Indian Cooperator

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

കണ്ണൂരിലെ പെരളശ്ശേരി എന്ന ഗ്രാമത്തിലൂടെ ജീവിതകാലമത്രയും സാധാരണക്കാരുടെ ജീവിതം നെയ്‌തെടുക്കാന്‍ നെടുകെയും കുറുകെയുമായി നടന്ന സഹകാരിയായ സഖാവാണ് കെ.കെ.നാരായണന്‍. അക്ഷോഭ്യനായി, ചെറുചിരിയോടെ മാത്രം ജനങ്ങളിലേക്ക് ഇറങ്ങിനടന്ന മനുഷ്യന്‍. അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളും പോലീസുകാരും ഒരുപോലെ അക്രമകാരികളായി മാറിയപ്പോള്‍ ഇത്തരിപ്പോലും മനസുപതറാതെ നാടിന്റെ രക്ഷയ്ക്കായി നിന്ന സഖാവ്, സങ്കടം നിറഞ്ഞ തൊഴിലാളികളുടെ ജീവിതത്തിലേക്ക് തണലും തണുപ്പുമായി എത്തിയ നേതാവ്, നാടിനുവേണ്ടത്, നാട്ടുകൂട്ടായ്മയില്‍ പിറന്ന സഹകരണ സാമ്പത്തിക ബദലാണെന്ന് ജീവിതം കൊണ്ടുപഠിപ്പിച്ച സഹകാരി, ഇതിനൊക്കെ ഉപരി പട്ടിണി മാറ്റാന്‍ പന്ത്രണ്ടുവയസ്സുമുതല്‍ പണിക്കിറങ്ങി അവസാന ശ്വാസംവരെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരുസാധാരണ മനുഷ്യന്‍. 2025 ഡിസംബര്‍ 30ന് അന്തരിച്ച കെ.കെ.നാരായണന് നല്‍കിയ ഈ വിശേഷണങ്ങളൊന്നും പൂര്‍ണമല്ലെന്നതാണ് സത്യം.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കെ.കെ.നാരായണന്‍ ഭരണരംഗത്തും സഹകരണ മേഖലയിലും കഴിവുറ്റ നേതാവായി മാറിയത് കാര്യങ്ങള്‍ വിലയിരുത്തിയുള്ള ഇടപെടലിലൂടെയാണ്. ചെയ്യുന്ന കാര്യങ്ങളില്‍ സൂക്ഷ്മതയും കണിശതയും അദ്ദേഹം പുലര്‍ത്തി. കലഹിക്കാന്‍ നിന്നില്ലെങ്കിലും വെല്ലുവിളികളോട് സമരസപ്പെടാന്‍ ഒരിക്കലും അദ്ദേഹം മനസുകാട്ടിയില്ല. ആവശ്യങ്ങളെ പ്രയോഗികതയുമായി കൂട്ടിയിണക്കി സാധ്യമാക്കുക എന്നതായിരുന്നു നാരായണന്റെ പ്രവര്‍ത്തന രീതി. അത് തൊഴിലാളിയായപ്പോഴും തൊഴിലാളികളുടെ നേതാവായിപ്പോഴും ജനപ്രതിനിധിയായപ്പോഴുമെല്ലാം അദ്ദേഹം സ്വീകരിച്ച രീതികൂടിയായിരുന്നു.

2005-ലാണ് പിണറായി ഡിവിഷനില്‍നിന്ന് അദ്ദേഹം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പുതുതലമുറയ്ക്ക് ദിശാബോധമുണ്ടാക്കുന്നതാകണം വിദ്യാഭ്യാസത്തിന്റെ രീതിയെന്ന് ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഉള്ളിലുറപ്പിച്ചത്. കണ്ണൂരില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് അദ്ദേഹത്തിന്റെ ജില്ലാപഞ്ചായത്ത് ഒരു പ്രത്യേക പദ്ധതി തന്നെ തുടങ്ങി. അതിന്റെ പേരായിരുന്നു മുകുളം. വിദ്യാഭ്യസത്തിന്റെ നല്ലമുകളങ്ങളുണ്ടാക്കി ഒരു വസന്തകാലം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പറയാം. അത് ലക്ഷ്യം കണ്ടു.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി കണ്ണൂരിനെ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയാക്കി മാറ്റാന്‍ ഇതിലൂടെ കഴിഞ്ഞു. ഒരു മാതൃകാപദ്ധതിയെന്ന് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചു. പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നവര്‍ക്കും നാരായണന്റെ ഭരണകാലം പുതിയ അവസരമുണ്ടാക്കി. അതിനായി രൂപംകൊടുത്തതാണ്, നാലാം തരം തുല്യതാപഠന പദ്ധതിയായ കിരണ്‍. അക്ഷരങ്ങള്‍ക്ക് പ്രാകശമുണ്ടെന്ന് എന്നുവിശ്വസിച്ച നല്ലവായനക്കാരനായിരുന്ന നാരായണന്‍. ആ തെളിച്ചം അദ്ദേഹത്തിന്റെ കാലത്ത് രൂപംകൊടുത്ത വിദ്യാഭ്യാസ പദ്ധതികളുടെ പേരിനുപോലും ഉണ്ടായിരുന്നുവെന്ന് കാണാനാകും.

അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയത്, പട്ടിണിയുടെ ചൂട് വീട്ടകത്തിന് വല്ലാതെ പൊള്ളിച്ചുതുടങ്ങിയപ്പോഴാണ്. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം ജോലിക്കിറങ്ങി. അന്ന് പെരളശ്ശേരി എന്ന ഗ്രാമത്തിന് പുകിയിലയുടെ മണമായിരുന്നു എന്ന് പറയാറുണ്ട്. ബീഡിത്തൊഴിലാളികളുടെ ഗ്രാമം കൂടിയായിരുന്നു അത്. പെരളശ്ശേരി പഞ്ചായത്തില്‍ മാത്രം 3800 ബീഡിത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. പെരളശ്ശേരിയിലെ സാധുബീഡി കമ്പനിയുടെ ശാഖയില്‍ നാരായണന്‍ ജോലിക്ക് കയറി. മടിയില്‍ മുറംവെച്ച്, അതിലേക്ക് ബീഡി തെറുത്തിയിടുന്ന പഠിച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ ശാഖയില്‍ 60 തൊഴിലാളികള്‍ വേറെയുണ്ട്. പലര്‍ക്കും അക്ഷരമറിയില്ല. പക്ഷേ, പത്രംവായന ബീഡി തൊഴിലാളികളുടെ ശീലമാണ്. പണിയെടുക്കുന്നവരില്‍ ഒരാള്‍ പത്രവായനക്കാരനായി മാറും. എല്ലാവരും പണിയെടുക്കുന്നതില്‍നിന്ന് ഒരുവിഹിതം നല്‍കി അയാളുടെ കൂലിയും മറ്റുള്ളവര്‍ക്കൊപ്പം നിലനിര്‍ത്തും ഇതായിരുന്നു രീതി. ജോലിക്ക് കയറി ഏറെക്കഴിയുന്നതിന് മുമ്പ്, നാരായണന്‍ കൂടെ പണിയെടുക്കുന്നവരുടെ പത്രവായനക്കാരനായി.

SAMEER A HAMEED

പതിഞ്ഞ ശബ്ദമാണെങ്കിലും തെളിച്ചമുള്ള വായന എല്ലാവര്‍ക്കും പ്രീയപ്പെട്ടതാക്കി. പത്രം കഴിഞ്ഞാല്‍ പുസ്തകത്തിലേക്ക് കടക്കം. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും മാക്‌സിംഗോര്‍ക്കിയുടെ അമ്മയുമെല്ലാം നാരായണന്റെ ശബ്ദത്തില്‍ തൊഴിലാളികളുടെ ഉള്ളകത്ത് പതിഞ്ഞു. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ ബീഡിക്കമ്പനികളിലെ ഈ പത്രവായന ഏറെ സഹായകമായിട്ടുണ്ട്. 1981-ലാണ് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാരായണന്‍ ബീഡിപ്പണി മതിയാക്കുന്നത്. അന്നുവരെ വായന തുടര്‍ന്നു. 22 വര്‍ഷം തുടര്‍ച്ചയായി തൊഴിലായി കൂടി മാറിയ ആ വായന, ജീവിതത്തിന്റെ ഭാഗം കൂടിയായി. വീട്ടില്‍ സ്വന്തം ലൈബ്രറി തയ്യാറാക്കി. പുസ്തകങ്ങള്‍ തൊട്ടുനോക്കാതെയും ഇത്തിരിയെങ്കിലും വായിച്ചുപോകാതെയുമുള്ള ഒരുദിവസവും അദ്ദേഹത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. ബീഡി തെറുത്തിടുന്ന മുറത്തില്‍ ഒരു പുസ്തകം കൂടി വെച്ച് ഉറക്കെ വായിക്കുമായിരുന്നു നാരായണനെന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം പങ്കെടുത്ത ചടങ്ങും ഒരു സ്‌കൂളിലായിരുന്നു. മുണ്ടലൂര്‍ ന്യൂ എല്‍പി സ്‌കൂളില്‍ നടക്കുന്ന എന്‍.എസ്.എസ്. ക്യാമ്പില്‍ കുട്ടികളോട് സംസാരിക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ചരിത്ര നിയോഗമായിരിക്കും.

നിശബ്ദവിപ്ലവമാണ് കെ.കെ.നാരായണന്റെ പ്രവര്‍ത്തനത്തിന്റെ സ്വഭാവം. ആരെയും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസംഗമോ, ഭീഷണിപ്പെടുത്തിയുള്ള ഇടപെടലോ അദ്ദേഹത്തില്‍നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍, ഏത് സംഘര്‍ഷഘട്ടത്തിലും ഇടറിപ്പോയിട്ടുമില്ല.

തനിക്കരികില്‍ ഒരു പ്രശ്‌നവുമായെത്തുന്നവരെ ക്ഷമയോടെ കേള്‍ക്കുകയും സത്യസന്ധമായി ഇടപെടുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തൊഴില്‍പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരത്തിന് പലപ്പോഴും അദ്ദേഹത്തിന്റെ ഈ മനോഭാവും സഹായകമായിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് 33 ദിവസമാണ് പോലീസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും അതിക്രമം പെറളശ്ശേരിയിലും പരിസരത്തും അരങ്ങേറിയത്. സിപിഐഎം പെരളശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമിച്ചായിരുന്നു തുടക്കം. 1976 ഒക്ടോബര്‍ 17ന് എകെജി മന്ദിരം വായനശാലയ്ക്ക് തീയിട്ടു. ഫര്‍ണീച്ചറുകളും പുസ്തകങ്ങളും റോഡില്‍ കൂട്ടിയിട്ട് കത്തിച്ചു. സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി. കടകളും സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിച്ചില്ല. പണിയില്ലാതായി. സാധനങ്ങള്‍ വാങ്ങാന്‍ വഴിയില്ല. പലവീടുകളിലും പട്ടിണിയില്‍ മുങ്ങി. സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. എ.കെ.ജി. സ്ഥലം സന്ദര്‍ശിച്ചതോടെയാണ് അക്രമത്തിന് അറുതിയായത്.

k.k. narayanan former dist panchayth president kannur

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ കളക്ടര്‍ കോയ പെരളശ്ശേരിയില്‍ എത്തി. ജനങ്ങള്‍ക്ക് കളക്ടറെ പരാതി നേരിട്ടിറിയിക്കാമെന്ന പ്രഖ്യാപനവും ഉണ്ടായി. ഇതോടെ, കളക്ടറുടെ അരികിലേക്ക് പരാതി എത്താതിരിക്കാനുള്ള നീക്കം നടന്നു. അക്രമികള്‍ പെരളശ്ശേരിയില്‍ തമ്പടിച്ചു. പരാതി പറയാനെത്തിയാല്‍ അക്രമിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍, കാര്യമായ ആരും കളക്ടറുടെ അരികിലേക്ക് നേരിട്ട് വന്നില്ല. എന്നാല്‍, ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ കളക്ടറെ അറിയിക്കണമെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു. അതിന് ചുമതലപ്പെടുത്തിയത് കെ.കെ.നാരായണനെയായിരുന്നു.

അവിടെനിന്ന് ഇറങ്ങിയാല്‍ ഉടനെ താന്‍ ഗുണ്ടകളാല്‍ അക്രമിക്കപ്പെടുമെന്ന് നാരായണനും ഉറപ്പിച്ചിരുന്നു. അതിനാല്‍, ഗുണ്ടകളുടെ കണ്ണുവെട്ടിച്ചാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. പക്ഷെ, പിറ്റേന്ന് രാത്രി പോലീസ് വീടുവലഞ്ഞ് നാരായണനെയും അച്ഛനെയും പിടിച്ച് മൂന്നുപെരിയയിലെ താല്‍ക്കാലിക പോലീസ് ക്യാമ്പിലെത്തിച്ചു. അവിടെനിന്ന് ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ കൊടീയമര്‍ദ്ദനങ്ങള്‍ ഇരുവര്‍ക്കും ഏറ്റുവാങ്ങേണ്ടിവന്നു.

മകന്‍ കമ്മ്യൂണിസ്റ്റായിരുന്നുവെന്നതാണ് കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണന്റെ മേല്‍ പോലീസിന് ആരോപിക്കാനുണ്ടായിരുന്ന ഏക കുറ്റം. നാരായണനെയും കണ്ണനെയും സാങ്കല്‍പിക കസേരയില്‍ ഇരുത്തി. തളരുമ്പോള്‍ കൊടീയമര്‍ദ്ദനം. അടിയന്തരാവസ്ഥകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായതിന്റെ പേരില്‍ ഒരു മകനും അദ്ദേഹത്തിന്റെ ഒരേപോലെ പോലീസ് മര്‍ദ്ദനത്തിന് ഇരയായ അപൂര്‍വ സംഭവം കൂടിയായിരുന്നു ഇത്.

സംഭവമറിഞ്ഞ് എകെജി സ്ഥലത്തെത്തി. ഇതോടെയാണ് രണ്ടുപേരെയും പോലീസ് വിട്ടയച്ചത്.
പിന്നീടും പോലീസ് മര്‍ദ്ദനത്തിന് നാരായണന്‍ ഇരയായി. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചപ്പോഴും കണ്ണൂര്‍ എകെജി ആശുപത്രി തിരഞ്ഞെടുപ്പിനിടയിലും കെ.കെ. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. 42 ദിവസാണ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മാത്രം ആശുപത്രിയില്‍ കഴിയേണ്ടിവന്നത്.

സഹകരണത്തിന്റെ മൂല്യവും കാഴ്ചപ്പാടും ജീവിതത്തില്‍ പകര്‍ത്തിയ സഹകാരിയായിരുന്നു കെ.കെ.നാരായണന്‍. ഒന്നിച്ചുനില്‍ക്കാനും അതിലൂടെ വലിയനേട്ടങ്ങളുണ്ടാക്കാനും കഴിയുമെന്ന് അദ്ദേഹം പ്രവര്‍ത്തനത്തിലൂടെ പഠിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍ പെരളശ്ശേരി ഡിവിഷന്‍ സെക്രട്ടറിയായിരുന്നു നാരായണന്‍. തൊഴിലാളികള്‍ പരീക്ഷണം നേരിട്ട കാലം. മൂവായിരത്തോളം തൊഴിലാളികള്‍ അന്ന് ഈ ഡിവിഷന് കീഴിലുണ്ടായിരുന്നു. അവരെയെല്ലാം ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹം ഓടിനടന്നു.

ബീഡി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമാണെന്ന് പുരോഗമനപ്രസ്ഥാനങ്ങളെ ബോധ്യപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. ആ കാഴ്ചപ്പാടാണ് പിന്നീട് ദിനേശ് ബീഡി സഹകരണ സംഘം രൂപവത്കരിക്കാന്‍ വഴിയൊരുക്കിയത്. എന്നാല്‍, കണ്ണൂര്‍ ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായതുമുതലാണ് സഹകരണ പ്രസ്ഥാനത്തിന് കെ.കെ.നാരായണന്റെ സംഭാവന ലഭിച്ചുതുടങ്ങിയത് എന്ന് പറയാം.

നാലരവര്‍ഷമായിരുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പദവയില്‍ നാരയാണന്‍ ഉണ്ടായിരുന്നത്. ഈ കാലയളവില്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷവും ജില്ലാബാങ്കിന് ബെസ്റ്റ് പെര്‍ഫോമന്‍സിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു ഇത്.

പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കിന്റെ ചെയര്‍മാനായും കണ്ണൂര്‍ എകെജി ആശുപത്രി പ്രസിഡന്റായും തിളങ്ങി. പുതുതലമുറയുടെ ആസ്വാദ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ വിസ്മയില്‍ അദ്ദേഹം കൊണ്ടുവന്നു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആതുരസേവനം എന്നതായിരുന്നു എകെജി ആശുപത്രി എല്ലാകാലത്തും സ്വീകരിച്ച നിലപാട്. അതിനുതകുന്ന പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. സഹകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളില്‍ അപകടമേറെയുണ്ടെന്ന് സഹകാരികളെയും ഈ മേഖലയിലുള്ളവരെയും അതിലുപരി സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സമീപകാലത്തായി അദ്ദേഹം ഏറെ സമയം കണ്ടെത്തിയിരുന്നു.

സംസ്ഥാന സഹകരണ യൂണിയന്‍ അംഗമെന്ന നിലയിലായിരുന്നു അദ്ദേഹം ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. സഹകരണ മേഖലയില്‍ അശുഭകാര്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് അദ്ദേഹം സമീപകാലത്ത് പങ്കെടുക്കുന്ന ഓരോ ചടങ്ങിലും ശ്രദ്ധനല്‍കി. ജീവിതത്തോട് അദ്ദേഹം വിടപറയുന്ന ഡിസംബര്‍ 30നും അദ്ദേഹം സഹകരണ മേഖലയെക്കുറിച്ചുള്ള പരിപാടിയിലാണ് പങ്കെടുത്തത്. രാവിലെ കൂത്തുപറമ്പില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച സഹകരണ വാരാഘോഷ പരിപാടിയില്‍. അതിലും കാലത്തിന്റെ മാറ്റവും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊരുതി നില്‍ക്കണമെന്നും പോരടിച്ചുതന്നെ മുന്നേറണമെന്നും പഠിപ്പാക്കാന്‍ ശ്രമിച്ച സഹകാരിയായ സഖാവാണ് കെ.കെ.നാരായണന്‍. ആ ശബ്ദമാണ് നമുക്ക് നഷ്ടമായത്.


ധര്‍മടം മുന്‍ എം.എല്‍.എ.യും സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് മുന്‍ അംഗവുമായിരുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയര്‍മാന്‍, കണ്ണൂര്‍ എ.കെ.ജി. സഹകരണാശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണയൂണിയനംഗം, സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പെരളശ്ശേരിയില്‍ ബീഡിത്തൊഴിലാളിയായാണു ജീവിതം ആരംഭിച്ചത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തി. ദീര്‍ഘകാലം സി.പി.ഐ.എം. പെരളശ്ശേരി ലോക്കല്‍ സെക്രട്ടറിയായും എടക്കാട് ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1996 ലാണു ജില്ലാ സെക്രട്ടേറിയേറ്റംഗമായത്.

അടിയന്തരാവസ്ഥക്കാലത്തു ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍ പെരളശ്ശേരി ഡിവിഷന്‍ സെക്രട്ടറിയായിരുന്നു. മൂവായിരത്തോളം തൊഴിലാളികള്‍ അന്ന് ഈ ഡിവിഷനു കീഴിലുണ്ടായിരുന്നു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്, മോട്ടോര്‍ കോണ്‍ഫഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പരേതരായ കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണന്റെയും വാഴവളപ്പില്‍ മാതുവിന്റെയും മകനാണ്. മൗവ്വഞ്ചേരി സഹകരണ റൂറല്‍ ബാങ്കില്‍നിന്നു വിരമിച്ച സുശീലയാണു ഭാര്യ.

Related posts

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator

മെലിഞ്ഞു പോകുന്ന ഇന്ത്യന്‍ രൂപ

Indian Cooperator

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator
error: Content is protected !!