Indian Cooperator

സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. ഈടാക്കാനുള്ള നിര്‍ദ്ദേശം നിക്ഷേപങ്ങളെ ബാധിക്കുമെന്ന് സഹകരണ മന്ത്രി

കേന്ദ്രനിയമവും ദേശീയസഹകരണ നയവും ഉണ്ടാക്കുന്ന ആശങ്കക്കള്‍ക്കിടയിലാണ് സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്.. ഈടാക്കാനുള്ള നിര്‍ദ്ദേശം കൂടി ഉണ്ടായിട്ടുള്ളതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഇത് സഹകരണ മേഖലയിലെ നിക്ഷേപത്തെ ബാധിക്കും. 50 കോടിരൂപ വിറ്റുവരവുള്ള സംഘങ്ങള്‍ക്ക് ടി.ഡി.എസ്., മൂന്നുകോടിയിലധികം പിന്‍വലിക്കുമ്പോള്‍ രണ്ടുശതമാനം നികുതിയും ഏര്‍പ്പെടുത്തിയ രീതി സഹകരണ നിക്ഷേപത്തെ അനാകര്‍ഷകമാക്കും. ഇതിനെതിരെ സംഘങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ടി.ഡി.എസ്. പിടിക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമവിധി സംഘങ്ങള്‍ക്ക് എതിരായാല്‍ സുപ്രീംകോടതിയെ വരെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും വാസവന്‍ പറഞ്ഞു. ദേശീയ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നതിനെ തുടര്‍ന്നാണ് നവംബര്‍ 14ന് തുടങ്ങേണ്ടിയിരുന്ന വാരാഘോഷം ഡിസംബര്‍ 29ലേക്ക് മാറ്റിയത്.

കേന്ദ്രനിയമം വന്നതിന് ശേഷം ഒളിഞ്ഞും തെളിഞ്ഞുമുള്ള വ്യവസ്ഥകള്‍ കേരളത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. ബൈലോ ഭേദഗതി വേണമെന്ന കേന്ദ്രനിര്‍ദ്ദേശവും നിക്ഷേപങ്ങളുടെ ഉള്ളടക്കം കേന്ദ്രത്തിന് നല്‍കണമെന്ന് പറയുന്നതുമൊക്കെ അപകടകരമാണ്. രാജ്യത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനം നിക്ഷേപവും കേരളത്തിലെ സംഘങ്ങളുടെതാണ്. സമാന്തര സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ അത് ലക്ഷ്യമിട്ട് പറക്കുന്ന വേതാളകഴുകന്‍മാരുണ്ട്. അതില്‍ നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്.

2047 വികസിത് ഭാരത് ലക്ഷ്യമിടുമ്പോള്‍ രണ്ടാം എന്‍ജിനായി സഹകരണ മേഖലമാറുമെന്നാണ് ദേശീയ നയത്തില്‍ പറയുന്നത്. ആഘട്ടത്തിലെത്തുമ്പോള്‍ കേരളത്തിന്റെ സഹകരണ വിഹിതമായ 70 ശതമാനവും രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉപയോഗത്തിലേക്ക് മാറ്റുകയെന്നതാണ് ലക്ഷ്യം. അതില്‍ ആശങ്കയുണ്ട്. അത് കവര്‍ന്നെടുക്കാനുള്ള ഡാറ്റ ബാങ്കുകളുടെ രൂപീകരണം വരുമ്പോള്‍ യോജിക്കാനാകില്ല. അത് സുപ്രീംകോടതി വിധിയുടെ ഉള്ളടക്കത്തെ ലംഘിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ അടക്കം പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുകൊണ്ട് കേരളം സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ആദായനികുതി പ്രശ്‌നം കൂടി വരുന്നത്. ടിഡിഎസ് വരുമ്പോള്‍ നിക്ഷേപത്തെ ബാധിക്കും. ഡിവിഷന്‍ ബെഞ്ച് അനുകൂല വിധിയുണ്ടായി. അതുവഴി പിടിച്ച ടിഡിഎസ്. തിരിച്ചുതരാനുള്ള നടപടി കേരളബാങ്ക് സ്വീകരിക്കുകയാണ്. ഇതിനെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. നോട്ട് നിരോധനത്തെ നമ്മള്‍ ഒരുമിച്ചാണ് നേരിട്ടത്. മുഖ്യമന്ത്രി അടക്കം റിസര്‍വ് ബാങ്കിന് മുമ്പില്‍ സമരത്തിനിരുന്നു.

വായ്‌പേതരമേഖലയില്‍ വളരാനുള്ള പുതിയ സാധ്യതകളാണ് ഇന്ന് സഹകരണ മേഖലയിലുള്ളത്. ഉല്‍പാദനകനും ഉപഭോക്താവും നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന ഒരു പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 480 ഉല്‍പന്നങ്ങള്‍ ഇന്ന് സഹകരണ മേഖലയിലുണ്ട്. മൂന്ന് എക്‌സ്‌പോ നടന്നുകഴിഞ്ഞു.ഓരോ എക്‌സ്‌പോ കഴിയുമ്പോഴും സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ എണ്ണം കൂടിവന്നിട്ടുണ്ട്. അത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ചില സംഘങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. കൊല്ലത്തെ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറി. ഇത്തരത്തില്‍ എല്ലാ സംഘങ്ങളെയും ബന്ധിപ്പിച്ച് ഒരു ഓണ്‍ലൈന്‍ ആപ്പ് വന്നാല്‍ ഇടത്തട്ടുകാരും കമ്മീഷനുമില്ലാതെ ഉല്‍പന്നങ്ങള്‍ നേരിട്ട് എത്തിക്കാനാകും. വലിയ മുന്നേറ്റം ഇതിലുണ്ടാക്കാനാകും. അതിനുള്ള ആപ്പ് ഇന്ന് തുടങ്ങും. നബാര്‍ഡ് ഫണ്ട് ഉല്‍പാദനമേഖലയില്‍ ഉപയോഗിക്കാനായാല്‍ ഇതില്‍ പുരോഗതി ഉണ്ടാക്കാനാകും. സംസ്‌കരണവും സംഭരണവും കൂട്ടാനാകും. അതിലേക്ക് കടക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച വികസന വീക്ഷണം വികസിപ്പിക്കുക എന്നതും സഹകരണ മേഖല ഏറ്റെടുക്കേണ്ട ഒന്നാണ്. പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും വികസനപദ്ധതികള്‍ക്കാണ് ഫണ്ടില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സഹകരണ മേഖലയില്‍ അധികഫണ്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കായി പ്രാഥമിക ബാങ്കുകളെ മാറ്റാനുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇതിനായി തദ്ദേശ വകുപ്പ് മന്ത്രിയുമായി ഒരു ഘട്ട ചര്‍ച്ച നടന്നിട്ടുണ്ട്. നിയമഭേദഗതിയില്‍ ഇതിനുള്ള വ്യവസ്ഥ നേരത്തെ ഉള്‍പ്പെടുത്തിയതാണ്. പദ്ധതികള്‍ക്ക് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറാകുമെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായ വായ്പയും മുടങ്ങാതെയുള്ള തിരിച്ചടവുമാണ് സഹകരണ ബാങ്കുകള്‍ക്ക് വേണ്ടതുള്ളൂ. സര്‍ക്കാര്‍ കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുന്നതും സുരക്ഷിതമാണ്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന ഫണ്ട് ലാഭകരമായി ഉപയോഗിക്കാന്‍ സംഘങ്ങള്‍ക്ക് കഴിയണം.

കേരളം രൂപംകൊള്ളുമ്പോള്‍ 34 വിഭാഗങ്ങളിലായി 3111 സംഘങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇന്ന് 23,200ലധികം സംഘങ്ങളുണ്ട്. 16428 സംഘം രജിസ്ട്രാറുടെ കീഴിലാണ്. മത്സ്യവും ക്ഷീരവും കൈത്തറിയും കയറുമെല്ലാം ഫങ്ഷണല്‍ രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ്. സഹകരണ മേഖലയുമായി ബന്ധമില്ലാത്ത ഒരാളും കേരളത്തിലുണ്ടാകില്ല. ഈ മേഖലയെ കാലോചിതമായി നവീകരിക്കേണ്ടതുണ്ട് എന്നതാണ് സര്‍ക്കാര്‍ കണക്കാക്കിയത്. അതിന്റെ ഭാഗമായാണ് സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി കൊണ്ടുവന്നത്. നിയമം വന്നതിന് ശേഷം 57 ഭേദഗതികളോടെ സമഗ്രമായ മാറ്റം വരുത്തുന്നത് ഇപ്പോഴാണ്. അത് എല്ലാതലത്തിലും ചര്‍ച്ച നടത്തി ജനാധിപത്യ ഉള്ളടക്കത്തോടെയാണ് കൊണ്ടുവന്നത്. ഭരണപ്രതിപക്ഷ യോജിച്ച അപൂര്‍വ നിയമഭേദഗതികളിലൊന്നാണിത്. ഇതിന്റെ ഭാഗമായുള്ള ചട്ടങ്ങളും കരട് പ്രസിദ്ധീകരിച്ച് വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയാണ് അന്തിമമാക്കിയത്. 13 വര്‍ഷമായി നടക്കാതിരുന്ന ക്ലാസിഫിക്കേഷനുള്ള കരടും പ്രസിദ്ധീകരിച്ചു. അതിലും അഭിപ്രായങ്ങള്‍ തേടി അന്തിമമാക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി. സജിത് ബാബു പതാക ഉയര്‍ത്തി. ചടങ്ങില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ നിജി ജസ്സിന്‍, എം.എല്‍.എ.മാരായ മുരളി പെരുന്നല്ലി, യു.ആര്‍ പ്രദീപ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എം. കൃഷ്ണന്‍നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, സഹകാരികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator

സോഫ്റ്റ് വെയര്‍ ടെണ്ടര്‍ സമര്‍പ്പിച്ചത് രണ്ട് കണ്‍സോര്‍ഷ്യം; നടപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തര്‍ക്കം

Indian Cooperator

തരളധനം സംബന്ധിച്ച് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത് സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ

Indian Cooperator
error: Content is protected !!