Indian Cooperator

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

ഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാണ് സഹകരണ വകുപ്പ് ഈ മേഖലയില്‍ നടപ്പാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് പരിശോധിക്കുന്നത്. കോട്ടയത്ത് നടന്ന ‘വിഷന്‍ 2031’ സെമിനാറില്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ അവതതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്. സാമൂഹ്യക്ഷേമം, സാമ്പത്തിക വികസനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവ ലക്ഷ്യമിട്ടു സഹകരണവകുപ്പ് നടത്തിയ പദ്ധതികളുടെയും നേട്ടങ്ങളുടെയും സമഗ്ര അവലോകനമായി റിപ്പോര്‍ട്ട്.

ഗ്രാമീണ, മലയോര മേഖലകളിലെ സ്ത്രീകളെയും താഴെത്തട്ടിലുള്ള തൊഴിലാളികളെയും അമിത പലിശ ഈടാക്കുന്ന നിയമവിരുദ്ധ പണമിടപാടുകാരില്‍ നിന്ന് രക്ഷിക്കാന്‍ 2018-ല്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് മുറ്റത്തെമുല്ല. ഒരാള്‍ക്ക് 1,000 മുതല്‍ 50,000 വരെ വായ്പ നല്‍കുന്നു. 2025 മാര്‍ച്ച് 31 വരെ 1,092 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി 4,477.79 കോടി രൂപ എട്ടു ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.

2018-ലെ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനായി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് കെയര്‍ ഹോം. ആദ്യഘട്ടത്തില്‍ 2093 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. തൃശ്ശൂരിലെയും കണ്ണൂരിലെയും ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറി. പാലക്കാടും മലപ്പുറത്തും നിര്‍മാണം പുരോഗമിക്കുന്നു. അംഗസമാശ്വാസ നിധി എന്നത് ഗുരുതരമായ കാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, ഹൃദയ ശസ്ത്രക്രിയ, അപകടങ്ങള്‍ തുടങ്ങിയവ ബാധിച്ചവര്‍ക്കും, മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് വായ്പയുടെ ബാധ്യത ഏറ്റെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം നല്‍കുന്ന ഒരു ക്ഷേമപദ്ധതിയാണ്. ഏഴു ഘട്ടങ്ങളിലായി ഇതുവരെ 46,310 ഗുണഭോക്താക്കള്‍ക്ക് 97.44 കോടി രൂപയാണ് ഇതില്‍ അനുവദിച്ചത്.

സംഗങ്ങളുടെ കുടിശ്ശിക ഇല്ലാതാക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി. വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസം നല്‍കാനും സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 2025 ജനുവരി രണ്ടു മുതല്‍ ഏപ്രില്‍ 30 വരെ നടന്ന പദ്ധതിവഴി 1.6 ലക്ഷത്തിലധികം വായ്പാക്കാര്‍ക്ക് 573.13 കോടിയുടെ ഇളവ് ലഭിച്ചു. ഇതുവഴി സംഘങ്ങളിലേക്ക് 4,685.61 കോടി രൂപയുടെ വരുമാനം ഉണ്ടായി. ഉത്സവകാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് മുഖേന താല്‍ക്കാലിക വിപണികള്‍ ഒരുക്കാനും വകുപ്പിന് കഴിഞ്ഞു. ഈ വിപണികളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ വിതരണം ചെയ്യുന്നു. 2025-ലെ ഓണ വിപണിയില്‍ 1,800 ചന്തകള്‍ വഴി 157.42 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു.

അശരണരായ സഹകാരികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സഹകാരി സാന്ത്വനം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചവരോ നിലവില്‍ പ്രവര്‍ത്തിക്കുന്നവരോ ആയ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രോഗചികിത്സയ്ക്കായി പരമാവധി 50,000 രൂപയും മരണപ്പെട്ടാല്‍ കുടുംബത്തിന് പരമാവധി 25,000 രൂപയും സഹായം ലഭിക്കും. കേരള സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതില്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാരാണ് പ്രധാന പങ്ക് വഹിക്കുന്നത്. ഓരോ മാസവും 21 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വില്‍പന നടത്തുക എന്ന ലക്ഷ്യത്തോടെ കാപ്‌കോസ്, പാപ്‌കോസ് എന്നീ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചു. കേരളത്തിലെ 78 റവന്യൂ താലൂക്കുകളില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ധാന്യ സംഭരണശാലകള്‍ രൂപവതകരിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

കേരളത്തിലെ 36.5 ലക്ഷം പ്രവാസികളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമി ഏറ്റെടുത്ത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെ ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ പഴങ്ങള്‍ കൃഷി ചെയ്തു വിപണനം ചെയ്യുന്നതിന് ‘പ്ലാന്റ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. ഒരു നിശ്ചിത കാലയളവിനുശേഷം വരുമാനം നല്‍കുന്ന തോട്ടം ഭൂമിയോടൊപ്പം പ്രവാസിക്ക് തിരികെ നല്‍കും. സഹകരണ സംഘങ്ങളിലെ പരിശോധനാ നടപടികളുടെ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം എന്നിവ വര്‍ധിപ്പിക്കാനായി സഹകരണ വകുപ്പ് സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചു. കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ഷന്‍ മാനേജ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഇതിന്റെ പേര്. ഇതുവരെ 3,349 പരിശോധനകള്‍ ഇതുവഴി പൂര്‍ത്തീകരിച്ചു.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന്റെ നടപടികളും അന്തിമഘട്ടത്തിലായി. സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലും അവയുടെ ശാഖകളിലും ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. ഇത് സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, വായ്പാ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് എന്നിവ കാര്യക്ഷമമാക്കും. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയുടെ സംരക്ഷണത്തിനായി കോട്ടയത്ത് സ്ഥാപിച്ച സാംസ്‌കാരിക സ്ഥാപനമാണ് അക്ഷരം മ്യൂസിയം. ഏഷ്യയിലെ തന്നെ എഴുത്തുകാരുടെ ആദ്യസഹകരണ സംഘമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് നിര്‍മാണം. അടുത്ത ഘട്ടങ്ങള്‍ക്കായി കിഫ്ബി 14.98 കോടി രൂപ അനുവദിച്ചു.

Related posts

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator

കണ്‍സോര്‍ഷ്യം വായ്പയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി; പലിശ നല്‍കും

Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator
error: Content is protected !!