Indian Cooperator

പത്തു വര്‍ഷത്തെ കാലാവധിയും മൂന്നു വര്‍ഷത്തെ വിട്ടുനില്‍ക്കലും: സഹകരണരംഗത്ത് കണ്‍ഫ്യൂഷന്‍ തുടരുന്നു

ഹകരണ അര്‍ബന്‍ബാങ്കുകളില്‍ ഭരണസമിതിയംഗങ്ങള്‍ തുടര്‍ച്ചയായി പത്തു വര്‍ഷത്തില്‍ക്കൂടുതല്‍ പദവിയിലിരിക്കുന്നതു തടഞ്ഞുകൊണ്ട് റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമഭേദഗതിയില്‍ പലര്‍ക്കും ഇപ്പോഴും കണ്‍ഫ്യൂഷന്‍ മാറുന്നില്ല. കര്‍ണാടക സംസ്ഥാന സഹകരണ അര്‍ബന്‍ബാങ്കുകളുടെ ഫെഡറേഷനാണു ഈ ഭേദഗതിയില്‍ ചില വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ റിസര്‍വ് ബാങ്കിനു കത്തെഴുതിയിരിക്കുന്നത്. അര്‍ബന്‍ബാങ്കുകളുടെ ഭരണസമിതിയില്‍ കോ-ഓപ്റ്റ് ചെയ്യപ്പെടുന്ന പ്രൊഫഷണല്‍ ഡയറക്ടര്‍മാരുടെ കാര്യത്തില്‍ 2026 ലെ ഭേദഗതി ബാധകമാണോ എന്നതാണ് അവരുടെ പ്രധാന സംശയം.

അര്‍ബന്‍ബാങ്കുകളുടെ ഭരണനിര്‍വഹണനിലവാരം ശക്തിപ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുതന്നെയാണു കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ സൂപ്പര്‍വിഷന്‍വിഭാഗത്തിലെ ചീഫ് ജനറല്‍ മാനേജര്‍ക്കാണു ഫെഡറേഷന്‍ കത്തയച്ചിരിക്കുന്നത്. തുടര്‍ച്ചയായി പത്തു വര്‍ഷം സേവനമനുഷ്ഠിച്ച ഡയറക്ടര്‍മാര്‍ക്കു മൂന്നു വര്‍ഷം വിട്ടുനിന്നാലേ ( കൂളിങ് ഓഫ് പിരീഡ് ) വീണ്ടും അതേബാങ്കില്‍ ഡയറക്ടറാവാനാകൂ എന്ന കര്‍ശനനിര്‍ദേശം നടപ്പാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഇക്കഴിഞ്ഞ മെയ് 25 നാണ് ഉത്തരവിറക്കിയത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുകയും ബോര്‍ഡ്‌യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന ചെയര്‍മാന് ഈ വിട്ടുനില്‍ക്കല്‍കാലം ബാധകമാണോ എന്നതാണു കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്റെ ഒരു പ്രധാന ചോദ്യം. ചെയര്‍മാനായി സേവനമഷ്ഠിക്കുന്ന കാലം വേറെയായി പരിഗണിക്കുമോ അതോ അതും ഒരു ഡയറക്ടറുടെ മൊത്തം സേവനകാലാവധിയുടെ ഭാഗമായിത്തന്നെ കൂട്ടുമോ എന്നാണു ഫെഡറേഷന് അറിയേണ്ടത്.

ഇപ്പോഴത്തെ ഭരണനിര്‍വഹണ ചട്ടക്കൂടില്‍ അര്‍ബന്‍ബാങ്കുകളുടെ ചെയര്‍മാന്മാര്‍ക്കു പത്തുവര്‍ഷ കാലാവധി ബാധകമാവുന്നില്ലെങ്കില്‍ അവരുടെ പദവിക്ക് എന്തെങ്കിലും പ്രായപരിധിയുണ്ടോ അതോ അവര്‍ക്കു വിരമിക്കല്‍പ്രായമുണ്ടോ എന്നതില്‍ എന്തെങ്കിലും മാര്‍ഗനിര്‍ദേശമുണ്ടോ എന്നാണ് അടുത്തതായി ഫെഡറേഷന് അറിയേണ്ടത്. തുടര്‍ച്ചയായ സര്‍വീസ് കണക്കു കൂട്ടുന്നതുസംബന്ധിച്ചാണ് അടുത്ത സംശയമുയരുന്നത്. ഒട്ടേറെയാളുകള്‍ ഡയറക്ടറായി കുറെക്കാലം സേവനമനുഷ്ഠിച്ചശേഷമാണു ചെയര്‍മാനാകുന്നത് എന്നു ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ഡയറക്ടര്‍ ചെയര്‍മാനാകുമ്പോള്‍ അതു പുതിയ പദവിയാണെന്നു പരിഗണിക്കാതെ ആ വ്യക്തി ഡയറക്ടര്‍ബോര്‍ഡിലിരുന്ന കാലമത്രയും പത്തു വര്‍ഷത്തെ കാലപരിധിയില്‍പ്പെടുമോ എന്നു ഫെഡറേഷന്‍ ചോദിക്കുന്നു.

അര്‍ബന്‍ബാങ്കുകളുടെ ബോര്‍ഡുകളിലേക്കു കോ-ഓപ്റ്റ് ചെയ്യപ്പെടുന്ന പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ക്കു കാലാവധിസംബന്ധിച്ച നിയന്ത്രണം ബാധകമാവുമോ എന്നതിലും വ്യക്തത വേണമെന്നു ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. ഇത്തരം ഡയറക്ടര്‍മാരെ ക്വാറത്തിന്റെ കാര്യത്തില്‍ പരിഗണിക്കാറില്ലെന്നും അവര്‍ക്കു ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശമില്ലെന്നും ഫെഡറേഷന്‍ പറയുന്നു. ഇത്തരം ആളുകള്‍ക്കും പത്തുവര്‍ഷത്തെ കാലാവധി ബാധകമാവുമോ എന്നാണു ഫെഡറേഷന് അറിയേണ്ടത്. റിസര്‍വ് ബാങ്ക് ഭേദഗതി ചെയ്ത ഭരണനിര്‍വഹണമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും അറിവില്ലായ്മകൊണ്ടോ ശ്രദ്ധക്കുറവുകൊണ്ടോ മനപ്പൂര്‍വമല്ലാതെ സംഭവിച്ചുപോകുന്ന ചട്ടലംഘനം ഒഴിവാക്കാനും മേല്‍പറഞ്ഞ കാര്യങ്ങളില്‍ നല്‍കുന്ന വ്യക്തമായ മാര്‍ഗനിര്‍ദേശം അര്‍ബന്‍ബാങ്കുകളെ സഹായിക്കുമെന്നു കര്‍ണാടക അര്‍ബന്‍ബാങ്ക് ഫെഡറേഷന്‍ റിസര്‍വ് ബാങ്കിനയച്ച കത്തില്‍ അഭിപ്രായപ്പെടുന്നു.  

സഹകരണ അര്‍ബന്‍ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ പത്തുവര്‍ഷത്തിനുശേഷം മൂന്നു വര്‍ഷം ഇടവേള നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിട്ടത് നാലു മാസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്. ഇതുസംബന്ധിച്ച കരടുനിര്‍ദേശങ്ങള്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത് 2026 ജനുവരി എട്ടിനാണ്. 1949 ലെ ബാങ്കിങ്‌നിയന്ത്രണ നിയമത്തിലെ സെക് ഷന്‍ 10 എ ( 2 എ ) യില്‍ പറയുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു റിസര്‍വ് ബാങ്ക് ഈ ഭേദഗതി കൊണ്ടുവന്നത്. നിയമത്തെ മറികടക്കാന്‍ ചില ഡയറക്ടര്‍മാര്‍ പത്തു വര്‍ഷം തികയുന്നതിനു തൊട്ടുമുമ്പു രാജിവെച്ച് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ശ്രധ്ധയില്‍പ്പെട്ടിരുന്നു. ഈ പ്രവണത തടയുകയായിരുന്നു ലക്ഷ്യം. പുതിയ നിബന്ധനയനുസരിച്ചു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡയറക്ടര്‍ക്ക് അതേബാങ്കില്‍ വീണ്ടും ഡയറക്ടറാകണമെങ്കില്‍ മൂന്നുവര്‍ഷം വിട്ടുനില്‍ക്കണം. അതേസമയം, യോഗ്യതയുള്ളപക്ഷം മറ്റു ബാങ്കുകളില്‍ ഡയറക്ടറാവാന്‍ അവര്‍ക്കു തടസ്സമൊന്നുമില്ല. നേരത്തേ സഹകരണബാങ്ക് ഡയറക്ടര്‍മാരുടെ തുടര്‍ച്ചയായ ഭരണകാലാവധി എട്ടു വര്‍ഷമായിരുന്നു. 2025 ആഗസ്റ്റിലാണിതു പത്തു വര്‍ഷമാക്കിയത്.

Related posts

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

മഹാരാഷ്ട്രയിലെ33 മള്‍ട്ടി സ്റ്റേറ്റ്സംഘങ്ങള്‍ക്കെതിരെഅടച്ചുപൂട്ടല്‍ നടപടി

Indian Cooperator

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator