Indian Cooperator

പരമ്പരാഗത സഹകരണ സംഘങ്ങള്‍ വെല്ലുവിളിനേരിടുന്നു; തൊഴില്‍ സുരക്ഷയില്ലാതെ തൊഴിലാളികള്‍

റ്റവുമധികം സംഘങ്ങള്‍ അടച്ചുപൂട്ടുന്നത് ഹരിയാനയിലും മധ്യപ്രദേശിലും
ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുള്ളത് മഹാരാഷ്ട്രയില്‍, 2.17 ലക്ഷം

കേന്ദ്രസഹകരണ മന്ത്രാലയം നിലവില്‍വന്നതിന് ശേഷം രാജ്യത്ത് സഹകരണ മേഖല ശക്തിപ്പെടുകയാണെന്ന അവകാശവാദത്തിനിടയിലും അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള സംഘങ്ങളുടെ എണ്ണവും കൂടുന്നു. കേന്ദ്രമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ നല്‍കിയ കണക്ക് അനുസരിച്ച്  1.39 ലക്ഷം സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവയില്‍ 48,537 സംഘങ്ങള്‍ അടച്ചുപൂട്ടല്‍ (ലിക്വിഡേഷന്‍) നടപടിയിലാണെന്ന് വ്യക്തമാക്കുന്നു.  6.56 ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കണക്ക്. ദേശീയ സഹകരണ ഡേറ്റാബേസിന്റെ ( എന്‍.സി.ഡി ) അടിസ്ഥാനത്തില്‍ 2025 നവംബര്‍ 15 വരെയുള്ള കണക്കാണിത്.

കയര്‍, കൈത്തറി, മത്സ്യത്തൊഴില്‍, കളിമണ്‍ തുടങ്ങി നിരവധി പരമ്പരാഗത തൊഴില്‍മേഖലയും അവിടുത്തെ സഹകരണ സംഘങ്ങളും പ്രതിസന്ധി നേരിടുകയാണെന്ന പ്രശ്‌നം കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ സഹകാരികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. സഹകരണ മേഖലയില്‍ കോര്‍പ്പറേറ്റ് രീതി കൊണ്ടുവരുന്നതിന്റെ ഫലമാണിതെന്നാണ് കുറ്റപ്പെടുത്തല്‍. ഈ മേഖലകളിലെല്ലാം സഹകരണ സംഘങ്ങള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റായി പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് കേന്ദ്രനയത്തിന്റെ ഭാഗമായി വരുന്നത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംഘങ്ങളിലേറെയും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്.

പ്രവര്‍ത്തനരഹിതമായ സംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളതു മധ്യപ്രദേശിലാണ്. 18,423 എണ്ണം. ഉത്തര്‍പ്രദേശും ( 17,180 ) രാജസ്ഥാനും ( 13,419 ) തെലങ്കാനയും ( 12,297 ) തൊട്ടുപിന്നാലെയുണ്ട്. ഹരിയാനയിലും മധ്യപ്രദേശിലുമാണ് ഏറ്റവുമധികം സംഘങ്ങള്‍ അടച്ചൂപൂട്ടല്‍ നടപടിയിലുള്ളത്. ഹരിയാനയില്‍ 16,378 സംഘങ്ങളും മധ്യപ്രദേശില്‍ 8,852 സംഘങ്ങളും ലിക്വിഡേഷനിലാണ്. ലക്ഷദ്വീപ്, ലഡാക്ക്, പുതുച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര-നഗര്‍ ഹവേലി, ദാമന്‍-ദിയു പോലുള്ള ചെറിയ പ്രദേശങ്ങളില്‍ സഹകരണസംഘങ്ങള്‍ താരതമ്യേന കുറവാണെന്നും ലോക്‌സഭയിലെ കണക്കില്‍ വ്യക്തമാകുന്നു.

സഹകരണസംഘങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തന അന്തരീക്ഷമുള്ള സംസ്ഥാനം കേരളമാണെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. വൈവിധ്യങ്ങളായ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണം. പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളെയും സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കയര്‍, കൈത്തറി മേളകള്‍, ഖാദി സംഘങ്ങള്‍ക്കുള്ള ഉത്സവറിബേറ്റ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പട്ടികവിഭാഗം സഹകരണ സംഘങ്ങള്‍ക്ക് പുനരുദ്ധാരണത്തിനുള്ള പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്രസര്‍ക്കാരിന് കീഴിലോ ഇല്ല.

കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഏറ്റവുമധികം സഹകരണസംഘങ്ങളുള്ളത് മഹാരാഷ്ട്രയിലാണ്. 2.17 ലക്ഷം സഹകരണസംഘങ്ങള്‍ മഹാരാഷ്ട്രയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. രണ്ടാംസ്ഥാനത്തുള്ള ഗുജറാത്ത് 78,215 സംഘങ്ങളുമായി മഹാരാഷ്ട്രയെ അപേക്ഷിച്ചു വളരെ പിറകിലാണ്. മൂന്നാംസ്ഥാനത്തു തെലങ്കാനയും ( 48,186 ) നാലാംസ്ഥാനത്തു കര്‍ണാടകയും ( 40,231 ) നില്‍ക്കുന്നു. തൊട്ടുപിറകെ മധ്യപ്രദേശും ( 27,370 ) രാജസ്ഥാനും ( 25,491 ) ബംഗാളും ( 22,952 ) ഉത്തര്‍പ്രദേശുമുണ്ട് ( 22,724 ). 2024 മാര്‍ച്ച് എട്ടിനു തുടക്കംകുറിച്ച ദേശീയ സഹകരണ ഡേറ്റാബേസില്‍ രാജ്യത്തെ 8.4 ലക്ഷത്തിലധികം വരുന്ന സഹകരണസംഘങ്ങളുടെ എല്ലാ വിവരവും ലഭ്യമാണെന്നു മന്ത്രി അമിത് ഷാ വ്യക്തമാക്കി.

Related posts

സഹകരണ സംഘം നിയമവരുദ്ധമായാണ് ഭൂമി അനുവദിച്ച് സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ വകുപ്പ് ഉദ്യോഗസ്ഥന് തിരുത്താമെന്ന് ഹൈക്കോടതി

Indian Cooperator

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
error: Content is protected !!