Indian Cooperator

വായ്പാസംഘങ്ങളില്‍നിന്ന് പണം മുക്കിയവരുടെ സ്വത്ത് കണ്ടെടുക്കാനും ലേലംചെയ്യാനും മഹാരാഷ്ട്രയില്‍ ടാസ്‌ക്ഫോഴ്സ്

കെ. ജയപ്രകാശ്Reporter

സാമ്പത്തികക്രമക്കേടുകള്‍ കാരണം കുഴപ്പത്തിലായ വായ്പാസഹകരണസംഘങ്ങളിലെ ആരോപണവിധേയരില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ പുതുവഴി തേടുന്നു. പ്രത്യേക ടാസ്‌ക്ഫോഴ്സുകള്‍ / താലൂക്കുതല സമിതികള്‍ രൂപവത്കരിച്ച് സ്വത്തുപിടിച്ചെടുക്കലും ലേലത്തില്‍വെക്കലും നടത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 469 വായ്പാസംഘങ്ങളിലാണു നിക്ഷേപകരുടെ പണം പലരും കവര്‍ന്നെടുത്തത്. ഇതിനുത്തരവാദികളായ സംഘംഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വായ്പക്കാര്‍ എന്നിവരില്‍നിന്നു പണം തിരിച്ചുപിടിക്കാനുള്ള പോംവഴിയായാണു ടാസ്‌ക്ഫോഴ്സുകളുണ്ടാക്കുന്നത്. 1960 ലെ മഹാരാഷ്ട്ര സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 88 അനുസരിച്ചാണ് ഇത്തരമൊരു സംവിധാനം. എല്ലാ വായ്പാസംഘങ്ങളിലുംകൂടി ആരോപണവിധേയരായ ഡയറക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വായ്പക്കാരുടെയും എണ്ണം 1,949 ആണ്.

റവന്യൂ, സഹകരണ, ആഭ്യന്തരവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ തിരിച്ചുപിടിക്കല്‍സംവിധാനം സബ്ഡിവിഷണല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു നടപ്പാക്കുക. സാമ്പത്തികക്രമക്കേട് കാട്ടി പണം തട്ടുകയും വായ്പാതിരിച്ചടവു മുടക്കുകയും ചെയ്തിട്ടുള്ളവരുടെ സ്വത്തുക്കള്‍ കണ്ടെത്താനും അതു കണ്ടുകെട്ടാനും ലേലം നടത്താനുമൊക്കെ ഈ സംവിധാനമാണു പ്രവര്‍ത്തിക്കുക. സഹകരണവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതനുസരിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രവര്‍ത്തിക്കുന്ന കാര്‍ഷികേതരവായ്പാസംഘങ്ങളാണു സാമ്പത്തികക്കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നത്.

വായ്പാസംഘങ്ങളില്‍ പണയപ്പെടുത്തിയിട്ടുള്ളതോ കണ്ടുകെട്ടിയിട്ടുള്ളതോ ആയ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്ന നടപടികള്‍ക്കിടയില്‍ അവ വേറെയാള്‍ക്കു കൈമാറ്റം ചെയ്യപ്പെടുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ തടഞ്ഞുവെക്കാനും അനധികൃതകൈമാറ്റങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും സബ് രജിസ്ട്രാര്‍മാര്‍ക്കു നിര്‍ദേശം കൊടുത്തുകഴിഞ്ഞു. സംഘംഡയറക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്തിട്ടുള്ള ക്രിമിനല്‍കേസുകളുടെ പുരോഗതിയും ഈ ടാസ്‌ക്ഫോഴ്സ് വിലയിരുത്തും. 469 സംഘങ്ങളിലെയും ആരോപണവിധേയരായ ഡയറക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുടിശ്ശികക്കാരുടെയും ജാമ്യംനിന്നവരുടെയും സ്വത്തുക്കള്‍ പിടിച്ചെടുത്തു ലേലത്തില്‍വെക്കുന്നതുവരെ ടാസ്‌ക്ഫോഴ്സ് പ്രവര്‍ത്തിക്കും. പണം തട്ടിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ലേലത്തില്‍ വില്‍ക്കാനുമുള്ള റിക്കവറിഉദ്യോഗസ്ഥരുടെ പെടാപ്പാട് കണ്ടിട്ടാണു സംസ്ഥാനസര്‍ക്കാര്‍ ഇത്തരമൊരു സംവിധാനത്തിനു രൂപം നല്‍കിയത്.

Related posts

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator

120 -ാം വാര്‍ഷികത്തില്‍കാഴ്ചശേഷിയില്ലാത്തനാലു പേര്‍ക്ക് ജോലി നല്‍കി കോസ്‌മോസ് ബാങ്ക്

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator
error: Content is protected !!