Indian Cooperator

ബിഹാറില്‍സഹകരണസംഘങ്ങളെസ്റ്റാര്‍ട്ടപ്പുകളാക്കുന്നു

സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. മൂലധനസമാഹരണവും വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കലും ലക്ഷ്യമിട്ട് സഹകരണസംഘങ്ങളെ സ്റ്റാര്‍ട്ടപ്പ് മാതൃകയിലുള്ള സംരംഭങ്ങളാക്കി മാറ്റാനാണു പദ്ധതി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒമ്പതിനായിരത്തോളം സഹകരണസംഘങ്ങള്‍ക്കു സംസ്ഥാന സഹകരണബാങ്ക് വഴി സാമ്പത്തികസഹായം ലഭിക്കും. വാര്‍ഷികഓഡിറ്റ് നടത്തുന്നതും മികച്ച രീതിയില്‍ പുതുസംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതുമായ സഹകരണസംഘങ്ങളെ മാത്രമേ സ്റ്റാര്‍ട്ടപ്പ് ശ്രേണിയിലേക്കു ഉയര്‍ത്തുകയുള്ളു.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലും ( പാക്‌സ് ) നിര്‍ണായകമായ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ട്. പ്രാഥമികസംഘങ്ങളിലെ ഓഹരികളുടെ വില പത്തു രൂപയില്‍നിന്നു ആയിരം രൂപയാക്കി വര്‍ധിപ്പിക്കും. സംഘങ്ങളുടെ പ്രവര്‍ത്തനമൂലധനം ശക്തിപ്പെടുത്താനും  അടിസ്ഥാനസൗകര്യവികസനത്തില്‍ നിക്ഷേപം നടത്താനും ഇതു സംഘങ്ങളെ സഹായിക്കും. ഈ സംഘങ്ങളെ ഡിജിറ്റലൈസ് ചെയ്യും. സംഘങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി വിപണനം ചെയ്യുന്നതിനു പൊതു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇടപാടിലെ സുതാര്യത ഉറപ്പുവരുത്താനായി ഓരോ സംഘത്തിനും സ്വന്തം വെബ്‌സൈറ്റുണ്ടാക്കും. പ്രാദേശികോത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ ഇ-ജില്ലാ ശൃംഖലയുമായി സംയോജിപ്പിക്കും.

ബ്ലോക്ക്തലത്തില്‍ സഹകരണസംഘങ്ങള്‍ക്കു ആധുനികരീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും പീഡിതസംഘങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേഫണ്ടുണ്ടാക്കും. വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരെ സംരംഭകരാക്കി മാറ്റാനും അതുവഴി താഴെത്തട്ടു മുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ.

13.56 കോടി ജനസംഖ്യയുള്ള ബിഹാറില്‍ 2025 മാര്‍ച്ചിലെ കണക്കനുസരിച്ചു 27,388 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 8,463 എണ്ണം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണ്. സംസ്ഥാനത്തു 2,200 ഭവനനിര്‍മാണ സഹകരണസംഘങ്ങളുമുണ്ട്. 25 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തു പ്രവര്‍ത്തനരഹിതമായ 17,491 സഹകരണസംഘങ്ങള്‍ വലിയൊരു പുന:സംഘടനയിലൂടെ 2023 ല്‍ അടച്ചുപൂട്ടുകയുണ്ടായി.

Related posts

സഹകരണസംഘങ്ങള്‍ഇന്‍ഷുറന്‍സ് രംഗത്തേക്കും; സംഘങ്ങൾക്ക് കീഴിൽ പ്രത്യേകം സ്ഥാപനം തുടങ്ങാം

Indian Cooperator

സമാധാനപൂര്‍ണമായ ലോകത്തിന്സഹകരണസംഘങ്ങള്‍ 2026 ലെ സഹകരണദിനാഘോഷ പ്രമേയം

Indian Cooperator

റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെഷോപ്പുകള്‍ക്കു മാത്രമായി പ്രത്യേകംസഹകരണസംഘമുണ്ടാക്കാനാവില്ല

Indian Cooperator
error: Content is protected !!