Indian Cooperator

മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന്റെമോഹം പൊലിയുന്നുവിപുലീകരണത്തിനുഗോവസര്‍ക്കാരിന്റെ വിലക്ക്

തിരുമല-തിരുപ്പതി മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘത്തിനു ഗോവയില്‍ തിരിച്ചടി. ഗോവയില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും 13 ശാഖകള്‍ തുറക്കാനുമുള്ള അനുമതിയും നിരാക്ഷേപപത്രവു ( എന്‍.ഒ.സി ) മാണിപ്പോള്‍ ഗോവസര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. 2014 ജൂലായ് 31, 2018 ജൂണ്‍ 28 തീയതികളില്‍ നല്‍കിയ കത്തുകള്‍പ്രകാരം പ്രവര്‍ത്തനപരിധി വ്യാപിപ്പിക്കാനും സംസ്ഥാനത്തു 13 ശാഖകള്‍ തുറക്കാനും സംഘത്തിനു ഗോവസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 108 നു കീഴില്‍വരുന്ന അധികാരമുപയോഗിച്ചു ഗോവയിലെ സഹകരണസംഘം രജിസ്ട്രാര്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണു തിരുമല തിരുപ്പതി സംഘത്തിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്.

2023, 2024, 2025 കാലത്തു നോട്ടീസുകളയച്ചിട്ടും തിരുമല തിരുപ്പതി മള്‍ട്ടി സ്റ്്റേറ്റ് വായ്പാ സഹകരണസംഘത്തില്‍നിന്നു സര്‍ക്കാരിനു മറുപടിയൊന്നും കിട്ടുകയുണ്ടായില്ലെന്നു ഗോവ സഹകരണമന്ത്രി സുഭാഷ് ഷിരോദ്കര്‍ അറിയിച്ചു. സംഘത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സര്‍ക്കാറിന് ഒന്നുമറിയില്ലെന്നും അതിനാല്‍ത്തന്നെ അതേക്കുറിച്ചു തത്കാലം പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മള്‍ട്ടി സ്റ്റേറ്റ് സംഘം പ്രതിനിധികള്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദര്‍ശിച്ചു. സാമ്പത്തികക്കണക്കും ഓഡിറ്റ്റിപ്പോര്‍ട്ടുകളും മറ്റു രേഖകളും ഉടനെത്തന്നെ സംസ്ഥാന സഹകരണസംഘംരജിസ്ട്രാര്‍ക്കു സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ചശേഷമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നദ്ദേഹം അറിയിച്ചു. ആദ്യം രേഖകള്‍ സമര്‍പ്പിക്കൂ. എന്നിട്ട് സര്‍ക്കാര്‍ ആലോചിക്കാം- അദ്ദേഹം പറഞ്ഞു.

സംസ്ഥാന സഹകരണസംഘംരജിസ്ട്രാര്‍ നിരാക്ഷേപപത്രം പിന്‍വലിച്ചതിനെത്തുടര്‍ന്നാണു മള്‍ട്ടി സ്റ്റേറ്റ് സംഘത്തിന്റെ വിപുലീകരണപദ്ധതികള്‍ മരവിച്ചത്. നിയമം അനുശാസിക്കുന്ന തരത്തില്‍ ഓഡിറ്റ് ചെയ്ത സാമ്പത്തികസ്റ്റേറ്റുമെന്റുകള്‍ സമര്‍പ്പിക്കുന്നതിലും നിയമപ്രകാരമുള്ള പരിശോധനകള്‍ക്കു വഴങ്ങുന്നതിലും രജിസ്ട്രാര്‍ അയച്ച നോട്ടീസുകള്‍ക്കു മറുപടി നല്‍കുന്നതിലും സംഘം വീഴ്ച വരുത്തി എന്നാണു ഗോവസര്‍ക്കാരിന്റെ വിശദീകരണം. അതുപോലെ, സംഘത്തിന്റെ അനധികൃതശാഖകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായും ഗോവസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, സംഘത്തിന്റെ ചെയര്‍മാന്‍ ഗുര്‍മീത് സിങ്ങും സീനിയര്‍ ഭരണസമിതിയംഗങ്ങളും പനാജിയിലെത്തി സഹകരണമന്ത്രി സുഭാഷ് ഷിരോദ്കറെ സന്ദര്‍ശിച്ചു. അധികൃതര്‍ക്ക് ഏതാനും രേഖകള്‍ സമര്‍പ്പിച്ച ഭാരവാഹികള്‍ ബാക്കിയുള്ള റെക്കോഡുകള്‍ നല്‍കാന്‍ സാവകാശം ചോദിച്ചു. സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശോധനകളോടും സഹകരിക്കുമെന്നു പറഞ്ഞ അവര്‍ സംഘത്തിനെതിരായ വിലക്ക് നീക്കണമെന്ന് അഭ്യര്‍ഥിച്ചു. സഹകരണസംഘംരജിസ്ട്രാര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്നും അദ്ദേഹത്തിന്റെ എല്ലാ അന്വേഷണങ്ങള്‍ക്കും പ്രതികരിക്കണമെന്നും മന്ത്രി പ്രതിനിധിസംഘത്തോട് പറഞ്ഞു. ക്രമക്കേടുകള്‍ ഒരുകാരണവശാലും പൊറുപ്പിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു. തങ്ങള്‍ക്കു പറ്റിയ വീഴ്ചകള്‍ക്കും മറുപടികള്‍ നല്‍കുന്നതിലുണ്ടായ കാലതാമസത്തിനും ക്ഷമ ചോദിച്ച് മള്‍ട്ടി സ്റ്റേറ്റ് സംഘം രജിസ്ട്രാര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്കെതിരായ കാരണംകാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും എന്‍.ഒ.സി. സസ്പെന്റ് ചെയ്ത നടപടി റദ്ദാക്കണമെന്നും അഭ്യര്‍ഥിച്ച് സംഘത്തിന്റെ പനാജിശാഖ സഹകരണസംഘം രജിസ്ട്രാറെ സമീപിച്ചു.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിനു കീഴില്‍ 2013 ല്‍ മുംബൈ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച സംഘമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളാണു പ്രവര്‍ത്തനപരിധി. 1,88,266 അംഗങ്ങളുള്ള സംഘത്തിനു മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതല്‍ ശാഖകളുള്ളത് – 42. കര്‍ണാടകത്തില്‍ നാലും ഗോവയില്‍ ഏഴും ശാഖകളാണുള്ളത്. ഗോവയിലെ ശാഖകള്‍ പതിമൂന്നാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു സംഘം ഉദ്ദേശിച്ചിരുന്നത്.

സംഘത്തിന് 6000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ 4000 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ടെന്നും ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അന്താരാഷ്ട്ര സഹകരണസഖ്യം ഏഷ്യാ-പെസിഫിക് ഗ്രൂപ്പില്‍ 2019 മുതല്‍ അംഗമാണീ മള്‍ട്ടി സ്റ്റേറ്റ് സംഘം.

Related posts

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator

120 -ാം വാര്‍ഷികത്തില്‍കാഴ്ചശേഷിയില്ലാത്തനാലു പേര്‍ക്ക് ജോലി നല്‍കി കോസ്‌മോസ് ബാങ്ക്

Indian Cooperator

ഉദ്യോഗസ്ഥര്‍ എസ്.ഐ.ആര്‍. ഡ്യൂട്ടിയിലായതിനാല്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വിശദീകരണം

Indian Cooperator
error: Content is protected !!