Indian Cooperator

പലിശ വെട്ടിക്കുറച്ചുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സഹകരണ സംഘങ്ങളെ തര്‍ക്കും; നഷ്ടം സര്‍ക്കാര്‍ വഹിക്കണം

പി.കെ. ജയപ്രകാശ്Reporter

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പലിശ വെട്ടിക്കുറച്ചുള്ള സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം സഹകരണ സംഘങ്ങളെ ഗുരുതരമായ അപകടത്തിലേക്ക് തള്ളിവിടുന്നു. ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31വരെയാണ് ആശ്വാസ് എന്നപേരില്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് ആഗസ്റ്റ് ഒന്നിന് ഇറക്കിയ പുതുക്കിയ സര്‍ക്കുലറാണ് അപകടരമായ സാഹചര്യത്തിന് വഴിവെക്കുന്നത്.

50,000 രൂപവരെയുള്ള കുടിശ്ശിക വായ്പകളുടെ കാര്യത്തിലാണ് പുതിയ നിര്‍ദ്ദേശം ഉണ്ടായിട്ടുള്ളത്. ഈ വായ്പ അഞ്ചുവര്‍ഷത്തിലേറെ കുടിശ്ശികയായിട്ടുണ്ടെങ്കില്‍ പലിശ പൂര്‍ണമായും ഒഴിവാക്കി ഇളവുനല്‍കണമെന്നാണ് വ്യവസ്ഥ. അഞ്ചുവര്‍ഷത്തില്‍ താഴെയാണ് കുടിശ്ശിക കാലാവധി എങ്കില്‍ പലിശ 50 ശതമാനം കുറച്ചുനല്‍കണം. പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ പിഴപ്പലിശ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ക്കാലം കുടിശ്ശികയായ മറ്റുവായ്പകള്‍ക്ക് ഇളവ് നല്‍കേണ്ട രീതികളും ജൂണ്‍ ആറിന് ഇറക്കിയ 24/2026 സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്തിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ഈ സര്‍ക്കുലറുകളിലെല്ലാം സഹകരണ സംഘം രജിസ്ട്രാര്‍ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക സംഘങ്ങളുടെയും ബാങ്കുകളുടെയും നഷ്ടത്തിനിടയാക്കുന്ന കുടിശ്ശിക ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകള്‍ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും അതുവഴി കുടിശ്ശിക പരമാവധി കുറയ്ക്കുന്നതിനും സഹകാരികള്‍ക്ക് കടബാധ്യതയില്‍നിന്ന് ആശ്വാസം നല്‍കുന്നതിനുമാണ് ഈ പദ്ധതി എന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍, ഇപ്പോഴത്തെ വ്യവസ്ഥകളും അനുഭവവും സംഘങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.

8.5 ശതമാനം പലിശയ്ക്ക് നിക്ഷേപം വാങ്ങിയാണ് സഹകരണ സംഘങ്ങള്‍ വായ്പ നല്‍കുന്നത്. പരമാവധി 12 ശതമാനം വരെയാണ് വായ്പ. വായ്പകള്‍ തിരിച്ചടവ് മുടങ്ങി കുടിശ്ശികയായാലും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കണം. പിഴപ്പലിശ ഒഴിവാക്കിയും തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുനല്‍കിയും നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംഘങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും സഹായകമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം അനുസരിച്ച് 50,000 രൂപയുടെ വായ്പയ്ക്ക് പലിശയില്‍നിന്ന് കുറവുവരുത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പലിശ മുഴുവനും അഞ്ചുവര്‍ഷത്തിന് താഴെയാണെങ്കില്‍ പലിശ പകുതിയുമാണ് കുറയ്‌ക്കേണ്ടത്. സഹകരണ സംഘങ്ങളില്‍ ഭൂരിഭാഗം വായ്പയും 50,000ത്തിന്റെ പരിധിയിലുള്ളവയാണ്. ഇവയ്ക്ക് പകുതി പലിശ ഈടാക്കിയാല്‍പോലും സംഘങ്ങള്‍ക്ക് ലഭിക്കുന്നത് ആറുശതമാനം പലിശയാണ്. 8.5 ശതമാനം നിക്ഷേപകന് കൊടുക്കേണ്ട ഘട്ടത്തിലാണ് ഈ കുറവുണ്ടാകുന്നത്. പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം സംഘങ്ങള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിലപ്പുറമാണ്.

ഈ നിര്‍ദ്ദേശത്തിന്റെ ഫലമായി സംഘങ്ങളുടെ കുടിശ്ശിക കുറയുമ്പോള്‍തന്നെ സാമ്പത്തികശേഷിയും കുറയും. ‘ഫണ്ട് ഇറോഷന്‍’സംഭവിക്കും. ഫണ്ട് ഇറോഷന്‍ സംഭവിക്കുന്ന സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് പോലും രജിസ്ട്രാര്‍ നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. നിക്ഷേപത്തുക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കുലറിലൂടെയുള്ള നിര്‍ദ്ദേശം. സംഘത്തിന് ലഭിക്കേണ്ട വരുമാനം സര്‍ക്കാര്‍ തന്നെ വെട്ടിക്കുറിച്ചില്ലാതാക്കിയിട്ടാണ് സഹകരണ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്ന രീതി നടപ്പാക്കുന്നത്.

ഫണ്ട് ഇറോഷന്‍ സംഭവിച്ച സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുപോലും സഹായം നല്‍കാത്ത സ്ഥിതിയാണ്. ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സോളാര്‍ പദ്ധതിയില്‍പോലും ഉള്ള പ്രധാന വ്യവസ്ഥ, ലാഭത്തിലുള്ള സംഘങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂവെന്നതാണ്. ലാഭമില്ലാത്ത സംഘങ്ങള്‍ക്ക് ജീവനക്കാരുടെ ആനുകൂല്യം തടഞ്ഞുവെക്കുന്നു. നബാര്‍ഡ്, എന്‍.സി.ഡി.സി. പോലുള്ള ഏജന്‍സികളില്‍നിന്നുള്ള സഹായ പദ്ധതികളിലും അയോഗ്യതയുണ്ടാകും. ഈ സംഘങ്ങള്‍ പൂര്‍ണമായി നാശത്തിലേക്ക് നീങ്ങാന്‍ ഇതില്‍പ്പരം മറ്റൊരു കാരണം വേണ്ട. സഹകരണ സംഘങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ.

സഹകരണ സംഘങ്ങളുടെ ഫണ്ട് നഷ്ടപ്പെടുന്ന വിധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നിയന്ത്രിക്കേണ്ട സാഹചര്യം കൂടിയാണുണ്ടാകുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ സംഘങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ടെങ്കില്‍ ആ നഷ്ടം സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പുകൂടി ഉണ്ടാകണം. പലിശയില്‍ കുറവുവരുത്തുന്ന വ്യവസ്ഥ സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍, ആ പലിശ നഷ്ടം സര്‍ക്കാര്‍ നല്‍കണം. തമിഴ് നാട്ടില്‍ സഹകരണ സംഘങ്ങളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഇളവുപ്രഖ്യാപിച്ചപ്പോള്‍ അതിലൂടെ സംഘങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നല്‍കുകയാണ് ചെയ്തത്. അതല്ലെങ്കില്‍, ഓരോ സംഘങ്ങളുടെയും സാഹചര്യം പരിഗണിച്ച് സംഘങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജായി മാത്രമേ ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കാവൂ.

Related posts

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

Indian Cooperator

സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍

Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator
error: Content is protected !!