Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

സഹകരണ സംഘങ്ങള്‍ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അടയ്‌ക്കേണ്ട വിഹിതത്തില്‍ കുറവുവരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഓരോ വര്‍ഷവും മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് നാലുപൈസ എന്ന രീതിയില്‍ വിഹിതം അടക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 2025 ഏപ്രില്‍മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ശക്തമായ എതിര്‍പ്പാണ് ഇതിനെതിരെ സഹകാരികളില്‍നിന്നും സഹകരണ സംഘങ്ങളില്‍നിന്നും ജീവനക്കാരുടേത് അടക്കമുള്ള സംഘടനകളില്‍നിന്നുമുണ്ടായത്. സഹകരണ സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമാണിതെന്നായിരുന്നു വിമര്‍ശനം. അതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുള്ളത്.  

പുതിയ വിജ്ഞാപനം അനുസരിച്ച്, ഗ്യാരന്റി സ്‌കീമില്‍ അംഗമാകുമ്പോള്‍ ഒരു സംഘം അതിന്റെ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് 10 പൈസ നിരക്കില്‍ ബോര്‍ഡിന് വിഹിതം അടക്കണം. പിന്നീടുള്ള ഓരോ വര്‍ഷവും അധികമായി ലഭിക്കുന്ന നിക്ഷേപത്തിന് 12 പൈസനിരക്കില്‍ വിഹിതം നല്‍കണം. ഓരോ സാമ്പത്തികവര്‍ഷവും അവസാനിച്ച് മൂന്നുമാസത്തിനുള്ളില്‍ ഈ തുക ബോര്‍ഡിന് കൈമാറണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ ഒരുവര്‍ഷത്തേക്ക് 12 ശതമാനം നിരക്കില്‍ സംഘം പലിശ നല്‍കണം. മൂന്നുമാസത്തിനുള്ളില്‍ വിഹിതം നല്‍കിയിട്ടില്ലെങ്കില്‍ ആ സംഘം ഗ്യാരന്റി സ്‌കീമില്‍നിന്ന് പുറത്താകും. ഗ്യാരന്റി ഫണ്ട് ബോര്‍ഡിലേക്ക് നിക്ഷേപം അടിസ്ഥാനമാക്കിയുള്ള വിഹിതം നിശ്ചിത സമയത്തിനുള്ളില്‍ അടയ്‌ക്കേണ്ട ചുമതല സഹകരണ സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കാണ്.

സംഘങ്ങളിലെ 10വര്‍ഷമായി അവകാശികളെത്താത്ത അക്കൗണ്ടിലെ നിക്ഷേപം ബോര്‍ഡിലേക്ക് മാറ്റണം. പത്തുവര്‍ഷമായി ഓപ്പറേറ്റ് ചെയ്യാത്ത സേവിങ്‌സ് അക്കൗണ്ടിലെ പണവും ബോര്‍ഡിന് നല്‍കണം. ഈ നിക്ഷേപത്തിന് അവകാശികളെത്തിയാല്‍ അത് പലിശ സഹിതം സഹകരണ സംഘം നല്‍കണം. പിന്നീട് ഈ തുക ബോര്‍ഡില്‍നിന്ന് സംഘത്തിന് തിരികെ ലഭിക്കുന്നതായിരിക്കും. നിക്ഷേപത്തിന് ഗ്യാരന്റി പരിരക്ഷ ഉപാധികളോടെ 10 ലക്ഷമാക്കി മാറ്റിയിട്ടുണ്ട്. സംഘത്തിന് പുറമെ, നിക്ഷേപകര്‍ കൂടി വിഹിതം നല്‍കിയാലാണ് ഗ്യാരന്റി പത്തുലക്ഷമാകുക. നിക്ഷേപകരും 100 രൂപയ്ക്ക് 10 പൈസ നിരക്കിലാണ് വിഹിതം നല്‍കേണ്ടത്. നിക്ഷേപകര്‍ വിഹിതം അടച്ചില്ലെങ്കില്‍ ഗ്യാരന്റി അഞ്ചുലക്ഷം മാത്രമാകും.

Related posts

നിക്ഷേപ ഗാരണ്ടിസ്‌കീമില്‍ ചേരാത്ത സംഘങ്ങള്‍ക്ക് നിക്ഷേപവിലക്കും പിഴയും

Indian Cooperator

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

Indian Cooperator

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator
error: Content is protected !!