന്ന നിലയിലാണ് അനുമതി വാങ്ങി പണിത് താമസക്കാര്‍ക്കു കൈമാറിയത്. ഈ റോഡ് പൊതുറോഡാക്കിമാറ്റാനുള്ള പ്ലാനിങ് അതോറിറ്റിയുടെ നിര്‍ദേശത്തെ 2018 ല്‍ ചീഫ് എഞ്ചിനിയര്‍ക്കു നല്‍കിയ കത്തില്‍ തങ്ങള്‍ എതിര്‍ത്തതാണ്. കോംപ്ലക്സിനടുത്തുള്ള പ്ലോട്ടുകളിലേക്കു നിലവില്‍ത്തന്നെ പ്രവേശനറോഡുകളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു – ഭവനനിര്‍മാണ സഹകരണസംഘം ഹര്‍ജിയില്‍ വ്യക്തമാക്കി.
2026 മെയ് 19 നു ട്രാഫിക് വിഭാഗം പുറപ്പെടുവിച്ച വിജ്ഞാപനമാണു പ്രശ്നം വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമായത്. നഗരവികസനത്തിന്റെ ഭാഗമായി വരുന്ന റോഡ് നഗരസഭയുടെ കൈവശമാണെന്നും ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍വാഹനങ്ങളുടെ യാത്ര തടയുംവിധത്തിലുള്ള റോഡിലെ അനധികൃതപാര്‍ക്കിങ് തടയണമെന്നും ട്രാഫിക് വിഭാഗം ഭവന സഹകരണസംഘത്തോടാവശ്യപ്പെട്ടു. ഒരു വികസനപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ടുള്ള റോഡാക്കി മാറ്റാന്‍ ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച് ഔദ്യോഗികനടപടിയെടുത്തുതുടങ്ങിയതായി അധികൃതര്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും അംഗീകൃത പ്ലാനിനനുസരിച്ചാണു താമസക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്നും സംഘം ബോധിപ്പിച്ചു. ജൂണ്‍ 15 ന് അടുത്ത വാദം കേള്‍ക്കുന്നതുവരെ ബലംപ്രയോഗിച്ച് നടപടിയൊന്നുമെടുക്കരുതെന്നു കോടതി സംസ്ഥാനസര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
