Indian Cooperator

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും പൊതുസോഫ്റ്റ് വെയറിന്റെ ഭാഗമാക്കി ഒറ്റ ശൃംഖലയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശ്രദ്ധേയമായ പുരോഗതി.
രാജ്യത്തെ 79,600 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ( പാക്സ് ) ഡിജിറ്റലൈസ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതു രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളുടെ ഏതാണ്ട് 75 ശതമാനം വരും. പ്രാഥമിക സഹകരണസംഘങ്ങളുടെ കാര്യശേഷിയും സുതാര്യതയും ഭരണപാടവവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റലൈസേഷന്‍പദ്ധതിക്കു മൊത്തം 2,925.39 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്.

എല്ലാ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം ഒരേരീതിയിലാക്കുന്നത് അതിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ലെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കുള്ളത്. കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട ബാങ്കിങ് മേഖലയിലെ ജനകീയ സ്ഥാപനമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി നിക്ഷേപം സമാഹരിക്കുകയും അംഗങ്ങള്‍ക്ക് 50 ലക്ഷംരൂപവരെ വായ്പ നല്‍കുകയും ചെയ്യുന്ന വിധത്തില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ വളര്‍ന്നിട്ടുണ്ട്. ഇവയെ കോമണ്‍ സോഫ്റ്റ് വെയറിലൂടെ ബന്ധിപ്പിക്കുന്നത് ഗുണകരമാകില്ലെന്നതിനാല്‍, കേരളം കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടില്ല.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളാണ് കേന്ദ്രസഹകരണ ശൃംഖലയില്‍ വരുന്നത്. ഇത് സംസ്ഥാനത്തിന് ഏത് രീതിയില്‍ ദോഷമാകുമെന്ന് പരിശോധിക്കേണ്ടതാണ്. കേരളത്തില്‍ പ്രത്യേകം പദ്ധതിയായി കോമണ്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതികളിലൂടെ കേന്ദ്രവും കേരളവും ചൂണ്ടിക്കാട്ടുന്നത് ഒരേ ലക്ഷ്യമാണ്. എല്ലാ സഹകരണ സംഘങ്ങളും ഡിജിറ്റലൈസായാല്‍ വായ്പ അനുവദിക്കുന്നതിലുള്ള കാലതാമസവും ഇടപാടിലുള്ള ചെലവും കുറയുകയും അക്കൗണ്ടിങ് സുഗമമാവുകയും ചെയ്യുമെന്നാണ് സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഒരു ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ് കേന്ദ്രത്തിന്റെ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ഡിജിറ്റലൈസ് ചെയ്തിട്ടുള്ള എല്ലാ സംഘങ്ങളെയും സംസ്ഥാനജില്ലാ സഹകരണബാങ്കുകള്‍വഴി നബാര്‍ഡിന്റെ ERP അധിഷ്ഠിത പൊതു ദേശീയ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലെ 59,030 ഉദ്യോഗസ്ഥര്‍ക്കു ഇതിനകം പരിശീലനവും നല്‍കിയതായി അമിത്ഷാ അറിയിച്ചു.

Related posts

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിയമാവലിയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

Indian Cooperator

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator
error: Content is protected !!