കേരളം ആസ്ഥാനമായി കാര്ഷിക-ടൂറിസംവികസനരംഗത്തു പ്രവര്ത്തിക്കുന്ന മള്ട്ടിസ്റ്റേറ്റ് സഹകരണസംഘമായ അറ്റ്കോസിന്റെ ( ATCOS – അഗ്രി ടൂറിസം മള്ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ) കാര്യങ്ങളില് വിശദമായ അന്വേഷണം നടത്താന് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര് ഉത്തരവിട്ടു. രണ്ടു മാസത്തിനകം അന്വേഷണം പൂര്ത്തിയാക്കി റിപ്പോര്ട്ട് സമര്പ്പിക്കാനാണു ന്യൂഡല്ഹിയിലെ പബ്ലിക് ഓഡിറ്റേഴ്സ് ഓഫ് ഇന്ത്യയോടാവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടണമെന്ന് അറ്റ്കോസ് സംഘം സ്വമേധയാ അപേക്ഷിച്ചതിനെത്തുടര്ന്നാണ് അന്തിമതീരുമാനത്തിനു മുമ്പ് ഒരന്വേഷണത്തിനു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര് ശിവപാല് സിങ് ഉത്തരവിട്ടിരിക്കുന്നത്. കാലാവധിയെത്തിയിട്ടും സംഘം തങ്ങളുടെ നിക്ഷേപം തിരിച്ചുതന്നിട്ടില്ലെന്നു പലരും പരാതിപ്പെട്ടിരുന്നു.
അറ്റ്കോസിന്റെ കളമശ്ശേരിയിലെ രജിസ്ട്രേഡ് ഓഫീസ് അടച്ചുപൂട്ടിയിരിക്കുകയാണെന്നും സംഘത്തിനെതിരെ തൃശ്ശൂര്, കളമശ്ശേരി, തോപ്പുംപടി, പിറവം തുടങ്ങിയ പൊലീസ്സ്റ്റേഷനുകളില് പരാതികള് കിട്ടിയിട്ടുണ്ടെന്നും 2026 ഫെബ്രുവരി മൂന്നിനു കേരളത്തിലെ സഹകരണസംഘം രജിസ്ട്രാര് നല്കിയ പരിശോധനാറിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. നിക്ഷേപകര്ക്ക് ഏതാണ്ട് 70 കോടി രൂപ സംഘം നല്കാനുണ്ടെന്നും രജിസ്ട്രാര് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അറ്റ്കോസ് സംഘത്തിന്റെ രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റിലെ പരിധി കഴിഞ്ഞും 50 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്ന് അറ്റ്കോസ് വിന്നേഴ്സ് അസോസിയേഷന് ആരോപിച്ചു. സംഘം പ്രൊമോട്ടര്മാരും ഡയറക്ടര്മാരും ഫണ്ടുകള് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാമ്പത്തികക്രമക്കേട് ആരോപിച്ച് സംഘത്തിനെതിരെ 81 ക്രിമിനല്കേസുകള് കേരളത്തില് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും അസോസിയേഷന് അറിയിച്ചു. ലിക്വിഡേഷന്നടപടിക്കുമുമ്പ് ഒരു സ്വതന്ത്രാന്വേഷണം വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. എന്നാല്, വോട്ടിങ്മെംബര്മാരില്നിന്നുള്ള സംഭാവനയാണു സ്വീകരിച്ചതെന്നും പൊതുജനങ്ങളില്നിന്നുള്ള നിക്ഷേപമല്ലെന്നും അറ്റ്കോസ് സംഘം പറയുന്നു. ഭൂമി, ടൂറിസംപദ്ധതികള്, തോട്ടങ്ങള്, കാര്ഷിക-വ്യവസായസംരംഭങ്ങള് ഉള്പ്പെടെയുള്ളവയില് സംഘം മുടക്കിയിട്ടുള്ള ആസ്തി നോക്കിയാല് ബാധ്യതയേക്കാള് കൂടുതല് വരുമെന്നാണ് അവകാശവാദം. സംഘത്തിനു തുടര്ച്ചയായി സാമ്പത്തികനഷ്ടമുണ്ടായെന്നും അവര് പറയുന്നു.
മതിയായ ആസ്തിയുണ്ടെങ്കില് എന്തുകൊണ്ട് അംഗങ്ങളുടെ പണം തിരിച്ചുകൊടുക്കാന് കഴിയുന്നില്ലായെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര് 30 നു നടത്തിയ ഹിയറിങ്ങില് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര് സംഘത്തോട് ആരാഞ്ഞിരുന്നു. പ്രവര്ത്തനം അവസാനിപ്പിക്കാനുള്ള സംഘത്തിന്റെ അപേക്ഷ പരിഗണിക്കുംമുമ്പ് സംഘത്തിന്റെ അക്കൗണ്ടും പ്രവര്ത്തനവും ഭാരവാഹികളുടെ പെരുമാറ്റവും / സ്വഭാവവും സംബന്ധിച്ച് ഒരു ആധികാരികപരിശോധന ആവശ്യമായി വന്നിരിക്കുന്നതായി കേന്ദ്ര രജിസ്ട്രാര് അഭിപ്രായപ്പെട്ടു. 2002 ലെ മള്ട്ടിസ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന് 78 ( 1 ബി ) പ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഘം അടച്ചുപൂട്ടണമെന്ന അപേക്ഷയില് ഈയന്വേഷണം പൂര്ത്തിയായശേഷമേ അന്തിമതീരുമാനമെടുക്കുകയുള്ളു.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങള് പ്രവര്ത്തനപരിധിയായിട്ടുള്ള അറ്റ്കോസ് മള്ട്ടിസ്റ്റേറ്റ് സഹകരണസംഘത്തിനു കേരളത്തില് പന്ത്രണ്ടും കോയമ്പത്തൂരില് ഒരു ശാഖയുമാണുള്ളത്. സാമ്പത്തികതിരിമറി നടന്നെന്ന പരാതികളെത്തുടര്ന്നു സംഘത്തിന്റെ ഏതാനും ഡയറക്ടര്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
