കേന്ദ്രസര്ക്കാരിന്റെ നയങ്ങള് കാരണം
രാജ്യമാകെ തൊഴിലാളികള്
ദുരിതത്തില് ടി.പി. രാമകൃഷ്ണന്
കേന്ദ്രസര്ക്കാരിന്റെ കോര്പറേറ്റനുകൂലനയങ്ങള് കാരണം രാജ്യമാകെ എല്ലാവിഭാഗത്തിലുംപെട്ട തൊഴിലാളികള് കടുത്ത ദുരിതത്തിലാണെന്നു സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് സ. ടി.പി. രാമകൃഷ്ണന് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ബീച്ചിലെ സ. വി. വിനോദ് നഗറില് ( ആസ്പിയന് കോര്ട്ട്യാര്ഡ്സ് ) കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ( സി.ഐ.ടി.യു ) 31ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു രാമകൃഷ്ണന്.
രാജ്യത്തെ കര്ഷകസംഘടനകള് ഒന്നിച്ചുചേര്ന്നു രൂപവത്കരിച്ച സംയുക്ത കിസാന്സഭയുടെ നേതൃത്വത്തില് കാര്ഷികമേഖലയില് ഒരു വര്ഷത്തിലധികം നീണ്ടുനിന്ന സമരം നടന്നു. പ്രധാനപ്പെട്ട കര്ഷകസംഘടനകളെല്ലാം സമരത്തിന്റെ ഭാഗമായി. മറ്റു തൊഴിലാളികളും സമരത്തില് പങ്കെടുത്തു. ഒരു വര്ഷത്തിനുള്ളില് ഈ സമരകേന്ദ്രങ്ങളില് എഴുന്നൂറിലധികം കര്ഷകരാണു മരിച്ചത്. കാര്ഷികമേഖലയില് കോര്പറേറ്റ്വത്കരണത്തിനാവശ്യമായ അധികാരം നല്കുന്ന മൂന്നു കരിനിയമങ്ങള് റദ്ദാക്കണമെന്നതായിരുന്നു കര്ഷകരുടെ ആവശ്യം. രാജ്യത്തിനാവശ്യമായ വിഭവങ്ങള് നല്കുന്ന കര്ഷകര് കരിനിയമങ്ങളില്പ്പെട്ട് ഞെരിഞ്ഞമരുകയാണ്. സമരം ശക്തമായതോടെ നിവൃത്തിയില്ലാതെയാണു നിയമങ്ങള് പിന്വലിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചത്. വിളകള്ക്കു താങ്ങുവില നല്കണമെന്നതടക്കം കര്ഷകരുടെ പല ആവശ്യങ്ങളും ഇനിയും കേന്ദ്രം അംഗീകരിച്ചിട്ടില്ല രാമകൃഷ്ണന് പറഞ്ഞു.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ യഥാര്ഥനില എന്താണെന്നു പരിശോധിച്ച് മാപ്പിങ് നടത്തി വ്യക്തമായ പദ്ധതിക്കു രൂപം നല്കണമെന്നു രാമകൃഷ്ണന് നിര്ദേശിച്ചു. ഡിജിറ്റല് മാപ്പിങ് കേരളത്തിലെ പൊതുമേഖലയിലാകെ കൊണ്ടുവരണം. കേരളത്തിലെ സഹകരണമേഖലയുടെ നേട്ടങ്ങള് പുറത്തുകൊണ്ടുവരാനാണിത്. സമാന്തര സമ്പദ്മേഖലപോലെ വളര്ന്നുവരുന്നതാണു സഹകരണമേഖല. അതിനെ ജനങ്ങള്ക്കാകെ ഉപയോഗപ്പെടുന്നരീതിയില് വിനിയോഗിക്കണം അദ്ദേഹം അഭിപ്രായപ്പെട്ടു.
സിഐടിയുവിന്റെ നേതൃത്വത്തില് ഡിസംബര് ഒന്നിന് നടക്കുന്ന പാര്ലമെന്റ് മാര്ച്ച് വന് വിജയമാക്കി മാറ്റണം. തൊഴില് സുരക്ഷ, ജോലി സമയം, വേതനം, സാമൂഹിക സുരക്ഷ എന്നിവയെ ബാധിക്കുന്ന വ്യവസ്ഥകള്ക്ക് എതിരെ ട്രേഡ് യൂണിയനുകള് പ്രതിഷേധം ഉയര്ത്തുകയാണ്. ഈ സാഹചര്യത്തില് ആണ് ഇന്ത്യയിലെ തൊഴിലാളികള് സി ഐ ടി യുവിന്റെ നേതൃത്വത്തില് പാര്ലമെന്റ് മാര്ച്ച് നടത്തുന്നത്. രാംലീല മൈതാനത്തു നിന്നും തുടങ്ങുന്ന മാര്ച്ചില് എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണം. പ്രവര്ത്തകര് നവംബര് 30ന് തന്നെ ഡല്ഹിയില് എത്തിചേരണം എന്നും ടിപി രാമകൃഷ്ണന് പറഞ്ഞു
സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് നാലരയ്ക്കു സഹകരണജീവനക്കാരുടെ പ്രകടനം നടക്കും. സ്റ്റേഡിയം കോര്ണറില്നിന്നാരംഭിക്കുന്ന പ്രകടനം ബീച്ചിലെ ഫ്രീഡം സ്ക്വയറില് സമാപിക്കും. പൊതുസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ. ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. തുടര്ന്നു കണ്ണൂര് ഷെരീഫും സംഘവും ഗാനമേള അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരിയില് നടത്തിയ സെമിനാര് കോഴിക്കോട് കോര്പറേഷന് ഡെപ്യൂട്ടി മേയര് എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയിലെ പ്രതിസന്ധിയും അതിജീവനവും എന്ന വിഷയം കെ.സി.ഇ.യു. സംസ്ഥാന ട്രഷറര് പി.എസ്. ജയചന്ദ്രന് അവതരിപ്പിച്ചു.കെ. ബാബു അധ്യക്ഷത വഹിച്ചു.
