Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

സാമ്പത്തിക ക്രമക്കേടും സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനവും നടത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നാല് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രത്തിന്റെ അന്വേഷണം. കേന്ദ്രസഹകരണ മന്ത്രി അമിത്ഷായാണ് ഇക്കാര്യം പാര്‍ല്ലമെന്റില്‍ വെളിപ്പെടുത്തിയത്. സംസ്ഥാന സഹകരണ വകുപ്പ് അടക്കം നല്‍കിയ പരാതിയിലാണ് അന്വേഷണം. കേരളത്തിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി നിരവധി പരാതികള്‍ സഹകരണ വകുപ്പിന് ലഭിച്ചിരുന്നു. ഈ സംഘങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായതിനാല്‍ നടപടിയെടുക്കാന്‍ സംസ്ഥാന സഹകരണ വകുപ്പിന് അധികാരമില്ല. അതിനാല്‍, പരാതികളില്‍ അന്വേഷണം നടത്തി കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ക്കും റിസര്‍വ് ബാങ്കിനും കേരളം നല്‍കിയതാണ്. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ കേന്ദ്രം വിശദമായ അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്.

എന്നാല്‍, അന്വേഷണം നടക്കുന്ന നാല് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഏതൊക്കെയാണെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ 108, 78 വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണത്തിനുള്ള നടപടി സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറും മറ്റ് ഏജന്‍സികളും ഈ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയും കേന്ദ്രമന്ത്രി നല്‍കി. കേന്ദ്രനിയമം പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നതിലാണ് അന്വേഷണമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഈ വകുപ്പുകള്‍ പ്രകാരമുള്ള അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്  രേഖകള്‍ പിടിച്ചുവരുത്തുന്നതിനും വ്യക്തികള്‍ക്ക് സമന്‍സ് നല്‍കി വിളിച്ചുവരുത്തുന്നതിനും അധികാരമുണ്ടാകും.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തിലെ അംഗങ്ങള്‍, അഫിയിലേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം പരാതിയില്‍ കേന്ദ്ര രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണമാണ് വകുപ്പ് 78 പ്രകാരമുള്ളത്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യവും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും ആക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ അറിയിച്ചു.

പുതിയ വ്യവസ്ഥകള്‍

* ജനാധിപത്യരീതിയിലുള്ള ഭരണക്രമം ഉറപ്പാക്കുന്നതിനും ഭരണസമിതികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കേന്ദ്ര സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചു.
* മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും പരാതി അറിയിക്കുന്നതിനും പരിഹാരം കാണുന്നതിനും കേന്ദ്രസഹകരണ ഓംബുഡ്‌സ്മാനെ നിയോഗിച്ചു.
* സംഘത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ലഭ്യമാക്കുന്നതിന് എല്ലാ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംങ്ങളിലും ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കണമെന്ന വ്യവസ്ഥകൊണ്ടുവന്നു.
* 500 കോടിയില്‍ കൂടുതല്‍ നിക്ഷേപമോ വിറ്റുവരവോ ഉള്ള സംഘങ്ങളില്‍ കേന്ദ്ര സഹകരണ രജിസ്ട്രാര്‍ അംഗീകരിച്ച ഓഡിറ്റര്‍മാരുടെപാനലില്‍നിന്ന് കണ്‍കറന്റ് ഓഡിറ്റര്‍മാരെ നിയോഗിക്കണം.
* ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പാര്‍ല്ലമെന്റില്‍ സമര്‍പ്പിക്കണം.
* മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് അയോഗ്യത വ്യവസ്ഥകള്‍ കൊണ്ടുവന്നു. ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുമായി ബിസിനസ് നടത്തുന്നതിനും നിയന്ത്രണമുണ്ട്.

Related posts

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator
error: Content is protected !!