Indian Cooperator

തമിഴ്നാട്ടില്‍ ജില്ലകള്‍ 38;പക്ഷേ, ജില്ലാബാങ്കുകള്‍ 24,തിരുപ്പൂരില്‍ പുതിയ ജില്ലാബാങ്കിനു ശ്രമം തുടങ്ങി

എല്ലാ ജില്ലകളിലും ജില്ലാസഹകരണ ബാങ്കുകള്‍ രൂപവത്കരിക്കാനുള്ള കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ച് തമിഴ്‌നാട് മുന്നോട്ട്. തമിഴ്‌നാട്ടില്‍ 7.75 കോടിയാണ് ജനസംഖ്യ. ജില്ലകള്‍ 38. ആകെയുള്ളത് 24 കേന്ദ്ര ജില്ലാ സഹകരണബാങ്കുകള്‍. എല്ലാ ജില്ലകളിലും ജില്ലാബാങ്ക് ഉറപ്പാക്കാനുള്ള ആലോചനയിലാണ് തമിഴ്‌നാട്. അതിന്റെ ആദ്യ നടപടിയായി ഇപ്പോള്‍ തിരുപ്പൂരില്‍ പുതുതായി ഒരു ജില്ലാ സഹകരണബാങ്ക് രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

തമിഴ്‌നാട്ടിലേതില്‍നിന്നും വ്യത്യസ്തമായ സാമൂഹ്യ സാഹചര്യമാണ് കേരളത്തിലേത്. അതിവേഗം നഗരവല്‍ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരുനഗരമായ സംസ്ഥാനമാകെ നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഇവിടെ കേന്ദ്രീകൃതമായ അപ്പക്‌സ് ബാങ്കാണ് സഹകരണ ബാങ്കിങ് ഘടനയില്‍ അനിയോജ്യമെന്ന വിലയിരുത്തലിലാണ്, കേരളത്തില്‍ രണ്ടുതട്ടിലുള്ള സഹകരണ വായ്പാഘടന മതിയെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. ശ്രീറാം കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടും അതാണ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, കേരളത്തേക്കാളും ഇരട്ടിയിലധികം ജനസംഖ്യയുള്ള തമിഴ്‌നാട്ടിലെ സ്ഥിതി അതല്ല. ഓരോ ജില്ലയും ഒറ്റപ്പെട്ട തുരുത്തായി നില്‍ക്കുകയാണ്. അവിടെ പ്രാഥമിക സംഘങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒരു ഫിനാന്‍സിങ് ബാങ്ക് നിര്‍ബന്ധമാണ്. ഇന്ത്യയുടെ വസ്ത്രവ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുപ്പൂരില്‍ ജില്ല രൂപംകൊണ്ടിട്ട് 17 വര്‍ഷം കഴിഞ്ഞു. എന്നിട്ടും, ജില്ലയ്ക്കു സ്വന്തമായൊരു ജില്ലാ കേന്ദ്ര സഹകരണബാങ്കില്ല. ഏതായാലും, ജോസഫ് വിജയ്സര്‍ക്കാര്‍ തിരുപ്പൂരില്‍ ഒരു ജില്ലാബാങ്ക് രൂപവത്കരണത്തിനുള്ള സാധ്യത പരിശോധിക്കുകയാണ്. കര്‍ഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ഇതിനായി ഒരു പ്രത്യേകസമിതിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. തിരുപ്പൂര്‍ജില്ലയിലെ സഹകരണസംഘങ്ങള്‍ ഇപ്പോഴും കോയമ്പത്തൂര്‍ ജില്ലാ സഹകരണബാങ്കിന്റെയും ഈറോഡ് ജില്ലാ സഹകരണബാങ്കിന്റെയും കീഴിലാണു പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാര്‍ ജി. ലത പുതിയ ജില്ലാബാങ്കിന്റെ സാധ്യത വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നിയോഗിച്ചിട്ടുള്ള പ്രത്യേകസമിതിയുടെ ചെയര്‍മാന്‍ വിരമിച്ച ഐ.എ.എസ്. ഓഫീസര്‍ ജതീന്ദ്രനാഥാണ്. തമിഴ്നാട് അര്‍ബന്‍ സഹകരണബാങ്ക് മാനേജിങ് ഡയറക്ടര്‍ പി. ലോകനാഥനാണുകോ-ഓര്‍ഡിനേറ്റര്‍. ഈറോഡ്, കോയമ്പത്തൂര്‍ ജില്ലാ സഹകരണബാങ്കുകളുടെ മാനേജിങ് ഡയറക്ടര്‍മാരും തമിഴ്നാട് അപക്സ് സഹകരണബാങ്ക് ജനറല്‍ മാനേജരും സമിതിയിലുള്‍പ്പെടും. ലാഭകരമായി നടത്താവുന്ന ഒരു കേന്ദ്ര ജില്ലാ സഹകരണബാങ്കിന്റെ സാധ്യതകള്‍ പരിശോധിക്കാനാണു രജിസ്ട്രാര്‍ ഈ സമിതിയോടാവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപസമാഹരണം, വായ്പാവിതരണം, കോയമ്പത്തൂര്‍, ഈറോഡ് ജില്ലാബാങ്കുകള്‍ക്കെതിരെ പുതിയ ജില്ലാബാങ്ക് ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചൊക്കെ പഠിക്കാനാണു രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സാമൂഹികപ്രവര്‍ത്തകനും തമിഴ് മാനില കോണ്‍ഗ്രസ്സിന്റെ തിരുപ്പൂര്‍ ഈസ്റ്റ് ജില്ലാ പ്രസിഡന്റുമായ സി. കാളിദാസ് പുതിയ ജില്ലാബാങ്ക് രൂപവത്കരണത്തെ സ്വാഗതം ചെയ്തു. തിരുപ്പൂര്‍ജില്ലയ്ക്കായിമാത്രം ഒരു കേന്ദ്രബാങ്ക് ഏറെക്കാലമായി തങ്ങള്‍ ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുന്തിയ പരിഗണന നല്‍കി എത്രയും പെട്ടെന്നു ജില്ലാബാങ്ക് യാഥാര്‍ഥ്യമാക്കണമെന്നു കാളിദാസ് ആവശ്യപ്പെട്ടു.

2009 ലാണു തിരുപ്പൂര്‍ജില്ല രൂപംകൊണ്ടത്. കോയമ്പത്തൂരിനു കീഴിലെ തിരുപ്പൂര്‍, അവിനാശി, പല്ലടം, ഉദുമല്‍പേട്ട് താലൂക്കുകളും ഈറോഡിനു കീഴിലെ ധാരാപുരം, കങ്കേയം താലൂക്കുകളും ഉള്‍പ്പെടുത്തിയാണു തിരുപ്പൂര്‍ജില്ല രൂപവത്കരിച്ചത്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരത്തിനായി ഉന്നതഉദ്യോഗസ്ഥരെ കാണണമെങ്കില്‍ കര്‍ഷകര്‍ക്കും മറ്റും ഏറെ ദൂരം യാത്രചെയ്യണം.

തമിഴ്നാട്ടില്‍ 24 കേന്ദ്ര ജില്ലാ സഹകരണബാങ്കുകളാണുള്ളത്. ഇവയ്ക്കെല്ലാംകൂടി 717 ശാഖകളുണ്ട്. 38 ജില്ലകളാണു സംസ്ഥാനത്തുള്ളത്. 2020 ലാണ് 38-ാമത്തെ ജില്ലയായ മയിലാടുതുറൈ രൂപവത്കരിച്ചത്. ചെന്നൈ, കോയമ്പത്തൂര്‍, കടലൂര്‍, ധര്‍മപുരി, ദിണ്ഡിഗല്‍, ഈറോഡ്, കാഞ്ചീപുരം, കന്യാകുമാരി, കുംഭകോണം, മധുര, നീലഗിരി, പുതുക്കോട്ടൈ, രാമനാഥപുരം, സേലം, ശിവഗംഗ, തഞ്ചാവൂര്‍, തിരുവണ്ണാമലൈ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനല്‍വേലി, വെല്ലൂര്‍, വില്ലുപുരം, വിരുദനഗര്‍ ജില്ലാബാങ്കുകളാണു നിലവിലുള്ളത്. ഇവയില്‍ കോയമ്പത്തൂര്‍, ഈറോഡ്, ധര്‍മപുരി, കുംഭകോണം, കാഞ്ചീപുരം, മധുര, സേലം, തഞ്ചാവൂര്‍, തിരുനല്‍വേലി, തിരുച്ചിറപ്പള്ളി, വില്ലുപുരം, വെല്ലൂര്‍ ജില്ലാബാങ്കുകളുടെ പ്രവര്‍ത്തനപരിധിയില്‍ ഒന്നിലധികം ജില്ലകളുണ്ട്.

താഴെത്തട്ടില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളും മധ്യതലത്തില്‍ ജില്ലാ സഹകരണബാങ്കുകളും മേലേത്തട്ടില്‍ സംസ്ഥാന സഹകരണബാങ്കുമുള്‍ക്കൊള്ളുന്ന ത്രിതലഘടനയിലാണു തമിഴ്നാട്ടിലെ സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഡേറ്റയനുസരിച്ച് തമിഴ്നാട്ടിലെ ആകെ സഹകരണസംഘങ്ങളുടെ എണ്ണം 23,080 ആണ്. ഇതില്‍ 4,453 എണ്ണം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളാണ്. എംപ്ലോയീസ് വായ്പാസഹകരണസംഘങ്ങള്‍ 1,715, അര്‍ബന്‍ബാങ്കുകള്‍ 128, അര്‍ബന്‍ സഹകരണഹൗസിങ് സൊസൈറ്റികള്‍ 834, താലൂക്ക് സഹകരണ ഹൗസിങ് സൊസൈറ്റികള്‍ 196 എന്നിങ്ങനെയാണു മറ്റു സംഘങ്ങളുടെ എണ്ണം.

ഓരോ റവന്യൂജില്ലയിലും പ്രത്യേകം ജില്ലാ സഹകരണബാങ്കുകള്‍ വേണമെന്നതു ദീര്‍ഘകാലമായുള്ള ആവശ്യമാണെങ്കിലും അതു പ്രാവര്‍ത്തികമാവുന്നില്ല. പുതുതായി ജില്ലാബാങ്ക് രൂപവത്കരിക്കാനും നിലവിലുള്ള ഒരു ബാങ്കിനെ വിഭജിക്കാനും റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും കര്‍ശന മാനദണ്ഡങ്ങളുണ്ട്. ബാങ്കിന്റെ സാമ്പത്തികഭദ്രതയും ആവശ്യത്തിനുള്ള പ്രവര്‍ത്തനമൂലധനവും ലാഭസാധ്യതയും ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പുതിയ ലൈസന്‍സ് ലഭിക്കുകയുള്ളു. ചെറിയ ബാങ്കുകളായി വിഭജിച്ചാല്‍ അവയ്ക്കു വാണിജ്യബാങ്കുകളുമായി മത്സരിക്കാന്‍ കഴിയാതെ വരും. അങ്ങനെ വന്നാല്‍ ബാങ്ക് പ്രതിസന്ധിയിലാകും. സഹകരണബാങ്കിങ്മേഖലയെ ശക്തിപ്പെടുത്താന്‍ വികേന്ദ്രീകരണമല്ല ഏകീകരണമാണു നല്ലതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. കേരളം ജില്ലാബാങ്കുകളെ സംസ്ഥാനബാങ്കുമായി ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിച്ചതൊക്കെ തമിഴ്നാട്ടിലും ചര്‍ച്ചയാവുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികാസത്തിനും ആധുനികബാങ്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വലിയ ബാങ്കുകളാണ് അനുയോജ്യമെന്നും വാദമുണ്ട്.

Related posts

സഹകരണസംഘങ്ങള്‍ഇന്‍ഷുറന്‍സ് രംഗത്തേക്കും; സംഘങ്ങൾക്ക് കീഴിൽ പ്രത്യേകം സ്ഥാപനം തുടങ്ങാം

Indian Cooperator

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

Indian Cooperator

കര്‍ണാടകത്തിലെ സഹകരണആരോഗ്യപദ്ധതിയില്‍ ഇക്കൊല്ലം50 ലക്ഷം പേരെ ചേര്‍ക്കും

Indian Cooperator
error: Content is protected !!