രാജ്യതലസ്ഥാനത്തെ എല്ലാ സഹകരണഗ്രൂപ്പ് ഹൗസിങ്സൊസൈറ്റികളും തങ്ങളുടെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നു ഡല്ഹി സഹകരണസംഘം രജിസ്ട്രാര് നിര്ദേശിച്ചു. എന്തെങ്കിലും സുരക്ഷാവീഴ്ചയുണ്ടായി അപകടമുണ്ടായാല് സംഘങ്ങളുടെ ഭരണസമിതികള്ക്കായിരിക്കും ഉത്തരവാദിത്തമെന്നു രജിസ്ട്രാര് ഓര്മിപ്പിച്ചു. തങ്ങള് സ്വീകരിച്ചിട്ടുള്ള സുരക്ഷാനടപടികളെക്കുറിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാനും രജിസ്ട്രാര് നിര്ദേശിച്ചിട്ടുണ്ട്. ഡല്ഹിയില് അടുത്തകാലത്ത് കെട്ടിടങ്ങള് തകര്ന്ന് ആളുകള് മരിക്കാനിടയായ പശ്ചാത്തലത്തിലാണു സഹകരണവകുപ്പിന്റെ ഈ നടപടി.
കെട്ടിടങ്ങളുടെ സുരക്ഷയും മറ്റു സൗകര്യങ്ങളും അപകടസാധ്യതയുള്ള കാര്യങ്ങളും പരിശോധിച്ച് അവ തിരുത്തിക്കൊണ്ടുള്ള നടപടികള് ഹൗസിങ് സഹകരണസംഘങ്ങള് നിര്വഹിക്കണമെന്നാണ് ഒക്ടോബര് ഒന്നിനു രജിസ്ട്രാര് പുറപ്പെടുവിച്ച സര്ക്കുലറില് പറയുന്നത്. 2007 ലെ ഡല്ഹി സഹകരണസംഘംനിയമത്തിലെ ചട്ടം 106 അനുസരിച്ച് വീടുകളുടെ അറ്റകുറ്റപ്പണി, പരിപാലനം, പരിശോധന എന്നിവയുടെ ഉത്തരവാദിത്തം ഭരണസമിതിക്കാണെന്നു സര്ക്കുലറില് എടുത്തുപറയുന്നു. യോഗ്യരായ എന്ജിനിയര്മാരെയോ ഏജന്സികളെയോ നിയോഗിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അഗ്നിസുരക്ഷാസംവിധാനങ്ങള് ശരിയായി പ്രവര്ത്തിക്കുന്നുണ്ടെന്നതിനുള്ള സര്ട്ടിഫിക്കറ്റുകള് കരുതിവെക്കണം. ലിഫ്റ്റുകളുടെ പ്രവര്ത്തനവും പരിശോധിച്ച് ഉറപ്പു വരുത്തി സര്ട്ടിഫിക്കറ്റ് വാങ്ങണം. ഭരണസമിതിയംഗങ്ങള് നേരിട്ടുതന്നെ വീടുകള് സന്ദര്ശിച്ച് കെട്ടിടത്തിനു വല്ല വിള്ളലോ ചോര്ച്ചയോ ഉണ്ടോ എന്നു പരിശോധിക്കണം. അഥവാ എന്തെങ്കിലും അപകടസാധ്യതയുള്ള തകരാറ് കണ്ടെത്തിയാല് ഉടനെത്തന്നെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തണം – സര്ക്കുലറില് നിര്ദേശിക്കുന്നു. പതിവായി പരിശോധനയും കൃത്യസമയത്തുള്ള അറ്റകുറ്റപ്പണിയും തീപ്പിടിത്തത്തിനുള്ള സാധ്യത തടയലുമൊക്കെ ഭരണസമിതിയംഗങ്ങള് ഉറപ്പാക്കേണ്ടതാണ്. പരിശോധനയുടെയും കണ്ടുപിടിച്ച തകരാറുകളുടെയും പരിഹരിക്കാനെടുത്ത നടപടികളുടെയും രേഖകള് സംഘങ്ങള് സൂക്ഷിക്കണം. കെട്ടിടങ്ങളിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനെടുത്ത നടപടികളുടെ റിപ്പോര്ട്ട് രജിസ്ട്രാറുടെ ഓഫീസില് ഒരു മാസത്തിനകം സമര്പ്പിക്കാനാണു നിര്ദേശം.
ഏതാനും മാസങ്ങള്ക്കിടയില് കെട്ടിടങ്ങള് തകര്ന്നും തീപ്പിടിച്ചും ഡല്ഹിയില് ഒട്ടേറെയാളുകള് മരിച്ചിട്ടുണ്ട്. മേയില് സെയ്ദുലാജബില് കെട്ടിടം തകര്ന്ന് ആറുപേരാണു മരിച്ചത്. ജൂണില് തീപ്പിടിത്തമുണ്ടായി മരിച്ചത് 23 പേരാണ്. സെപ്റ്റംബറില് പേയിങ്ഗസ്റ്റുകള് താമസിച്ചിരുന്ന അഞ്ചുനിലക്കെട്ടിടം തകര്ന്ന് ഏഴു പേരും മരിച്ചു.
