Indian Cooperator

ഉദ്യോഗസ്ഥര്‍ എസ്.ഐ.ആര്‍. ഡ്യൂട്ടിയിലായതിനാല്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വിശദീകരണം

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്.ഐ.ആര്‍ ) ഭാഗമായി ഗുജറാത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആറു മാസത്തേക്കു മാറ്റിവെച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി ജിതു വാഘാനിയാണു ഇക്കാര്യമറിയിച്ചത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനാല്‍ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നു അദ്ദേഹം പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയിട്ടുള്ളതോ കോടതിയുത്തരവുപ്രകാരം നടക്കേണ്ടതോ ആയിട്ടുള്ള സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രത്തിലെ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാര്‍ മാറ്റിവെക്കുകയുണ്ടായി.

മഹാരാഷ്ട്രത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ഡിസംബറില്‍ മാറ്റിവെക്കുകയുണ്ടായി. മുംബൈ ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷനുകളിലേക്കും മുനിസിപ്പാലിറ്റി, ജില്ലാ പരിഷത്ത്, പഞ്ചായത്തു സമിതികളിലേക്കും ഡിസംബറില്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടിയാണു ഭവനനിര്‍മാണ സഹകരണസംഘങ്ങളൊഴികെയുള്ള സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വീണ്ടും സര്‍ക്കാര്‍ മാറ്റിവെച്ചത്. നേരത്തേ കനത്ത മഴ കാരണം സഹകരണസംഘം തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിലേക്കു നീട്ടിവെച്ചിരുന്നു. അതാണു ഡിസംബറില്‍ വീണ്ടും മാറ്റിവെച്ചത്.

രാജ്യത്ത് സഹകരണസംഘങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്താണു ഗുജറാത്ത്. 2026 ലെ ദേശീയ സഹകരണ ഡേറ്റാബേസനുസരിച്ചു സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ എണ്ണം 86,000 ത്തിനും 86,500 നുമിടയിലാണ്. ഇതില്‍ കൂടുതലും ഭവനനിര്‍മാണ സഹകരണസംഘങ്ങളാണ് ( 29,363 ). രണ്ടാംസ്ഥാനത്തു ക്ഷീരോത്പാദക സഹകരണസംഘങ്ങളും ( 16,319 ) മൂന്നാംസ്ഥാനത്തു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുമാണ് ( 10,266 ). രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളില്‍ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് അഹമ്മദാബാദ് ജില്ലയിലാണ്. 16,566 സംഘങ്ങള്‍.

രാജ്യത്ത് ഏറ്റവുമധികം സഹകരണസംഘങ്ങളുള്ള സംസ്ഥാനമാണു മഹാരാഷ്ട്ര. രജിസ്റ്റര്‍ ചെയ്ത 2.22 ലക്ഷം സഹകരണസംഘങ്ങളാണു മഹാരാഷ്ട്രത്തിലുള്ളത് എന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 2.14 ലക്ഷം സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍, ക്ഷീരോത്പാദകസംഘങ്ങള്‍, പഞ്ചസാര സഹകരണസംഘങ്ങള്‍ എന്നിവ ഇവയിലുള്‍പ്പെടും. പ്രവര്‍ത്തനം നിലച്ച സംഘങ്ങളുടെ എണ്ണം 4,577 ആണ്. 2,786 സംഘങ്ങള്‍ ലിക്വിഡേഷനിലാണ്. സംസ്ഥാനത്താകെ 5.8 കോടിയാളുകള്‍ സഹകരണസംഘങ്ങളില്‍ അംഗങ്ങളാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related posts

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator

മഹാത്മാഗാന്ധിയുടെ ആശയത്തില്‍ തുടങ്ങിയ സേവ വനിതാസംഘങ്ങളില്‍ പ്രൊഫഷണല്‍ രീതി ഉറപ്പാക്കാനുള്ള ദൗത്യത്തിനിറങ്ങുന്നു

Indian Cooperator
error: Content is protected !!