Indian Cooperator

സഹകരണസംഘങ്ങള്‍ഇന്‍ഷുറന്‍സ് രംഗത്തേക്കും; സംഘങ്ങൾക്ക് കീഴിൽ പ്രത്യേകം സ്ഥാപനം തുടങ്ങാം

രാജ്യത്തെ സഹകരണസംഘങ്ങളും ബാങ്കുകളും ഇന്‍ഷുറന്‍സ് ഏജന്‍സിരംഗത്തേക്ക്. നൂറ്റിയമ്പതിലധികം സംഘങ്ങള്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കോര്‍പറേറ്റ് ഏജന്റുമാരായി ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഇന്‍ഷുറന്‍സ് മേഖല കടന്നുചെന്നിട്ടില്ലാത്ത ഗ്രാമീണ-അര്‍ധനഗരപ്രദേശങ്ങളില്‍ സഹകരണസംഘങ്ങളിലൂടെ ഇന്‍ഷുറന്‍സ്ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( IRDAI ) യുടെ കണക്കനുസരിച്ചു 2026 മാര്‍ച്ച് മൂന്നു വരെ നൂറ്റിയമ്പതിലധികം സംഘങ്ങള്‍ കോര്‍പറേറ്റ് ഏജന്റുമാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ അറിയിച്ചു. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണു സഹകരണസംഘങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സഹകരണബാങ്കുകള്‍ക്കു രാജ്യത്താകെ 22 കോടിയിലധികം നിക്ഷേപഅക്കൗണ്ടുകളുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ( പാക്‌സ് ) 13 കോടിയിലധികം കര്‍ഷകര്‍ അംഗങ്ങളാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ താഴെത്തട്ടില്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും. ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ ഏജന്‍സി എടുക്കുന്ന സംഘങ്ങളിലെ ജീവനക്കാര്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പോലുള്ള IRDA അംഗീകൃതസ്ഥാപനങ്ങളില്‍നിന്നു പരിശീലനം നേടിയിരിക്കണം- മന്ത്രി പറഞ്ഞു.  

ഇപ്പോള്‍ത്തന്നെ ഒട്ടേറെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ പൊതുസേവനകേന്ദ്രങ്ങളായി ( CSC ) പ്രവര്‍ത്തിച്ച് ഇന്‍ഷുറന്‍സും ഡിജിറ്റല്‍സേവനവും ഗ്രാമതലത്തില്‍ എത്തിക്കുന്നുണ്ട്. 2026 ഫെബ്രുവരി 24 വരെയുള്ള കണക്കനുസരിച്ച് 52,369 പ്രാഥമികസംഘങ്ങള്‍ പൊതുസേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ്‌നിയമത്തില്‍ 2025 ല്‍ വരുത്തിയ സബ്കാ ബീമാ സബ്കി രക്ഷ നിയമഭേദഗതിയനുസരിച്ചു സഹകരണസംഘങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. സംസ്ഥാനനിയമമനുസരിച്ചോ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമമനുസരിച്ചോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പുതിയ ഭേദഗതിയനുസരിച്ച് അനുമതി ലഭിക്കും.

Related posts

സെക്രട്ടറി വിരമിച്ചപ്പോള്‍ ഓഫീസ് ഒരു കാര്‍ഷിക വായ്പാ സംഘം തുറക്കാന്‍പോലും ആളില്ലാതായി

Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator
error: Content is protected !!