Indian Cooperator

കോടതി ഉത്തരവ് എല്ലാസംഘങ്ങള്‍ക്കും ബാധകമാക്കില്ല;സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസ് പുതുക്കുന്നു

പി.കെ.പ്രശാന്ത്Reporter

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഫീസും ഓഡിറ്റ് കോസ്റ്റും കൂട്ടാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള പ്രപ്പോസല്‍ തയ്യാറാക്കാന്‍ സഹകരണ ഓഡിറ്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വര്‍ദ്ധിപ്പിച്ച ഓഡിറ്റ് ഫീസിനെതിരെ ഒരുകൂട്ടം സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വര്‍ദ്ധിപ്പിച്ച് ഫീസ് തല്‍ക്കാലം നല്‍കേണ്ടതില്ലെന്നും വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പുള്ള ഫീസ് അടയ്ക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശം കേസില്‍ കക്ഷിചേരാത്ത സംഘങ്ങള്‍ക്കും ബാധകമാണ് എന്ന വ്യാഖ്യാനം സഹകരണ മേഖലയിലുണ്ടായി. ഇത് ഓഡിറ്റ് ഫീസ് അടക്കുന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വത്തിന് വഴിവെച്ച സാഹചര്യത്തിലാണ്, എല്ലാവര്‍ക്കും ബാധകമാകുന്ന വിധത്തില്‍ പുതിയ ഓഡിറ്റ് ഫീസ് നിരക്ക് നിശ്ചയിക്കാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥതല യോഗത്തില്‍ തീരുമാനിച്ചത്.

നേരത്തെ വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഓഡിറ്റ് ഫീസ്, ഓഡിറ്റ് കോസ്റ്റ് എന്നീ നിരക്കിയില്‍നിന്ന് അഞ്ചുശതമാനം അധികം ഈടാക്കാനുള്ള പ്രപ്പോസലാണ് സഹകരണ വകുപ്പ് തയ്യാറാക്കുന്നത്. ഇത് അംഗീകരിച്ച് ഉടന്‍ ഉത്തരവ് ഇറങ്ങിയേക്കും. ഈ നിരക്കായിരിക്കും എല്ലാ സംഘങ്ങളില്‍നിന്നും വാങ്ങുക. ഓഡിറ്റ് ഫീസ് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ച സംഘങ്ങള്‍ക്കും ബാധകമായിരിക്കും. അവര്‍ പുതുക്കിയ ഫീസ് അടയ്ക്കാന്‍ കൂട്ടാക്കാതെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍, കോടതിയില്‍നിന്ന് തന്നെ തീര്‍പ്പുണ്ടാകട്ടെ എന്നതാണ് സഹകരണ വകുപ്പിന്റെ നിലപാട്. നേരത്തെ വര്‍ദ്ധിപ്പിച്ച ഫീസ് പുനപ്പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അത് റദ്ദാക്കുമെന്നല്ല. അതിനാല്‍, പുതിയ തീരുമാനം കോടതി അംഗീകരിക്കുമെന്നാണ് സഹകരണ വകുപ്പിന്റെ പ്രതീക്ഷ.

32/2025 സര്‍ക്കുലര്‍ പ്രകാരമാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് ഫീസ് മാറ്റി നിശ്ചയിച്ചത്. 2025 സപ്തംബര്‍ 20നാണ് ഈ സര്‍ക്കുലര്‍ ഇറങ്ങിയത്. ടീം ഓഡിറ്റ് നടപ്പാക്കിയതിന്റെ ഭാഗമായിട്ടാണിത്. ഈ സര്‍ക്കുലര്‍ പ്രകാരമുള്ള തുക പല സംഘങ്ങള്‍ക്കും താങ്ങാവുന്നതിന് അപ്പുറമായതോടെയാണ്, കുറെ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. വര്‍ദ്ധിപ്പിച്ച ഫീസ് പുനപ്പരിശോധിക്കുമെന്ന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് ഇപ്പോള്‍ സഹകരണ വകുപ്പ് സ്വീകരിക്കുന്നത്. വര്‍ദ്ധിപ്പിച്ച ഫീസ് പുനപ്പരിശോധിച്ച്, പുതിയ നിരക്ക് കൊണ്ടുവന്നാല്‍ അത് എല്ലാ സംഘങ്ങള്‍ക്കും ബാധകമാകും. അതിനാല്‍, കേസില്‍ കക്ഷിയല്ലാത്ത സംഘങ്ങളെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പഴയനിരക്ക് നല്‍കാന്‍ അനുവദിക്കാനിടയില്ല.

Related posts

സഹകരണ ജീവനക്കാരുടെ സംഘടനാചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നു; കവര്‍ പ്രകാശനം ചെയ്തു

Indian Cooperator

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

Indian Cooperator

പലിശ വെട്ടിക്കുറച്ചുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സഹകരണ സംഘങ്ങളെ തര്‍ക്കും; നഷ്ടം സര്‍ക്കാര്‍ വഹിക്കണം

Indian Cooperator
error: Content is protected !!