Indian Cooperator

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

സ്വകാര്യ പണമിടപാടുകാരുടെ ഇരട്ടപ്പണയ രീതിക്ക് വിലക്കിടാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ആര്‍ബിഐയുടെ ജൂണിലെ സ്വര്‍ണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഇത്തരം പണയത്തില്‍ നല്‍കുന്ന വായ്പകള്‍ നിര്‍ത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്പാ സ്ഥാപനം സ്വര്‍ണം അല്ലെ ങ്കില്‍ വെള്ളി പുനര്‍പണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഉപയോഗിക്കരുതെന്നാണ് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2026 ഏപ്രില്‍ ഒന്നിനാണ് ഈ ചട്ടം പ്രാബല്യത്തിലാവുക.

കേരളത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പലിശയിടപാടുകാരും സ്ഥിരമായി ചെയ്യുന്ന രീതിയാണ്. ഉയര്‍ന്ന പലിശയ്ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കുന്നതാണ് ഇത്തരം സംഘത്തിന്റെ രീതി. ഓടിയെത്തുമ്പോള്‍ മറ്റൊരുനടപടിക്രമവും ഇല്ലാതെ പണം ലഭിക്കുന്നുവെന്നതാണ് ജനങ്ങള്‍ ഇവരെ ആശ്രയിക്കാന്‍ കാരണം. ഇങ്ങനെ വാങ്ങിവെച്ച സ്വര്‍ണം മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിലോ ബാങ്കുകളിലോ പണമിടപാടുകാര്‍ പണയം വെക്കും. ഓരോ വായ്പയ്ക്കും നല്‍കിയ സ്വര്‍ണം പ്രത്യേകമായാണ് ബാങ്കിലും വെക്കുക. ബാങ്കുകള്‍ സ്വര്‍ണപണയ വായ്പയ്ക്ക് കുറഞ്ഞ പലിശയാണ് ഈടാക്കുന്നത്. സുരക്ഷിതമായ വായ്പ എന്ന നിലയിലാണിത്. പലിശയിലെ ഈ അന്തരം ലാഭമായി ലഭിക്കുമെന്നതാണ് സ്വകാര്യ പണമിടപാടുകാരുടെ നേട്ടം. ചെലവില്ലാതെ ധനസമാഹരണം നടത്താന്‍ ഈ പണമിടപാട് സംഘങ്ങള്‍ക്ക് കഴിയും. ഇതിനെയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് തടയുന്നത്.

സ്വര്‍ണവായ്പകളില്‍ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തുന്ന സ്വര്‍ണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്ജിങ് (പുനര്‍പണയ വായ്പ) രീതി അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ വായ്പകള്‍ക്ക് ഈടായി നല്‍കുന്ന സ്വര്‍ണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയില്‍ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്ജിങ്. സ്വര്‍ണത്തിനു വില കുത്തനെ ഉയര്‍ന്ന സാഹചര്യ ത്തില്‍ അനൗദ്യോഗിക വായ്പാ ശൃംഖലയില്‍ ഇത്തരം വായ്പകള്‍ കൂടുതല്‍ പ്രചാരം നേടിയത് കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

പല ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഇത്തരത്തില്‍ പുനര്‍പണയ വായ്പകള്‍ എടുക്കാറുണ്ട്. ഉപഭോക്താക്കള്‍ നല്‍കുന്ന സ്വര്‍ണം അതേരീതിയില്‍ പാക്കുചെയ്താണ് പുനര്‍പണയത്തിനായി നല്‍കുക. പല വായ്പകളാണെന്നതിനാല്‍ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകളുണ്ടെന്ന് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തില്‍ പല ബാങ്കുകളിലായി ഒരേ സ്ഥാപനത്തിന് വായ്പകളുണ്ടാകാം. ഗ്രാമ-അര്‍ധ നഗര മേഖലകളിലാണ് ഇത്തരം പണമിടപാട് കേന്ദ്രങ്ങള്‍ കൂടുതലായുമുള്ളത്.
ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ യഥാര്‍ഥ ഉടമകള്‍തന്നെ സ്വര്‍ണപ്പണയത്തിലൂടെ വായ്പയെടുത്താല്‍ മതിയെന്നാണ് ആര്‍ബിഐ പറയുന്നത്. 2025 സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് 3.2 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പകളാണ് ബാങ്കുകളില്‍ നിലവിലുള്ളത്.

Related posts

നിയമം പാലിക്കാത്തരണ്ട് അര്‍ബന്‍ബാങ്കുകള്‍ക്ക്അഞ്ചു ലക്ഷം രൂപ പിഴ

Indian Cooperator

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്

Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator
error: Content is protected !!