Indian Cooperator

അര്‍ബന്‍ബാങ്കുകള്‍ക്ക് അര നൂറ്റാണ്ടിനുശേഷം പൊതു നിയമാവലി വരുന്നു

47 കൊല്ലത്തിനുശേഷം രാജ്യത്തെ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പൊതു നിയമാവലി ( കോമണ്‍ ബൈലോ ) കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ഇതിനായി അഞ്ചംഗസമിതിയെ നിയോഗിച്ചുകഴിഞ്ഞു. 1979 ല്‍ നിയമിച്ച മാധവ്ദാസ് കമ്മിറ്റിക്കുശേഷം ഇതാദ്യമായാണു റിസര്‍വ് ബാങ്ക് പൊതുനിയമാവലിയുമായി വരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിലെ സഹകരണവിഭാഗം അഡീഷണല്‍ കമ്മീഷണര്‍ ആന്റ് സ്‌പെഷല്‍ രജിസ്ട്രാറായി വിരമിച്ച ദിനേശ് ഔള്‍ക്കറാണു പുതിയ സമിതിയുടെ ചെയര്‍മാന്‍.

അഭിഭാഷകനും ഡോംബിവിലി നഗരി സഹകാരി ബാങ്കിന്റെ ചെയര്‍മാനുമായ ഗണേഷ് ധര്‍ഗാല്‍ക്കര്‍, ടി.ജെ.എസ്.ബി. സഹകാരി ബാങ്കിന്റെ ഡയറക്ടറായ കവി ആര്‍.സി.വി. ശേഷാചലം, റിസര്‍വ് ബാങ്കിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ പി.കെ. അറോറ, പുണെയിലെ അഗ്രിക്കള്‍ച്ചര്‍ ബാങ്കിങ് കോളേജിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരും ഫാക്കല്‍ട്ടിയംഗവുമായ മുരളീകൃഷ്ണ എം. എന്നിവരാണു അഞ്ചംഗസമിതിയിലെ മറ്റുള്ളവര്‍. 2023 മെയ് 12 നു റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി അര്‍ബന്‍ബാങ്ക് മേഖലയിലുള്ളവര്‍ നടത്തിയ കൂടിയാലോചനയിലാണു പുതിയൊരു നിയമാവലിയെക്കുറിച്ചുള്ള നിര്‍ദേശം ആദ്യമുയര്‍ന്നതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. 2020 ലെ ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയിലെ ഒട്ടേറെ വ്യവസ്ഥകള്‍ സഹകരണമേഖലയ്ക്കും ബാധകമാക്കിയിട്ടുള്ള റിസര്‍വ് ബാങ്കിനും അങ്ങനെയാണു പുതിയൊരു ബൈലോ വേണ്ടതാണെന്ന തോന്നലുണ്ടായത്. അര്‍ബന്‍ബാങ്കുകളില്‍ മികച്ച ഭരണനിര്‍വഹണവും നിയന്ത്രണവ്യവസ്ഥകളുടെ പാലനവും പ്രോത്സാഹിപ്പിച്ച് മൂലധനശേഷിയുയര്‍ത്തുക എന്നതാണ് ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

ആദ്യയോഗത്തിനുശേഷം മൂന്നു മാസത്തിനുള്ളില്‍ അന്തിമ നിയമാവലി തയ്യാറാക്കി ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് അഞ്ചംഗസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിനെത്തുന്ന കമ്മിറ്റിയംഗങ്ങളുടെ സിറ്റിങ് ഫീസിനും യാത്രാതാമസച്ചെലവുകള്‍ക്കുമൊക്കെ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അര്‍ബന്‍ബാങ്കുകള്‍ക്കു ഒരേകീകൃത ഭരണനിര്‍വഹണ ചട്ടക്കൂടും അതുവഴി അര്‍ബന്‍ബാങ്ക് മേഖലയില്‍ നിയന്ത്രണ, പ്രവര്‍ത്തനകാര്യങ്ങളില്‍ വലിയ പുരോഗതിയുമുണ്ടാവാന്‍ പുതിയ നിയമാവലി സഹായിക്കുമെന്നു കരുതപ്പെടുന്നു.

Related posts

ആശ്രിതര്‍ ആരൊക്കെയാണെന്ന് നിശ്ചയിച്ചു; നിയമനം നല്‍കുന്നതിനും മുന്‍ഗണന

Indian Cooperator

വായ്പാപരിധി കഴിഞ്ഞതോടെ നെല്ലിന്റെ വില നല്‍കുന്നത് എസ്.ബി.ഐ. നിര്‍ത്തി

Indian Cooperator

സജിത് ബാബുവിനെ മാറ്റി; എസ്. പ്രേം കൃഷ്ണന്‍ പുതിയ സഹകരണ സംഘം രജിസ്ട്രാര്‍

Indian Cooperator
error: Content is protected !!