രാജ്യത്തെ ക്ഷീരോത്പാദനമേഖലയ്ക്കു നല്കുന്ന മികച്ച സംഭാവനകള്ക്കുള്ള അംഗീകാരമായ ദേശീയ ഗോപാല്രത്ന പുരസ്കാരങ്ങള്ക്ക് അപേക്ഷിക്കാം. ക്ഷീരോത്പാദക സഹകരണസംഘങ്ങള്, ക്ഷീരോത്പാദകക്കമ്പനികള് ( MPC), കര്ഷക ഉത്പാദക സംഘടനകള് ( FPO ) എന്നിവയ്ക്ക് അപേക്ഷിക്കാം. 2026 സെപ്റ്റംബര് പത്താണ് അപേക്ഷിക്കേണ്ട അവസാനതീയതി. മികച്ച മൂന്നു സംഘങ്ങള്ക്ക് അഞ്ചു ലക്ഷം രൂപ, മൂന്നു ലക്ഷം രൂപ, രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് അവാര്ഡ്തുക.
ക്ഷീരസംഘങ്ങളുടെയും കര്ഷക ഉത്പാദക സംഘടനകളുടെയും പ്രവര്ത്തനം വിപുലമാക്കാനും പാല്സംഭരണം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് 2021 മുതല് ഗോപാല്രത്ന പുരസ്കാരങ്ങള് നല്കുന്നത്. ഗ്രാമതലത്തിലുള്ള ക്ഷീരോത്പാദന സഹകരണസംഘങ്ങള്, എം.പി.സി.കളുടെ പാല്ശേഖരണകേന്ദ്രങ്ങള്, കര്ഷകരില്നിന്നു നേരിട്ടു പാല് ശേഖരിക്കുന്ന എഫ്.പി.ഒ.കള് എന്നിവയ്ക്ക് അവാര്ഡിന് അപേക്ഷിക്കാം. ആകെ മൂന്നു വിഭാഗങ്ങളിലായി 12 അവാര്ഡുകളുണ്ട്. ഓരോന്നിലും നാലുവീതം. ആദ്യത്തെ മൂന്നു വിജയികള്ക്ക് അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെയാണു സമ്മാനത്തുക. വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെയും ഹിമാലയന് മേഖലയിലെയും ക്ഷീരസംഘങ്ങള്ക്കു രണ്ടു ലക്ഷം രൂപയുടെ പ്രത്യേക അവാര്ഡുണ്ട്. ദേശീയ ക്ഷീരദിനമായ നവംബര് 26 ന് അവാര്ഡ്ജേതാക്കളെ പ്രഖ്യാപിക്കും.
ദേശീയ അവാര്ഡ് പോര്ട്ടല്വഴി ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. വിലാസം: awards.gov.in
