കര്‍ണാടക സംസ്ഥാന സഹകരണ അപക്‌സ് ബാങ്ക് 2005 ലെ വിവരാവകാശനിയമപ്രകാരം ( RTI ACT ) പൊതു സ്ഥാപനം ( പബ്ലിക് അതോറിറ്റി ) ആണെന്നു കര്‍ണാടക ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ വിധിച്ചു. വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ തേടിക്കൊണ്ട് ഒരാള്‍ നല്‍കിയ രണ്ടാമത്തെ അപ്പീലില്‍ സംസ്ഥാന വിവരാവകാശക്കമ്മീഷണര്‍ രാജശേഖര എസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബെഞ്ച് ഫെബ്രുവരി ഒമ്പതിനു പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്.
ബഗല്‍ക്കോട്ട് ജില്ലയിലെ മുധോള്‍ താലൂക്കിലെ ഹനമന്ത് വസന്ത് ഷിന്‍ഡെ വിവരാവകാശനിയമപ്രകാരം 2024 മെയ് എട്ടിനു നല്‍കിയ അപേക്ഷയോടെയാണു കര്‍ണാടക സഹകരണ അപക്‌സ് ബാങ്ക് പൊതുസ്ഥാപനമാണോ എന്ന ചോദ്യം ഉയര്‍ന്നുവന്നത്. 2022 മാര്‍ച്ചിനും 2024 ജൂണിനുമിടയില്‍ വായ്പകളെടുത്ത നിരാനി ഷുഗേഴ്‌സ് ലിമിറ്റഡ് സമര്‍പ്പിച്ച രേഖകളുടെയും വിശദീകരണക്കുറിപ്പിന്റെയും വിശദാംശങ്ങള്‍ തേടിക്കൊണ്ടാണു വിവരാവകാശനിയമത്തിന്‍കീഴില്‍ ഷിന്‍ഡെ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ അപക്‌സ് ബാങ്ക് നിരസിച്ചു. വിവരാവകാശക്കമ്മീഷന്‍ നേരത്തേ നല്‍കിയ ഒരുത്തരവിന്റെ അടിസ്ഥാനത്തിലാണു ബാങ്ക് അപേക്ഷ തള്ളിയത്. കര്‍ണാടക സഹകരണ അപക്‌സ് ബാങ്ക് പൊതുസ്ഥാപനമല്ലെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. തുടര്‍ന്ന് ഷിന്‍ഡെ സഹകരണസംഘം രജിസ്ട്രാര്‍ക്ക് ആദ്യത്തെ അപ്പീല്‍ നല്‍കി. ബാങ്ക് പ്രസിഡന്റാണ് ആദ്യത്തെ അപ്പീലധികാരി (അപ്പലറ്റ് അതോറിറ്റി ) എന്നു പറഞ്ഞ് രജിസ്ട്രാര്‍ അപ്പീല്‍ തിരിച്ചയച്ചു. 2024 ആഗസ്റ്റ് 12 ന് ഷിന്‍ഡെ രണ്ടാമതൊരു അപ്പീലുമായി കമ്മീഷനെ സമീപിച്ചു.
1959 ലെ കര്‍ണാടക സഹകരണസംഘം നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തങ്ങളുടെ സ്ഥാപനം ഒരു സഹകരണസംഘമാണെന്നും സംഘത്തിന്റെ നിയമാവലിയും നിയന്ത്രണനിര്‍ദേശങ്ങളുമനുസരിച്ചു അതിന്റെ അംഗങ്ങള്‍ക്കായി ബാങ്കിങ്ബിസിനസ് നടത്തുകയാണെന്നും അപ്പീല്‍ വിചാരണവേളയില്‍ അപക്‌സ് ബാങ്ക് വാദിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ഉടമസ്ഥതയോ നിയന്ത്രണമോ ഇല്ല. സര്‍ക്കാര്‍ ഗണ്യമായ സാമ്പത്തികസഹായവും നല്‍കുന്നില്ല. അതിനാല്‍ത്തന്നെ സ്ഥാപനം വിവരാവകാശനിയമത്തിന്‍കീഴിലെ പൊതുസ്ഥാപനം എന്ന നിര്‍വചനത്തില്‍പ്പെടില്ല. ഇത്തരം സഹകരണസ്ഥാപനങ്ങള്‍ വിവരാവകാശചട്ടക്കൂടിനു പുറത്താണെന്നു മുന്‍ ഹൈക്കോടതിവിധികളും കമ്മീഷന്റെ ഉത്തരവുകളും ഉദ്ധരിച്ചുകൊണ്ട് അപക്‌സ് ബാങ്ക് വാദിച്ചു. അതിനാല്‍ അപ്പീല്‍ നിലനില്‍ക്കത്തക്കതല്ലെന്നും ബാങ്ക് വാദമുയര്‍ത്തി.
തന്റെ ഔദ്യോഗികപദവിക്കനുസരിച്ചു സഹകരണസംഘം രജിസ്ട്രാറാണു ബാങ്ക് സ്ഥാപിച്ചതെന്നും പിന്നീടത് സംസ്ഥാന സഹകരണബാങ്കായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ബാങ്കിന്റെ ഓഹരിമൂലധനത്തില്‍ സര്‍ക്കാരിന്റെ സംഭാവനയുണ്ടെന്നും നിര്‍ണായകമായ ഭരണ, സാമ്പത്തികനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തുടരുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ റെക്കോഡുകള്‍ പരിശോധിക്കാനും ഓഡിറ്റിന് ഉത്തരവിടാനും പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്താനും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ബാങ്കിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ നിയമസഭയുടെ മേശപ്പുറത്തു വെക്കേണ്ടതുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളാലും നിര്‍ദേശങ്ങളാലുമാണു നയിക്കപ്പെടുന്നത് – കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍നോമിനികള്‍ ബാങ്കിന്റെ മാനേജ്‌മെന്റിന്റെ ഭാഗമാണെന്നും കര്‍ണാടക സഹകരണസംഘംനിയമത്തില്‍ ഈയിടെ കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടം ശക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. വിശാലമായൊരു സഹകരണവായ്പാ ചട്ടക്കൂടിനകത്താണു ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ വഴിയും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ വഴിയും വായ്പകള്‍ നല്‍കുന്നു. സര്‍ക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസൃതമായി, പ്രത്യേകിച്ച് കാര്‍ഷികമേഖലയില്‍, അപക്‌സ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അപക്‌സ് ബാങ്കിനുമേല്‍ സംസ്ഥാനത്തിന്റെ ആഴത്തിലുള്ള നിയന്ത്രണമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 12 അനുസരിച്ച് അപക്‌സ് ബാങ്ക് സ്റ്റേറ്റുമാണ് വിവരാവകാശനിയമത്തിലെ സെക്ഷന്‍ 2 ( എച്ച് ) അനുസരിച്ച് പൊതു സ്ഥാപനവുമാണ് – കമ്മീഷന്‍ വ്യക്തമാക്കി.
ബാങ്കിന്റെ ഓഫീസുകളിലെല്ലാം ഉടനെത്തന്നെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പീല്‍ (അപ്പലറ്റ് ) അധികാരികളെയും നിയമിക്കണമെന്നു വിവരാവകാശക്കമ്മീഷന്‍ അപക്‌സ് ബാങ്കിനോട് നിര്‍ദേശിച്ചു. വിവരാവകാശനിയമം കാലതാമസമില്ലാതെ നടപ്പാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ( സഹകരണം ) ക്കും ചീഫ് സെക്രട്ടറിക്കും സഹകരണ രജിസ്ട്രാര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
