Indian Cooperator

കര്‍ണാടകത്തിലെ സഹകരണആരോഗ്യപദ്ധതിയില്‍ ഇക്കൊല്ലം50 ലക്ഷം പേരെ ചേര്‍ക്കും

ര്‍ണാടകത്തില്‍ സഹകരണസംഘാംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയായ യശസ്വിനിയില്‍ ഇക്കൊല്ലം അമ്പതു ലക്ഷം പേരെ ഉള്‍പ്പെടുത്താനാണു സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ കൊല്ലം 47 ലക്ഷം പേരെയാണ് ഈ കാഷ്ലെസ് ചികിത്സാപദ്ധതിയില്‍ ചേര്‍ത്തിരുന്നത്. 2026-27 വര്‍ഷത്തേക്കു പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന പരിപാടി ജനുവരി മൂന്നിനു സംസ്ഥാനമെങ്ങും തുടങ്ങിക്കഴിഞ്ഞു. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു അഞ്ചു ലക്ഷം രൂപവരെ ചികിത്സച്ചെലവു ലഭിക്കും. അംഗങ്ങള്‍ ആശുപത്രികളില്‍ പണമടയ്ക്കേണ്ട. കാഷ്ലെസ് പദ്ധതിയാണിത്.

ക്ഷീരോത്പാദകര്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, ബീഡി തെറുപ്പുകാര്‍, സ്വയംസഹായഗ്രൂപ്പുകാര്‍ എന്നിവരടക്കം ഗ്രാമീണ, നഗരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കു പദ്ധതിയുടെ ഗുണം കിട്ടും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം. കഴിഞ്ഞ കൊല്ലം 47 ലക്ഷം അംഗങ്ങളാണു പദ്ധതിയില്‍ ചേര്‍ന്നത്. പദ്ധതി പുനരാരംഭിച്ചതിന്റെ ആദ്യവര്‍ഷമായ 2023 ല്‍ 30 ലക്ഷം പേരാണു പദ്ധതിയിലുണ്ടായിരുന്നത്. പുനരാരംഭിച്ചശേഷം 68,159 സഹകരണസംഘാംഗങ്ങള്‍ 117.79 കോടി രൂപയുടെ ചികിത്സ നടത്തിയിട്ടുണ്ടെന്നാണു കണക്ക്. 2024-25 ല്‍ ഒരാളുടെ ചികിത്സയ്ക്കു ചെലവായ ശരാശരിത്തുക 17,000 രൂപയാണ്. സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ, സര്‍ക്കാര്‍മേഖലകളിലെ 786 ആശുപത്രികളിലാണ് അംഗങ്ങള്‍ ചികിത്സ തേടുന്നത്.

സംഘാംഗങ്ങള്‍ക്കു പുറമേ അവരുടെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ചികിത്സാപദ്ധതിയുടെ ആനുകൂല്യം കിട്ടും. ഗ്രാമീണമേഖലയില്‍ നാലംഗങ്ങളുള്ള കുടുംബം വര്‍ഷത്തില്‍ അടയ്ക്കേണ്ടത് 500 രൂപയാണ്. ഈ നാലു പേര്‍ക്കു പുറമേ പദ്ധതിയില്‍ ചേരുന്ന ഓരോരുത്തര്‍ക്കും 100 രൂപകൂടി അടയ്ക്കണം. നഗരപ്രദേശങ്ങളില്‍ വാര്‍ഷികസംഖ്യ ഇരട്ടിയാകും. നാലംഗകുടുംബത്തിന് 1000 രൂപ അടയ്ക്കണം. കൂടുതലായി വരുന്ന ഓരോരുത്തര്‍ക്കും 200 രൂപവീതവും നല്‍കണം. ഇക്കൊല്ലം മാര്‍ച്ച് 31 വരെ യശസ്വിനി ആരോഗ്യപദ്ധതിയില്‍ ചേരാം. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ക്കു സൗജന്യമാണ്. ഇവരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സഹകരണസംഘങ്ങളില്‍നിന്നു പരമാവധി അംഗങ്ങളെയും ആശ്രിതരെയും പദ്ധതിയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലെയും സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്കും എല്ലാ സംഘങ്ങളിലെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശങ്ങളയച്ചിട്ടുണ്ടെന്നു സഹകരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ജി. രംഗനാഥ് അറിയിച്ചു.

സഹകരണസംഘങ്ങളില്‍ 90 ദിവസം അംഗത്വമുള്ളവര്‍ക്കു യശസ്വിനി ആരോഗ്യപദ്ധതിയില്‍ ചേരാം. 75 വയസ്സുവരെയുള്ള അംഗങ്ങള്‍ക്കു പദ്ധതി പ്രയോജനപ്പെടുത്താം. 2003 ലാണു ഈ ആരോഗ്യപദ്ധതി ആദ്യമായി നടപ്പാക്കിയത്. 2018 ല്‍ ഇതിനെ ആരോഗ്യകര്‍ണാടക പദ്ധതിയില്‍ ലയിപ്പിച്ചെങ്കിലും 2023 ല്‍ പുനരുജ്ജീവിപ്പിച്ചു.

Related posts

കേരളത്തിലെ 53 സംഘങ്ങളടക്കം1,059 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നോട്ടീസ്

Indian Cooperator

തമിഴ്നാട്ടില്‍ സഹകരണബാങ്കിലെ കാര്‍ഷികവായ്പ എഴുതിതള്ളുന്നു

Indian Cooperator

കര്‍ഷകരുടെ 70 ലക്ഷം രൂപദുരുപയോഗം ചെയ്ത കേസില്‍സഹകരണബാങ്ക്മുന്‍ എം.ഡി. അറസ്റ്റില്‍

Indian Cooperator