Indian Cooperator

നിരോധിച്ച രണ്ടായിരം രൂപ നോട്ടിന്റെ 98.44 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

പ്രചാരത്തിലുണ്ടായിരുന്ന രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചിട്ട് വര്‍ഷം മൂന്നാകാറാവുന്നു. എന്നിട്ടും 5551 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്.

പുറത്തിറക്കിയിരുന്ന രണ്ടായിരം രൂപ നോട്ടിന്റെ 98.44 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2023 മെയ് 19 നു രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുമ്പോള്‍ ആകെ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. അതിപ്പോള്‍ കുറഞ്ഞുകുറഞ്ഞു 2026 ഫെബ്രുവരി 28 നു ബിസിനസ് ക്ലോസ് ചെയ്ത സമയത്തു 5,551 കോടി രൂപയിലെത്തിയതായി റിസര്‍വ് ബാങ്ക് തിങ്കളാഴ്ച വ്യക്തമാക്കി.

രണ്ടായിരത്തിന്റെ നോട്ടുകള്‍ കൈമാറാനും ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂഓഫീസുകളിലും 2023 മെയ് 19 മുതല്‍തന്നെ സൗകര്യമൊരുക്കിയിരുന്നു. പോസ്റ്റ്ഓഫീസുകളില്‍നിന്നു ഇന്ത്യ പോസ്റ്റ് വഴി ഇഷ്യൂ ഓഫീസുകളിലേക്കു രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ടെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. പിന്‍വലിച്ചതാണെങ്കിലും രണ്ടായിരം രൂപ നോട്ടിന് ഇപ്പോഴും നിയമപരമായ സാധുതയുണ്ടെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു, ബെലാപ്പൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, പട്‌ന എന്നിവിടങ്ങളിലാണു റിസര്‍വ് ബാങ്കിന് ഇഷ്യൂ ഓഫീസുകളുള്ളത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ ഇഷ്യൂ ഓഫീസുകളിലേക്ക് അയയ്ക്കാം. ആ തുക ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റാകും. രാജ്യത്തെ ഏതു പോസ്റ്റാഫീസില്‍നിന്നും ഇന്ത്യാ പോസ്റ്റ് വഴി നോട്ട് അയയ്ക്കാം.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നു 2016 നവംബര്‍ പത്തിനാണു രണ്ടായിരത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ എന്നവകാശപ്പെട്ട് 2016 നവംബര്‍ എട്ടിനു രാത്രിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ വേണ്ടത്ര കിട്ടാനുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി 2023 മെയ് 19 നു രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചു. 201819 ല്‍ത്തന്നെ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു.

2017 മാര്‍ച്ച് 31 നു മുമ്പാണു രണ്ടായിരം രൂപയുടെ 89 ശതമാനം നോട്ടുകളും ഇറക്കിയതെന്നു കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. 1987 ലാണു പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. രണ്ടായിരത്തില്‍ പുതിയ ആയിരം രൂപ നോട്ടുകളും വന്നു. 1995 ല്‍ത്തന്നെ ഒരു രൂപ, രണ്ടു രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു.

രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 500, 1000, 10,000 രൂപാ നോട്ടുകള്‍ 1946 ജനുവരിയിലാണ് ആദ്യമായി അസാധുവാക്കിയത്. പിന്നീട് 1954 ല്‍ 1000, 5000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കി. ഇവയെല്ലാം 1978 ജനുവരിയില്‍ അസാധുവാക്കി.

Related posts

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

Indian Cooperator