Indian Cooperator

കേരളാബാങ്ക്, കേന്ദ്രപദ്ധതികള്‍, ഓഡിറ്റിലെ മാറ്റം .. സഹകരണ സഭയിലെ ചൂടേറിയ ചര്‍ച്ചയായി വിവിധ വിഷയങ്ങള്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആഴത്തിലറിഞ്ഞ അഞ്ചുപ്രതിനിധികള്‍, അവര്‍ക്ക് നേരിടേണ്ടിവന്നത് ഇടതടവില്ലാത്ത ചോദ്യങ്ങള്‍, പലപ്പോഴും ഉത്തരങ്ങള്‍ ഏറ്റമുട്ടി. ഉത്തരത്തെ ഖണ്ഡിക്കുന്ന ചോദ്യങ്ങള്‍ സദസ്സില്‍നിന്ന് ആവര്‍ത്തിച്ചുയര്‍ന്നു. രണ്ടുമണിക്കൂര്‍ നേരം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ‘സഹകരണം’ നിറഞ്ഞു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച ‘സഹകരണ സഭ’ ഒരു പുതിയ സംവാദവേദിയായി മാറി. കേരളത്തില്‍ മുമ്പൊരിക്കലും ഇത്തരമൊരു സംവാദവേദി സഹകരണ മേഖലയുടെ ചര്‍ച്ചയ്ക്കായി ഒരുക്കിയിരുന്നില്ല.

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സഹകാരിയുമായി എം.വി.ജയരാജനായിരുന്നു സഹകരണ സഭ ഉദ്ഘാടനം ചെയ്തത്. ഔപചാരികമായി ഉദ്ഘാടന ചടങ്ങ് മാത്രം. അതിന് പിന്നാലെ, ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ അഞ്ചുപേര്‍ അണിനിരന്നു. കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാന്‍ എം.മെഹബൂബ്, എല്‍.ഡി.എഫ്. നേതാവും സഹകാരിയുമായ മനയത്ത് ചന്ദ്രന്‍, യു.ഡി.എഫ്. നേതാവും സഹകാരിയുമായ എന്‍.സുബ്രഹ്മണ്യന്‍, സഹകരണ മേഖലയെക്കുറിച്ച് പഠിച്ച് അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബിജു പരവത്ത്, സഹകരണ ജീവനക്കാരുടെ പ്രതിനിധിയായി കെ.വി.പ്രജീഷ് എന്നിവരായിരുന്നു ചോദ്യങ്ങളെ നേരിട്ടത്.

മെഹബൂബില്‍നിന്നായിരുന്നു തുടക്കം. സഹകരണ മേഖലയില്‍ രാഷ്ട്രീയ ആധിക്യം അരുതെന്ന് അദ്ദേഹം ആദ്യമേ നിലപാട് വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാരില്‍നിന്ന് കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. ഇതിനെ നേരിടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സമര്‍ത്ഥിച്ചു. സ്ഥാപനത്തെ അപകടത്തിലാക്കുന്ന വിധത്തില്‍ രാഷ്ട്രീയ അതിപ്രസരം ഉണ്ടാകരുതെന്ന് പറഞ്ഞാണ് മെഹബൂബ് നിര്‍ത്തിയത്. സഹകരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ അതിരുവിട്ടാല്‍ അപകടമുണ്ടാക്കുമെന്ന് മനയത്തും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം എല്ലാ അര്‍ത്ഥത്തിലും സഹകരണ സ്ഥാപനങ്ങളില്‍ വേണ്ടതുണ്ട്. അതില്ലാതായാല്‍ അപകടമുണ്ടാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കുറച്ചുകൂടി ആത്മവിമര്‍ശനത്തോടെയായിരുന്നു എന്‍.സുബ്രഹ്മണ്യന്റെ തുടക്കം. അന്യന്റെ മുതലാണ് സഹകരണ സംഘങ്ങളിലുള്ള നിക്ഷേപമെന്ന് എല്ലാവര്‍ക്കും എപ്പോഴും ഓര്‍മ്മവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. ആ പണം സംഘങ്ങള്‍ക്ക് നല്‍കുന്നത് ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം ഇല്ലാതാകുമ്പോള്‍ സംഘങ്ങള്‍ ക്ഷയിച്ചുതുടങ്ങും. അന്യന്റെ പണമാണെന്ന് ബോധ്യമില്ലാതെ സംഘങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നത്തിലാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ 441 സംഘങ്ങള്‍ ഇപ്പോള്‍ നിക്ഷേപം പോലും തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതി നേരിടുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സഹകരണ വകുപ്പിനെ പഴിചാരിയായിരുന്നു പ്രജീഷിന്റെ തുടക്കം. ക്രമക്കേടിന്റെ ഭാഗമായല്ല സംഘങ്ങള്‍ പ്രതിസന്ധിയിലാകുന്നത്. ക്രമക്കേടിനെ മറ്റൊരു രീതിയില്‍ തന്നെ കൈകാര്യം ചെയ്യണം. വകുപ്പുകളുടെ ഇടപെടല്‍ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രശ്‌നമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ സംഘങ്ങളെ അപകടത്തിലാക്കുന്നില്ലേയെന്നായിരുന്നു ബിജുപരവത്തിനോടുള്ള ചോദ്യം. വകുപ്പും, സഹകാരികളും ജീവനക്കാരും എല്ലാം നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആശങ്കപ്പെടുത്തുന്ന ഒരുവാര്‍ത്തകളും മാധ്യമങ്ങളിലുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വീഴ്ച സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയൊരു നിരീക്ഷണം സഹകരണ മേഖലയില്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ടമായിരുന്നു ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചത്. കേന്ദ്രപദ്ധതികളോട് പൊരുതിനില്‍ക്കുമോയെന്ന് ചോദ്യം. മുന്‍നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് സുബ്രഹ്മണ്യന്‍. പോരടിക്കുകയല്ല, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയിലൂടെ പദ്ധതികള്‍ കേരളത്തിന് ഗുണകരമാക്കുകയാണ് വേണ്ടതെന്ന് മനയത്ത് ചന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തെ തകര്‍ക്കുന്നതാണെന്ന് പ്രജീഷ്. ഏതൊക്കെ പദ്ധതികളാണ് അങ്ങനെ കേരളം തകര്‍ന്നുപോകുന്ന വിധത്തിലുള്ളതെന്ന് ബിജുപരവത്തിന്റെ മറുചോദ്യം. സദസ്സിലും ചോദ്യങ്ങള്‍ കൂടി. കേരളാബാങ്കും മോഡല്‍ ബൈലോയുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞു. കേരളാബാങ്കിനെ അടക്കം മാറ്റിയെടുക്കാനുള്ള ആലോചനയാണ് സര്‍ക്കാരിന്റെ ഭാഗമായി നടക്കുന്നതെന്ന് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തല്‍. സഹകരണ മേഖലയിലെ നല്ല മാറ്റങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും മുന്നോട്ടുവെച്ചു. അങ്ങനെ സഹകരണ സഭ, സഹകരണത്തിന്റെ കൂട്ടായ്്മയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത അനുഭവമായി. ഇതൊരു നല്ല മാതൃകയാണെന്നും ഈ രീതി ആവര്‍ത്തിക്കുന്നത് സഹകരണ മേഖലയ്ക്ക് നല്ല ഗുണകരമാകുമെന്ന് എല്ലാവരും ഒരേപോലെ അഭിപ്രായപ്പെട്ടു.

Related posts

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator

സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ളഹിന്ദുത്വ വര്‍ഗീയപ്രസ്ഥാനങ്ങളുടെനീക്കം ശക്തമായി ചെറുക്കുമെന്ന് ഇടതു മുന്നണിയുടെ ഉറപ്പ്

Indian Cooperator

രണ്ടാംവിള നെല്ല് സഹകരണ സംഘങ്ങള്‍ സംഭരിക്കും; പാലക്കാടിന് ശേഷം സംസ്ഥാനത്താകെ തുടങ്ങും

Indian Cooperator
error: Content is protected !!