Indian Cooperator

പത്തുവര്‍ഷ കാലാവധി പാലിക്കാതെ ജില്ലാബാങ്ക് ഭരണസമിതിയില്‍ തുടര്‍ന്ന് സഹകരണമന്ത്രി; പുറത്താക്കാന്‍ ആര്‍.ബി.ഐ. നിര്‍ദ്ദേശം

കെ. ജയപ്രകാശ്Reporter

തുടര്‍ച്ചയായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും സ്ഥാനത്തു തുടര്‍ന്ന എട്ടു ജില്ലാബാങ്ക് ഡയറക്ടര്‍മാരില്‍ ഏഴുപേരും രാജിവെച്ചപ്പോള്‍ ഒരാള്‍മാത്രം വിസമ്മതിച്ച് പിടിച്ചുനിന്നു. അദ്ദേഹത്തെ പുറത്താക്കണമെന്നു റിസര്‍വ് ബാങ്ക് ജില്ലാബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതു മറ്റാരുമല്ല, സംസ്ഥാനത്തെ സഹകരണമന്ത്രികൂടിയായ ഡയറക്ടറാണ്.

മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലാ സഹകരണബാങ്കിലാണു സംഭവം. 1949 ലെ ബാങ്കിങ്നിയന്ത്രണനിയമത്തിലെ 56-ാം സെക്ഷനിലെ 10 എ (2എ) (i ) സെക്ഷനുകീഴില്‍ വരുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു റിസര്‍വ് ബാങ്ക് എട്ടാമത്തെ ഡയറക്ടറോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപ്രകാരം സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലാത്ത ഡയറക്ടറെ നീക്കംചെയ്യാന്‍ ലാത്തൂര്‍ ജില്ലാബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നു പരാതിക്കാരനു നല്‍കിയ കത്തില്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. പത്തുവര്‍ഷം പിന്നിട്ടിട്ടും സ്ഥാനമൊഴിയാത്ത ഡയറക്ടര്‍മാര്‍ക്കെതിരെ ബാങ്കിലെ അംഗമായ സതീഷ് ശേഷറാവു ജാദവാണു പരാതി കൊടുത്തത്.

2026 മെയ് 25 നാണു ജാദവ് റിസര്‍വ് ബാങ്കിനു പരാതിയയച്ചത്. ഇതില്‍ നടപടിയൊന്നും എടുക്കാഞ്ഞതിനെത്തുടര്‍ന്ന് ജാദവ് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനു മുമ്പാകെ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഓഗസ്റ്റ് മൂന്നിനു റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഭരണസമിതിയിലെ ഏഴുപേരും സെപ്റ്റംബര്‍ പത്തിനു രാജിവെച്ചൊഴിഞ്ഞു. എന്നാല്‍, സഹകരണമന്ത്രി ബാബാസാഹേബ് പാട്ടീല്‍ ഒഴിയാന്‍ വിസമ്മതിച്ചു. ഇദ്ദേഹത്തെ നീക്കണമെന്ന് സെപ്റ്റംബര്‍ പതിനെട്ടിനു റിസര്‍വ് ബാങ്ക് ലാത്തൂര്‍ ജില്ലാബാങ്കിനോട് നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഉത്തരവ് നടപ്പായിട്ടില്ല. കാലാവധിനിയന്ത്രണം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ പാടില്ലെന്നാണു മന്ത്രിയുടെ വാദം. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 2026 ഒക്ടോബര്‍ 26 നാണ് അവസാനിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്ക് പക്ഷേ, ഈ വാദം തള്ളി. താന്‍ ഹൈക്കോടതിയില്‍ ഇതു ചോദ്യംചെയ്യുമെന്നാണു മന്ത്രി പറയുന്നത്. സുനേത്ര പവാറിന്റെ പക്ഷത്തുള്ള എന്‍.സി.പി.യുടെ മന്ത്രിയാണു ബാബാസാഹെബ് പാട്ടീല്‍.

Related posts

മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി 400 കോടിയുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

Indian Cooperator

ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ സഹകരണമേഖലയില്‍ അഴിമതി അന്വേഷണത്തിന് സി.ബി.ഐ.

Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator
error: Content is protected !!