** നിക്ഷേപം തിരിച്ചുനല്‍കിയത് 35.24 ലക്ഷം പേര്‍ക്ക്
** 2026 ഡിസംബര്‍ 31 വരെ നിക്ഷേപത്തുക വിതരണം ചെയ്യും
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയ നാലു സഹാറ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകര്‍ക്ക് 2025 ഡിസംബര്‍വരെ 6,841.86 കോടി രൂപ തിരിച്ചുകൊടുത്തു. 35,24,966 നിക്ഷേപകര്‍ക്കാണ് ഇത്രയും തുക തിരിച്ചുനല്‍കിയത്. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
2025 ജൂലായ് വരെ നിക്ഷേപകര്‍ക്കു നല്‍കിയിരുന്നത് 5,139.23 കോടി രൂപയായിരുന്നു. ആകെയുള്ള നാലു കോടി നിക്ഷേപകര്‍ ക്ലെയിം ചെയ്തിരുന്നത് 1,13,504 കോടി രൂപയാണ്. അര്‍ഹതപ്പെട്ട നിക്ഷേപകര്‍ക്കു തിരിച്ചുകിട്ടാവുന്ന തുകയുടെ പരിധി ഇപ്പോള്‍ അമ്പതിനായിരം രൂപയാണ്. നേരത്തേ ഇതു പതിനായിരം രൂപയായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍. സുഭാഷ് റെഡ്ഡിയുടെ മേല്‍നോട്ടത്തിലാണു സുപ്രീംകോടതിയുടെ വിധിപ്രകാരം ഈ തുക വിതരണം ചെയ്യുന്നത്. നിക്ഷേപകര്‍ക്കു തുക വിതരണം ചെയ്യാനുള്ള അവസാനതീയതി 2026 ഡിസംബര്‍ 31 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.
പ്രവര്‍ത്തനരഹിതമായ സഹാറ ക്രെഡിറ്റ് സഹകരണസംഘം, ലഖ്‌നോ, സഹാറിന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി, ഭോപ്പാല്‍, ഹമാര ഇന്ത്യ വായ്പാ സഹകരണസംഘം, കൊല്‍ക്കത്ത, സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് സഹകരണസംഘം, ഹൈദരാബാദ് എന്നിവയിലെ നിക്ഷേപകര്‍ക്കാണു നിക്ഷേപത്തുക തിരിച്ചുനല്‍കുന്നത്. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളായാണ് ഈ നാലു സംഘങ്ങളും 2010 നും 2014 നുമിടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
സഹാറഗ്രൂപ്പ് സഹകരണസംഘങ്ങളിലെ കോടിക്കണക്കിനു നിക്ഷേപകര്‍ക്കു അവരുടെ പണം ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുനല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍ 2023 നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. സഹാറസെബി റീഫണ്ട് അക്കൗണ്ടില്‍നിന്നു കേന്ദ്ര രജിസ്ട്രാര്‍ക്ക് 5000 കോടി രൂപ കൈമാറണമെന്ന സുപ്രീംകോടതിനിര്‍ദേശത്തെത്തുടര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരുന്നത്. ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയില്‍ സഹാറഗ്രൂപ്പ് നിക്ഷേപിച്ച 24,000 കോടി രൂപയില്‍നിന്നാണു ഈ 5000 കോടി രൂപ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
സഹാറഗ്രൂപ്പ് സഹകരണസംഘങ്ങള്‍ വാങ്ങിയെടുത്ത നിക്ഷേപം തിരിച്ചുനല്‍കണമെന്നു ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍. സുഭാഷ് റെഡ്ഡിയെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയതും അഡ്വ. ഗൗരവ് അഗര്‍വാളിനെ അമിക്കസ് ക്യൂറിയാക്കിയതും ഈ ബെഞ്ചാണ്.
2023 ആഗസ്റ്റ് നാലുവരെ സഹകരണസംഘങ്ങള്‍ക്കായുള്ള കേന്ദ്ര രജിസ്ട്രാര്‍സഹാറ റീഫണ്ട് പോര്‍ട്ടല്‍വഴി രണ്ടര ലക്ഷം നിക്ഷേപകര്‍ക്ക് 241 കോടി രൂപ തിരിച്ചുകൊടുത്തു. ഒന്നരക്കോടി നിക്ഷേപകരാണ് അന്നുവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 ജൂലായ് 18 നാണു സി.ആര്‍.സി.എസ്‌സഹാറ റീഫണ്ട് പോര്‍ട്ടല്‍ രൂപവത്കരിച്ചത്. 2025 ജനുവരി 28 വരെ 11.6 ലക്ഷം നിക്ഷേപകര്‍ക്ക് 2,025.75 കോടി രൂപ തിരിച്ചുനല്‍കി.
സഹാറയുടെ സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ചവര്‍ക്കു പണം തിരികെ ലഭിക്കുന്നില്ലന്നു കാണിച്ച് ഒട്ടേറെ പരാതികള്‍ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു കിട്ടിയിരുന്നു. ആവശ്യപ്പെട്ടവര്‍ക്കെല്ലാം നിക്ഷേപം തിരിച്ചുനല്‍കണമെന്നും അതുവരെ പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്നും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ നാലു സംഘങ്ങള്‍ക്കും ഇതേത്തുടര്‍ന്നു നിര്‍ദേശം നല്‍കി. പക്ഷേ, സംഘങ്ങള്‍ അനുസരിച്ചില്ല. ഇതോടെ, കേന്ദ്ര സഹകരണമന്ത്രി നേരിട്ടിടപെട്ടതിനെത്തുടര്‍ന്നു സഹകരണമന്ത്രാലയംതന്നെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണുണ്ടായത്. സഹാറഗ്രൂപ്പിനു സെബി ( സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) യിലുള്ള നിക്ഷേപം പിന്‍വലിച്ച് ആ പണം സഹാറസംഘങ്ങളിലെ നിക്ഷേപകര്‍ക്കു നല്‍കണമെന്നായിരുന്നു സഹകരണമന്ത്രാലയത്തിന്റെ വാദം. ഇതു സുപ്രീംകോടതി അംഗീകരിക്കുകയാണുണ്ടായത്.
സഹാറയുടെ നാലു സഹകരണസംഘങ്ങള്‍ ചേര്‍ന്നു നാലു കോടിയാളുകളില്‍നിന്നായി 86,673 കോടി രൂപയാണു നിക്ഷേപംവഴി സമാഹരിച്ചത്. ഇതില്‍ 62,643 കോടി രൂപ സഹാറ ഗ്രൂപ്പിന്റെതന്നെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ആംബിവാലി ലിമിറ്റഡില്‍ നിക്ഷേപിച്ചു എന്നു പരാതി ഉയരുകയുണ്ടായി. വായ്പാസഹകരണസംഘങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരായിരുന്നു ഈ നടപടി. തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നില്ലെന്നു രാജ്യത്തെങ്ങുനിന്നും നിക്ഷേപകരുടെ പരാതികളുയര്‍ന്നതിനെത്തുടര്‍ന്നു ഈ സംഘങ്ങള്‍ക്കു നോട്ടീസയക്കുകയും കേന്ദ്ര രജിസ്ട്രാര്‍ മുമ്പാകെ വിചാരണ നടക്കുകയും ചെയ്തിരുന്നു. അങ്ങനെയാണു നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതു നിര്‍ത്തിവെക്കാനും കേന്ദ്രരജിസ്ട്രാര്‍ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്.
തങ്ങളുടെ നിക്ഷേപകര്‍ക്കു സഹാറഗ്രൂപ്പ് പണം തിരിച്ചുനല്‍കുന്നില്ലെന്നു സെബിയും ആരോപണമുന്നയിച്ചിരുന്നു. ഇതു സഹാറഗ്രൂപ്പ് ഖണ്ഡിച്ചു. സുപ്രീംകോടതിയില്‍ 2012 ആഗസ്റ്റില്‍ വിചാരണ തുടങ്ങുംമുമ്പുതന്നെ നിക്ഷേപകര്‍ക്കു 20,000 കോടി രൂപ തിരിച്ചുകൊടുത്തിട്ടുണ്ടെന്നായിരുന്നു സഹാറയുടെ വാദം. കൂടാതെ, 5120 കോടി രൂപ സെബിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു.
സുബ്രതാറോയി സ്ഥാപിച്ച
ബിസിനസ് സാമ്രാജ്യം
1978 ല്‍ സുബ്രതാറോയിയാണു ഉത്തര്‍പ്രദേശിലെ ലഖ്‌നോ അസ്ഥാനമാക്കി സഹാറ ഇന്ത്യ പരിവാര്‍ എന്ന ബിസിനസ്‌സാമ്രാജ്യത്തിനു തുടക്കം കുറിച്ചത്. ധനകാര്യ സര്‍വീസ്, കെട്ടിടനിര്‍മാണം, മാധ്യമരംഗം, എന്റര്‍ടെയിന്‍മെന്റ്, റിയല്‍ എസ്റ്റേറ്റ്, സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ വിദ്യാഭ്യാസം, ആശുപത്രി, ലൈഫ് ഇന്‍ഷുറന്‍സ്, നിര്‍മിത ബുദ്ധി, സഹകരണസംഘം, റീട്ടെയില്‍, ഐ.ടി, ഔട്ട്‌സോഴ്‌സിങ് തുടങ്ങിയ മേഖലകളില്‍ സഹാറ പരിവാര്‍ നിലയുറപ്പിച്ചു. റെയില്‍വേ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്കു തൊഴില്‍ കൊടുക്കുന്ന സ്ഥാപനം എന്നു പ്രശസ്തമായ ടൈം മാഗസിന്‍ 2004 ല്‍ സഹാറ ഗ്രൂപ്പിനെ വാഴ്ത്തി. അപ്പോഴേക്കും രാജ്യമെങ്ങും അയ്യായിരത്തിലധികം സ്ഥാപനങ്ങള്‍ സഹാറക്കുണ്ടായിരുന്നു. ഓഫീസിലും പുറത്തുമായി 12 ലക്ഷം ജീവനക്കാരാണ് അക്കാലത്തുണ്ടായിരുന്നത്. സ്‌പോര്‍ട്‌സ് മേഖലയെ സഹാറ നന്നായി സഹായിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്റെയും കൊല്‍ക്കത്ത ഫുട്ബാള്‍ ലീഗിന്റെയും സ്‌പോണ്‍സര്‍മാരായി. വാര്‍ത്താവിനോദസിനിമാചാനലുകള്‍ തുടങ്ങി. സഹാറ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്കു തുടക്കമിട്ടു. എയര്‍ സഹാറ എന്ന വിമാനസര്‍വീസും സ്വന്തമായുണ്ടായിരുന്നു.
1990 കളിലാണു സഹാറ ഗ്രൂപ്പിന്റെ ശനിദശയാരംഭിച്ചത്. കമ്പനി ഒട്ടേറെ നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങി. കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നതായി ഇന്‍കംടാക്‌സ് വിഭാഗം കണ്ടെത്തി. പ്രമുഖ രാഷ്ട്രീയനേതാക്കളുടെ കള്ളപ്പണം സഹാറഗ്രൂപ്പില്‍ നിക്ഷേപിക്കുന്നതായി ആദായനികുതിവകുപ്പിനു ബോധ്യപ്പെട്ടു. സഹാറ ഇന്ത്യ പരിവാര്‍ ഗ്രൂപ്പിന്റെ മാനേജിങ് വര്‍ക്കറും ചെയര്‍മാനും സ്ഥാപകനുമായ സുബ്രതാ റോയിക്കെതിരെ 2014 ല്‍ സുപ്രീംകോടതി വാറണ്ട് പുറപ്പെടുവിച്ചു. സഹാറ ഗ്രൂപ്പിന്റെ രണ്ടു കമ്പനികള്‍ പുറത്തിറക്കിയ കടപ്പത്രങ്ങളുടെ ആധികാരികത സെബി ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
2.25 കോടി നിക്ഷേപകരില്‍നിന്നു 24,000 കോടി രൂപ സമാഹരിച്ചപ്പോഴാണു സെബി സഹാറക്കെതിരെ സംശയങ്ങളുമായി രംഗത്തുവന്നത്. പൂര്‍ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍വഴി സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ സഹാറകമ്പനികളാണു 24,000 കോടിയുടെ ഫണ്ട് ശേഖരിച്ചത്. ഈ തുക 15 ശതമാനം പലിശയോടെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കണമെന്ന സെബിയുടെ നിര്‍ദേശം സഹാറ ഗ്രൂപ്പ് പാലിക്കാതിരുന്നതാണു നിയമനടപടികളിലേക്കു നീങ്ങാന്‍ കാരണമായത്.
കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സംശയത്തില്‍ സഹാറഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ആസ്തി കണ്ടുകെട്ടുകയും ചെയ്തു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു 2014 ഫെബ്രുവരി 24 നു സുബ്രതാറോയ് അറസ്റ്റിലായി. 2017 നവംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹാറക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍കുറ്റം ചുമത്തി.

