Indian Cooperator

സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ്

ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന സഹകരണ മേഖലയിലെ ഏറെക്കാലമായുള്ള ആവശ്യത്തിന് ബജറ്റില്‍ അംഗീകാരം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിക്കുന്നര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും. മെഡിസെപ് പദ്ധതി ആവിഷ്‌കരിച്ച ഘട്ടത്തില്‍തന്നെ അതില്‍ സഹകരണ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍, വിവിധ തലത്തിലുള്ള സഹകരണ സംഘങ്ങളിലെ ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളില്‍ ഉടക്കിയാണ് ഇത് നടപ്പാവാതെ പോയത്. ഇതിന് പകരം, മെഡിസെപ് മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പില്‍നിന്നുണ്ടായി. സഹകരണ സംഘം രജിസ്ട്രാര്‍ ഇതിനുള്ള പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. അതാണ് ഇപ്പോള്‍ ബജറ്റില്‍ അംഗീകരിച്ചത്.

സഹകരണ മേഖലയ്ക്ക് നല്ല പരിഗണനയാണ് ബജറ്റില്‍ ലഭിച്ചിട്ടുള്ളത്. സംഘങ്ങളുടെ പദ്ധതിക്ക് എന്‍.സി.ഡി.സി. വായ്പ അടക്കം ലഭ്യമാകുമ്പോള്‍ സര്‍ക്കാര്‍ വിഹിതം നല്‍കുന്നതിനുള്ള വകയിരുത്തല്‍ ബജറ്റിലുണ്ട്. പരമ്പരാഗത വ്യവസായ മേഖലകളായ കയര്‍, കൈത്തറി,ഖാദി തുടങ്ങിയ രംഗങ്ങളിലുള്ള സഹകരണ സംഘങ്ങള്‍ക്കും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. നെല്ല് സംഭരണത്തില്‍ സഹകരണ പദ്ധതിക്കായി 150 കോടിരൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് 95 ശതമാനവും സര്‍ക്കാരാണ് സംഭരിക്കുന്നത്. നിലവിലെ പി.ആര്‍.എസ്. വായ്പാരീതി ഒഴിവാക്കി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സംഭരണസമയത്ത് തന്നെ പണം നല്‍കുന്ന പുതിയ ദ്വിതല സംഭരണ മാതൃകയാണ് നടപ്പാക്കുന്നത്. കേരളാബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റല്‍ പോര്‍ട്ടലിന്റെ മേല്‍നോട്ടത്തിലും വരാനിരിക്കുന്ന സീസണ്‍ മുതല്‍തന്നെ പുതിയ സംവിധാനം നിലവില്‍വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടി വകയിരുത്തി. ഇതിന് പുറമെ, കേരള നെല്ല് സംഭരണ സംസ്‌കരണ വിപണന സംഘത്തിന് (കാപ്‌കോസ്) കീഴില്‍ കോട്ടയം ഏറ്റുമാനൂരില്‍ റൈസ് മില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പത്തുകോടി വേറെയും മാറ്റിവെച്ചിട്ടുണ്ട്.

വീട്ടില്‍ ഒറ്റയ്ക്കായ പ്രായമായവരെ സംരക്ഷിക്കാനായി ‘കോഓപ് കെയര്‍ ജെറിയാട്രിക് ആന്‍ഡ് പാലിയേറ്റീവ് സെന്ററുകള്‍’ എന്ന പദ്ധതി നടപ്പാക്കും. വിദേശത്തുള്ള മക്കളുടെ അഭാവത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കള്‍ക്ക് സമഗ്രപരിചരണം പ്രദാനം ചെയ്യുന്ന പദ്ധതിയാണിത്. ഇതിനായി 21.40 കോടി നീക്കിവെച്ചു. കാര്‍ഷികോല്‍പാദനം കൂട്ടാന്‍ സാങ്കേതികാധിഷ്ഠിത കൃഷി രീതി സഹകരണ സംഘങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതില്‍ തെങ്ങുകൃഷിക്കായി ‘പ്ലസ് വണ്‍’ എന്ന പുതിയ രീതി കൂടി കോണ്ടുവന്നു. 35 കോടിരൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി 15.95 കോടി, റിസ്‌ക് ഫണ്ട് സ്‌കീമിലേക്ക് സംസ്ഥാന വിഹിതമായി ഏഴ് കോടി, കേപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി ആറ് കോടി, വനിതാ സഹകരണ സംഘങ്ങള്‍ക്കും വനിതാ ഫെഡിനുമുള്ള സഹായം 3.54 കോടി, എസ്.എസ്-എസ്.ടി. ഫെഡറേഷന്റെ പുനരുദ്ധാരണം, പുതിയ പദ്ധതികളുടെ നടത്തിപ്പിനുമായി സംഘങ്ങള്‍ക്കുള്ള ഓഹരിമൂലധന സഹായം എന്നിവയ്ക്കായി ആറ് കോടി, പ്രാഥമിക ക്ഷീര സംഘങ്ങളുടെ പശ്ചാത്തല വികസന സൗകര്യങ്ങള്‍ക്കായി 22.55 കോടി, പാലിന്റെയും പാലുല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന മെച്ചപ്പെടുത്തുന്നത് 8 കോടി, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി ക്കായി 10 കോടി, ക്ഷീരകര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സിനും ക്ഷീരകര്‍ഷക ബോര്‍ഡ് ക്ഷേമനിധിക്കുമായി 4 കോടി, തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയില്‍ മോഡല്‍ ഡയറി ഫാം സ്ഥാപിക്കുന്നതിന് പത്തുകോടി, മില്‍മയ്ക്കായി 8.70 കോടിരൂപ എന്നിങ്ങനെയുമാണ് വകയിരുത്തിയിട്ടുള്ളത്.

Related posts

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator

ഡ്യൂട്ടിസമയം എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്; പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണം

Indian Cooperator
error: Content is protected !!