ക്ഷീരസംരംഭങ്ങളിലൂടെ ഗ്രാമീണവനിതകളുടെ ജീവിതനിലവാരം ഉയര്ത്തുന്നതിനു ഗുജറാത്തിലെ 18,000 ഗ്രാമങ്ങളില് അമുലിന്റെ മില്ക്ക് പാര്ലറുകള് തുടങ്ങുന്നു. സ്വയംസഹായഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വനിതകള്ക്കായിരിക്കും മില്ക്ക് പാര്ലര് തുടങ്ങാന് അനുമതി നല്കുകയെന്നു സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല് അറിയിച്ചു.
ഗുജറാത്ത് ഉപജീവന പ്രോത്സാഹനക്കമ്പനിയും അമുലുമായുള്ള ധാരണാപത്രത്തിലൂടെയാവും ഈ പദ്ധതി നടപ്പാക്കുക. രാജ്കോട്ടില് നടന്ന ചടങ്ങില് മില്ക്ക് പാര്ലര് അനുവദിച്ചുകൊണ്ടുള്ള കത്തുകളും സ്വയംസഹായഗ്രൂപ്പുകള്ക്കുള്ള സാമ്പത്തികസഹായവും മുഖ്യമന്ത്രി പട്ടേല് വിതരണം ചെയ്തു. ക്ഷീരോത്പാദനവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്ക്ക് 40 ലക്ഷം രൂപയാണു ചടങ്ങില് വിതരണം ചെയ്തത്.
കേരളത്തിലും അമൂല് വിപണന ശൃംഖല ഒരുക്കാനുള്ള നടപടികള് തുടങ്ങുകയാണ്. മള്ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കീഴില് ഔട് ലറ്റുകളായിട്ടോ, സ്വയംസംഘങ്ങളുടെ സംരഭങ്ങളായിട്ടോ അമൂല് വിപണന ശൃംഖല സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ കര്ണാടകയിലെ മില്ക് ഫെഡറേഷനും കേരളത്തില് ഔട്ലറ്റുകള് തുടങ്ങാന് തീരുമാനിച്ചിരുന്നു. അവരുടെ നന്ദിനി പാലും പാല് ഉല്പ്പനങ്ങളും കേരളത്തില് നേരിട്ട് വിപണയിലിറക്കുകയായിരുന്നു ലക്ഷ്യം. മില്മയുടെ ശക്തമായ എതിര്പ്പിനെ തുടര്ന്നാണ് ഇത് പൂര്ണമായും നടക്കാതെ പോയത്. ഇപ്പോള് ഏജന്റുമാര് വഴി നന്ദിനി പാല് കേരളത്തില് ചിലയിടങ്ങളില് വിതരണം ചെയ്യുന്നുണ്ട്.
