Indian Cooperator

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്‍കിട നിക്ഷേപകര്‍ക്കായി പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍പനയ്ക്ക് വെക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഡിപ്പോര്‍ട്ട്‌മെന്റ് ഓഫ് ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി അരുണിഷ് ചാവ്‌ലയെ ഉദ്ധരിച്ച് ടിവി 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികളും വിറ്റഴിക്കുമെന്നാണ് വിവരം. 47,000 കോടിരൂപയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇന്‍ഷൂറന്‍സ് രംഗത്ത് പൂര്‍ണ വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അവസരം നല്‍കി കഴിഞ്ഞു. പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ട് പോലുള്ള വലിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് വിദേശ നിക്ഷേപകരില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്. ആ ഗണത്തിലേക്ക് ഇന്‍ഷുറന്‍സ് എത്തും. ബാങ്കിങ് ഓഹരികളില്‍ വിദേശ പങ്കാളിത്തം കൂട്ടുന്നതിനൊപ്പമാണ്, മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടത്തുന്നത്.

നിയമനുസരിച്ച് എല്‍ഐസിയിലെ ഓഹരി പങ്കാളിത്തം സര്‍ക്കാരിന് കുറയ്‌ക്കേണ്ടതായിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചില പൊതുമേഖല സ്ഥാപനങ്ങളിലെ ചെറിയ ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. ഇന്‍ഷുറന്‍സ്, പ്രതിരോധ കമ്പനികളുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് അരുണിഷ് ചാവ്‌ല വ്യക്തമാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതത്തില്‍നിന്ന് 47000 കോടിരൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐ.ഡിബി.ഐ ബാങ്ക് ഓഹരി വിറ്റഴിക്കല്‍ പൂര്‍ണമാകുമെന്നാണ് കരുതുന്നതെന്ന് ചാവ്‌ല പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കേന്ദ്രം നീക്കം നടത്തുന്നുണ്ട്. താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്ത് കുറെ മാറ്റത്തിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.ഇതിന്റെ ചുവട് പിടിച്ച് ബാങ്കിങ് രംഗത്തും പരിഷ്‌കരണം കൊണ്ടുവരാനാണ് ശ്രമം.  2020ലാണ് ഇതിന് മുമ്പ് പൊതുമേഖലാബാങ്കുകളുടെ ലയനം നടന്നത്. അന്ന് പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍നിന്ന് 12ലേക്ക് കുറിച്ചിരുന്നു. ലയനത്തിന് ശേഷം ബാങ്കുകള്‍ പ്രവര്‍ത്തന മികവ് വര്‍ദ്ധിച്ചിരുന്നു. സമീപകാലത്ത്  പൊതുമേഖല ബാങ്കുകളുടെ വരുമാനവും ലാഭവും കുത്തനെ ഉയരുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള കൂടുതല്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയനത്തിനായി കേന്ദ്രം തയ്യാറെടുക്കുന്നത്. നിലവില്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ മാത്രമാണ് ആഗോളതലത്തില്‍ മികച്ച 100 വായ്പാദാതാക്കളില്‍ ഉള്‍പ്പെടുന്നത്. വലിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകളെ പ്രാപ്തമാക്കുകയെന്നതാണ് ഇതിനെല്ലാം കേന്ദ്രം നല്‍കുന്ന വിശദീകരണം.  

Related posts

വെള്ളി പണയം വെച്ചാലുംസഹകരണബാങ്കില്‍നിന്നു വായ്പ കിട്ടും

Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator

പത്തുവര്‍ഷം ഇടപാടില്ലാത്ത അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റും; സംസ്ഥാനത്തുള്ളത് 2103 കോടി

Indian Cooperator