Indian Cooperator

യു.പി.യില്‍ സഹകരണസംഘം വഴിയുള്ള ഗോതമ്പ് സംഭരണത്തില്‍ വന്‍കുതിപ്പ്

നടപ്പു റാബി വിപണനസീസണില്‍ ഉത്തര്‍പ്രദേശില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള ഗോതമ്പ്സംഭരണം പൊടിപൊടിക്കുന്നു. ഇപ്പോള്‍ത്തന്നെ സംഭരണത്തില്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്തിക്കഴിഞ്ഞു. സീസണ്‍ കഴിയുമ്പോഴേക്കും ഇത് ഇരട്ടിയായേക്കും. സര്‍ക്കാരിന്റെ പിന്തുണയോടെയാണു ഗോതമ്പ്സംഭരണം. കര്‍ഷകരും ഇതില്‍ സജീവമായി പങ്കാളികളാകുന്നു.

റാബി സീസണില്‍ ഇതുവരെയായി 6.45 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണു സംഭരിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യമിട്ട 14.55 ലക്ഷം മെട്രിക് ടണ്ണിന്റെ 44 ശതമാനം വരുമിത്. മാര്‍ച്ച് 30 നാരംഭിച്ച സംഭരണം ജൂണ്‍ 15 നാണവസാനിക്കുന്നത്. കഴിഞ്ഞ കൊല്ലം മൊത്തം ലക്ഷ്യമിട്ടതിന്റെ 13.45 ശതമാനം ഗോതമ്പാണു കര്‍ഷകരില്‍നിന്നു സംഭരിക്കാനായിരുന്നത്. 35 ലക്ഷം മെട്രിക് ടണ്‍ ലക്ഷ്യമിട്ടു. പക്ഷേ, കിട്ടിയതു 4.77 ലക്ഷം മെട്രിക് ടണ്‍ മാത്രം. കഴിഞ്ഞ കൊല്ലത്തേതിലും സംഭരണകേന്ദ്രങ്ങള്‍ ഇത്തവണ കുറവായിരുന്നു. എന്നിട്ടും, സംഭരണം വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം സഹകരണവകുപ്പ് 3,859 സംഭരണകേന്ദ്രങ്ങള്‍ തുറന്നപ്പോള്‍ ഇക്കൊല്ലമതു 3,799 കേന്ദ്രങ്ങളായി കുറഞ്ഞു. ഗോതമ്പുപാടങ്ങള്‍ക്കടുത്തായിത്തന്നെ സംഭരണകേന്ദ്രങ്ങള്‍ തുറന്നതും കര്‍ഷകരില്‍നിന്നു നേരിട്ടുവാങ്ങാനായി മൊബൈല്‍ വാനുകള്‍ ഏര്‍പ്പെടുത്തിയതും ഇക്കൊല്ലം സംഭരണം കുതിച്ചുയരാനിടയാക്കിയ കാരണങ്ങളില്‍പെടും. സാധാരണ, യു.പി.യിലെ ചെറുകിട-നാമമാത്ര കര്‍ഷകര്‍ വാഹനസൗകര്യമില്ലാത്തതുകൊണ്ട് പെട്ടെന്നുതന്നെ നാട്ടിലെ വ്യാപാരികള്‍ക്കു ഗോതമ്പ് വിറ്റ് പണം വാങ്ങുകയാണു ചെയ്തിരുന്നത്. പക്ഷേ, ഇത്തവണ വാഹനങ്ങള്‍ കര്‍ഷകരുടെയടുത്തേക്കു ചെന്നു ഗോതമ്പ് സംഭരിച്ചതുകാരണം സ്ഥിതി മാറി. ഗ്രാമങ്ങളിലെ പലയിടങ്ങളിലായി സംഭരണകേന്ദ്രങ്ങള്‍ തുറന്നതും കര്‍ഷകരുടെ നെട്ടോട്ടം കുറയ്ക്കാനിടയാക്കി.

കഴിഞ്ഞ കൊല്ലം ആകെ 1,05,708 ഗോതമ്പുകര്‍ഷകര്‍ക്കാണു സഹകരണസംഘങ്ങള്‍ വഴിയുള്ള സംഭരണം കൊണ്ട് ഗുണമുണ്ടായതെങ്കില്‍ ഇക്കൊല്ലം ഇതുവരെ 1,33,576 പേര്‍ക്കു ഗുണം കിട്ടി. അതായത് 26 ശതമാനം വര്‍ധന. മികച്ച ബോധവത്കരണപ്രവര്‍ത്തനങ്ങളും എളുപ്പത്തിലുള്ള രജിസ്ട്രേഷന്‍നടപടികളും വേഗത്തിലുള്ള പണംകൊടുക്കലും കാരണമാണു കര്‍ഷകരുടെ പങ്കാളിത്തം ഇക്കൊല്ലം കുതിച്ചുയര്‍ന്നതെന്നു സഹകരണവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. 81 സംഭരണകേന്ദ്രങ്ങള്‍ തുറന്ന സഹറാന്‍പൂരിലാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് ശേഖരിച്ചത്. 24,949 മെട്രിക് ടണ്‍ ഗോതമ്പാണിവിടെ സംഭരിച്ചത്. 49 കേന്ദ്രങ്ങള്‍വഴി ജാന്‍സിയില്‍ 2,248 മെട്രിക് ടണ്ണും 120 കേന്ദ്രങ്ങളിലൂടെ സിതാപൂരില്‍ 20,888 മെട്രിക് ടണ്ണും ഗോതമ്പ് സംഭരിച്ചു. സഹകരണസംഘങ്ങളിലൂടെയുള്ള ഫലപ്രദമായ ഗോതമ്പ്സംഭരണം ഇടനിലക്കാരെ അകറ്റിനിര്‍ത്താനും നല്ല വില കിട്ടാനും കര്‍ഷകരെ സഹായിക്കുമെന്നാണു വകുപ്പുദ്യോഗസ്ഥരുടെ പ്രതീക്ഷ.

നമ്മുടെ പൊതുവിതരണസംവിധാനവും കരുതല്‍ശേഖരവും നിലനിര്‍ത്തുന്നതിനായി കേന്ദ്രപൂളിലേക്ക് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിനു മെട്രിക് ടണ്‍ ഗോതമ്പാണു വിവിധ സംസ്ഥാനങ്ങളില്‍നിന്നു സംഭരിക്കുന്നത്. പഞ്ചാബാണു ഗോതമ്പ്സംഭരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 12.16 ദശലക്ഷം മെട്രിക് ടണ്ണാണ് ഇവിടെനിന്നു സംഭരിക്കുന്നത്. മധ്യപ്രദേശ് – 10.14 ദശലക്ഷം മെട്രിക് ടണ്‍, ഹരിയാന – 8.12 ദശലക്ഷം മെട്രിക് ടണ്‍, രാജസ്ഥാന്‍ – 2.10 ദശലക്ഷം മെട്രിക് ടണ്‍, ഉത്തര്‍ പ്രദേശ് – 1.55 ദശലക്ഷം മെട്രിക് ടണ്‍ എന്നിങ്ങനെയാണ് ഓരോ സംസ്ഥാനവും ഗോതമ്പ് സംഭരിക്കുന്നതിന്റെ കണക്ക്.

Related posts

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator

സഹകരണ ബാങ്കുകൾക്കായുള്ള കേന്ദ്ര വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator
error: Content is protected !!