Indian Cooperator

ഒരു ലക്ഷം കോടിയിലധികംരൂപയുടെ ബിസിനസുമായിസാരസ്വത് അര്‍ബന്‍ബാങ്ക്കുതിക്കുന്നു

നൂറു വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുള്ള, രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കായ സാരസ്വത് അര്‍ബന്‍ സഹകരണബാങ്ക് ഒരു ലക്ഷം കോടി രൂപയിലധികം ബിസിനസ് നടത്തി ചരിത്രനേട്ടം കൈവരിച്ചു. ബാങ്ക്ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും ഭരണസമിതിയുടെയും കൂട്ടായ പരിശ്രമമാണു സാരസ്വത് ബാങ്കിന്റെ വിജയത്തിനു പിന്നിലെന്നു ബാങ്ക് ചെയര്‍മാന്‍ ഗൗതം താക്കൂര്‍ അഭിപ്രായപ്പെട്ടു. തങ്ങളോട് എന്നും വിശ്വാസ്യത പുലര്‍ത്തിവരുന്ന ഇടപാടുകാരുടെയും ഓഹരിയുടമകളുടെയും അചഞ്ചലമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അടുത്ത ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ അടുത്ത നാഴികക്കല്ലായ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്‌കൂടി തങ്ങള്‍ നേടുമെന്നു ബാങ്ക് ചെയര്‍മാന്‍ ഗൗതം താക്കൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള സാരസ്വത് ബാങ്ക് തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ക്കു പുറമേ മറ്റിടങ്ങളിലേക്കും ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഈയിടെ എട്ടു പുതിയ ശാഖകള്‍ തുറന്നു. ഏപ്രിലില്‍ 13 പുതിയ ശാഖകള്‍കൂടി തുറക്കും.

2025-26 സാമ്പത്തികവര്‍ഷം സാരസ്വത് ബാങ്കിനു വെല്ലുവിളിയുടെ കാലംകൂടിയായിരുന്നു. ക്രമക്കേടുകളുടെ പേരില്‍ പ്രവര്‍ത്തനം നിലച്ചുപോയ ന്യൂ ഇന്ത്യ സഹകരണബാങ്കിനെ ഏറ്റെടുക്കേണ്ടിവന്നത് ഈ വര്‍ഷമാണ്. വളരെ ശ്രദ്ധാപൂര്‍വം ഈ വിഷയമൊക്കെ കൈകാര്യം ചെയ്തു സാരസ്വത് ബാങ്കിനു വളര്‍ച്ച സുസ്ഥിരമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. കടുത്ത മത്സരം നേരിടുന്ന ബാങ്കിങ്‌മേഖലയില്‍ മികച്ച തോതില്‍ ഭരണനിര്‍വഹണം നടത്തുന്ന അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പിടിച്ചുനില്‍ക്കാനാവുമെന്നതിന്റെ സൂചനയാണു സാരസ്വത് ബാങ്കിന്റെ വിജയമെന്നു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നതോടെ സ്വകാര്യമേഖലയിലെ ചില ബാങ്കുകളേക്കാള്‍ മുന്നിലാണു സാരസ്വത് ബാങ്ക്.  

മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ സഹകരണബാങ്കിനെ 2025 ആഗസ്റ്റ് നാലിനാണു സാരസ്വത് ബാങ്ക് ഏറ്റെടുത്തത്. 122 കോടി രൂപയുടെ അഴിമതിയില്‍പെട്ടുപോയ ന്യൂ ഇന്ത്യ സഹകരണബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാനാണു സാരസ്വത് ബാങ്ക് എല്ലാ ആസ്തികളോടും ബാധ്യതകളോടുംകൂടി അതിനെ സ്വമേധയാ ഏറ്റെടുത്തത്. ഈ ലയനത്തിനു പിന്നീട് റിസര്‍വ് ബാങ്ക് അംഗീകാരവും നല്‍കി. ന്യൂ ഇന്ത്യ സഹകരണബാങ്കിന്റെ എല്ലാ ശാഖകളും ഇപ്പോള്‍ സാരസ്വത് ബാങ്കിന്റെ ശാഖകളായാണു പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലെ വീഴ്ചകള്‍കാരണം 2025 ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ന്യൂ ഇന്ത്യാ ബാങ്കില്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു. 1968 ല്‍ സ്ഥാപിച്ച ന്യൂ ഇന്ത്യാ മള്‍ട്ടി സ്റ്റേറ്റ് സഹകരണബാങ്കിനു ലയനം നടക്കുമ്പോള്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 30 ശാഖകളുണ്ടായിരുന്നു. 2024 സാമ്പത്തികവര്‍ഷം ബാങ്കിന്റെ നഷ്ടം 22.78 കോടി രൂപയായിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു സംഭാവനകള്‍ നല്‍കിയതിനു 2025 ജനുവരിയില്‍ റിസര്‍വ് ബാങ്ക് ന്യൂ ഇന്ത്യാ ബാങ്കിനു 15 ലക്ഷം രൂപ പിഴശിക്ഷ വിധിക്കുകയുണ്ടായി.

1918 സെപ്റ്റംബര്‍ 14 നു ചെറിയൊരു സംഘമായാണു സാരസ്വത് ബാങ്ക് പിറവിയെടുത്തത്. ജെ.കെ. പരുല്‍ക്കറായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. 1933 ല്‍ അര്‍ബന്‍ ബാങ്കായി മാറി. ഇപ്പോള്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ  എട്ടു സംസ്ഥാനങ്ങളിലായി മുന്നൂറിലധികം ശാഖകളുണ്ട്. 1988 ല്‍ ബാങ്കിനു ഷെഡ്യൂള്‍ഡ് പദവി ലഭിച്ചു.

Related posts

യു.പി.യില്‍ സഹകരണസംഘം വഴിയുള്ള ഗോതമ്പ് സംഭരണത്തില്‍ വന്‍കുതിപ്പ്

Indian Cooperator

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Indian Cooperator

ഗുജറാത്തില്‍ ബി.ജെ.പി.യ്ക്കു വന്‍തിരിച്ചടി; സഹകരണ പഞ്ചസാരഫാക്ടറിയിലെ 20 വര്‍ഷത്തെ കുത്തക തകര്‍ന്നു

Indian Cooperator
error: Content is protected !!