ഇന്ത്യയിലെ സഹകരണമേഖലയെ അടിമുടി മാറ്റിമറിക്കുന്നതിനായി കേന്ദ്ര സഹകരണമന്ത്രാലയം ദേശീയ സഹകരണനയം 2025ന്റെ ഭാഗമായി ആറ് പ്രധാന തൂണുകള് / സ്തംഭങ്ങള് (Six pillars ) പ്രഖ്യാപിച്ചു. ‘സഹകാര് സേ സമൃദ്ധി’ (സഹകരണത്തിലൂടെ സമൃദ്ധി) എന്ന കാഴ്ചപ്പാടോടെയാണ് ഈ പുതിയ നയം കേന്ദ്ര സഹകരണമന്ത്രാലയം വിഭാവന ചെയ്തിരിക്കുന്നത്. ബിസിനസ്സാധ്യത പ്രോത്സാഹിപ്പിച്ചുകൊണ്ടും സാങ്കേതികവിദ്യയുടെ സഹായം തേടിയും പുതുതായി രൂപംകൊള്ളുന്ന മേഖലകളിലേക്കു പ്രവേശിച്ചും യുവതലമുറയ്ക്കു കൂടുതല് പങ്കാളിത്തം നല്കിയും സഹകരണസ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണു ഇതുവഴി ലക്ഷ്യമിടുന്നത്.
അതേസമയം, സംസ്ഥാനങ്ങളില് കേന്ദ്രാധികാരം ഉറപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ പദ്ധതികള്ക്ക് പിന്നിലുള്ളതെന്ന് വിമര്ശനവും ശക്തമാണ്. നിയമപരമായ പരിഷ്കാരമടക്കം പുതിയ നിര്ദ്ദേശങ്ങളിലുണ്ട്. സംസ്ഥാനങ്ങളിലെ സഹകരണ നിയമം കേന്ദ്രവ്യവസ്ഥകള്ക്ക് അനുസരിച്ച് മാറ്റണമെന്ന് നേരത്തെ തന്നെ സഹകരണ മന്ത്രാലയം അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദ്യോഗസ്ഥതല യോഗങ്ങളില് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തതാണ്. അതിനാല്, ആറ് തൂണുകള് എന്നത് സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാനുള്ള ആറ് ടാര്ഗറ്റ് ആണെന്ന വിമര്ശനം ഉയരുന്നുണ്ട്.
എ.ഐ. യെ പ്രയോജനപ്പെടുത്തിയും ഹരിതോര്ജപദ്ധതികള്ക്കു രൂപംകൊടുത്തും യുവാക്കളെ കേന്ദ്രീകരിച്ചുള്ള നൈപുണിവികസനം നടത്തിയും കൂടുതല് ശക്തവും ചുറുചുറുക്കുള്ളതും എല്ലാവരെയും ഉള്ക്കൊള്ളുന്നതുമായ സഹകരണപ്രസ്ഥാനം വാര്ത്തെടുക്കാന് ഈ ആറു തൂണുകള് സഹായിക്കും എന്നാണു സഹകരണമന്ത്രാലയം അവകാശപ്പെടുന്നത്. കേന്ദ്ര സഹകരണമന്ത്രാലയം മുന്നോട്ടുവെച്ച ആറു തൂണുകള് ഇവയാണ്:
- സഹകരണസംഘങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുക ( Strengthening the Foundation ) .
നിയമപരമായ പരിഷ്കാരങ്ങള്, മികച്ച ഭരണനിര്വഹണം, സാമ്പത്തികകാര്യങ്ങളിലേക്കും ഡിജിറ്റലൈസേഷനിലേക്കും കൂടുതലായി കടന്നുചെല്ലുക എന്നീ നിര്ദേശങ്ങളാണ് ഇതിലുള്പ്പെടുന്നത്. സഹകരണസംഘാംഗങ്ങളുടെ മാറിവരുന്ന ആവശ്യങ്ങളോട് മെച്ചപ്പെട്ട രീതിയില് പ്രതികരിക്കുകവഴി സഹകരണസ്ഥാപനങ്ങളുടെ ശേഷിയും സുസ്ഥിരതയും വര്ധിപ്പിക്കാന് സാധിക്കുമെന്നാണു പ്രതീക്ഷ. പ്രാഥമിക കാര്ഷികവായ്പാ സംഘങ്ങളുടെ (പാക്സ്) ഡിജിറ്റലൈസേഷന് വഴി സഹകരണസ്ഥാപനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വര്ധിപ്പിക്കാന് ഇതു ലക്ഷ്യമിടുന്നു.
- ഊര്ജസ്വലത പ്രോത്സാഹിപ്പിക്കുക ( (Promoting Vibrancy).
സഹകരണമേഖലയ്ക്കു ഊര്ജസ്വലവും സ്വയംപര്യാപ്തവുമായ ഒരു ബിസിനസ്് ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് അവയുടെ സാമ്പത്തികപ്രവര്ത്തനങ്ങള് വിശാലമാക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കയറ്റുമതിയില് കൂടുതല് ഊന്നല് നല്കിയും ഗ്രാമീണബിസിനസ്മേഖലയില് കൂടുതല് ശ്രദ്ധ പതിപ്പിച്ചും വിപണികളില് കൂടുതല് സജീവമായി ഇടപെടാനും അതുവഴി സഹകരണസംഘാംഗങ്ങള്ക്കു കൂടുതല് വരുമാനം ഉണ്ടാക്കിക്കൊടുക്കാനുമാണു രണ്ടാമത്തെ നിര്ദേശം ലക്ഷ്യമിടുന്നത്.
- സഹകരണസംഘങ്ങളെ ഭാവിയിലേക്കായി സജ്ജമാക്കുക ( Making Cooperatives FutureReady ).
സഹകരണസംഘങ്ങളുടെ വളര്ച്ചയുടെ കേന്ദ്രബിന്ദുവായി സാങ്കേതികവിദ്യയെയും പ്രൊഫഷണല് മാനേജ്മെന്റിനെയുമാണു മൂന്നാമത്തെ തൂണ് പ്രതിഷ്ഠിക്കുന്നത്. വിശാലമായ രീതിയില് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയും ആധുനിക മാനേജ്മെന്റ്രീതികള് അവലംബിച്ചും ഒരു ടെക്നോളജി സ്റ്റാക് ( വെബ്സൈറ്റോ ആപ്പോ നിര്മിക്കാന് ഉപയോഗിക്കുന്ന പ്രോഗ്രാമിങ്ഭാഷകളുടെയും ടൂളുകളുടെയും കൂട്ടം ) വികസിപ്പിച്ചെടുക്കാന് മൂന്നാംതൂണ് സഹകരണസംഘങ്ങളോട് ആവശ്യപ്പെടുന്നു. വ്യാപകമായിവരുന്ന ഡിജിറ്റല് സമ്പദ്വ്യവസ്ഥയില് സഹകരണസംഘങ്ങള്ക്കു കൂടുതല് ഫലപ്രദമായി പ്രവര്ത്തിക്കാനും വിപണിയില് മത്സരക്ഷമത വര്ധിപ്പിക്കാനും ഇതു സഹായിക്കും.
- എല്ലാവരെയും ഉള്ക്കൊള്ളുക എല്ലാവരിലേക്കും എത്തുക (Promoting Inclusivtiy and Deepening Reach )..
സഹകരണപ്രസ്ഥാനത്തെ വികസിപ്പിച്ച് ജനകേന്ദ്രീകൃത സ്ഥാപനമാക്കി മാറ്റുക എന്നതിനാണിതില് ഊന്നല് നല്കുന്നത്. സഹകരണസംഘങ്ങളുടെ നേതൃത്വത്തില് എല്ലാവരെയും ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള വികസനനയമുണ്ടാക്കുകയും ഒരു ജനകീയപ്രസ്ഥാനമാക്കി സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്താല് സമൂഹത്തിലെ വലിയൊരു വിഭാഗത്തിലേക്കു സഹകരണത്തിന്റെ ഗുണഫലങ്ങള് എത്തിപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാനാവുമെന്നാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ പ്രതീക്ഷ.
- പുതിയതും അതിവേഗം വളര്ന്നുവരുന്നതുമായ മേഖലകളിലേക്കുള്ള പ്രവേശനം ( Entering new and emerging sectors ).
പരമ്പരാഗതപ്രവര്ത്തനങ്ങള്ക്കപ്പുറം സഹകരണസംഘങ്ങളെ വൈവിധ്യവത്കരണത്തിനു പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സമീപനംകൊണ്ടുദ്ദേശിക്കുന്നത്. ബയോഗ്യാസ്, ഹരിതോര്ജം, വേര്ഹൗസിങ്, ആരോഗ്യരക്ഷ തുടങ്ങിയ പുതുമേഖലകളിലേക്കു സഹകരണസംഘങ്ങള്ക്കുള്ള സാധ്യതകള് ഇതുവഴി തേടും. ഇത്തരത്തിലുള്ള വൈവിധ്യവത്കരണത്തിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനും സഹകരണസംഘങ്ങള്ക്കു പുതിയ ബിസിനസ്അവസരങ്ങള് സൃഷ്ടിക്കാനും കഴിയും.
- സഹകരണമേഖലയുടെ വളര്ച്ചയ്ക്കായി യുവതലമുറയെ രൂപപ്പെടുത്തുക ( Shaping young generation for Cooperative growth ).
യുവതലമുറയെ സഹകരണമേഖലയിലേക്കു കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണ് ഈ നിര്ദേശത്തിനു പിന്നിലുള്ളത്. ഇതിനായി പുതിയ കോഴ്സുകളും പരിശീലനപരിപാടികളും ആരംഭിക്കും. ഈ ആറ് തൂണുകളിലൂടെ അടുത്ത പത്തു വര്ഷത്തിനുള്ളില് രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോത്പാദനത്തില് ( ജി.ഡി.പി. ) സഹകരണമേഖലയുടെ സംഭാവന മൂന്നിരട്ടിയാക്കാനും 50 കോടി ജനങ്ങളെ സഹകരണപരിധിയില് കൊണ്ടുവരാനും കേന്ദ്ര സഹകരണമന്ത്രാലയം ലക്ഷ്യമിടുന്നു. കൂടാതെ, എല്ലാ ഗ്രാമങ്ങളിലും ഒരു സഹകരണസംഘമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താനും സഹകരണമന്ത്രാലയം ഉദ്ദേശിക്കുന്നു.
