Indian Cooperator

ബാങ്കിങ്നിയന്ത്രണ നിയമത്തിനെതിരെ ആന്ധ്രഹൈക്കോടതിയിലുംഹര്‍ജി

2025 ലെ ബാങ്കിങ്നിയമ ഭേദഗതിയുടെയും ബാങ്കിങ്നിയന്ത്രണ ( സഹകരണസംഘം ) ഭേദഗതിച്ചട്ടങ്ങളുടെയും ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് ആന്ധ്രപ്രദേശ് സംസ്ഥാന അര്‍ബന്‍ ബാങ്കുകളുടെയും വായ്പാ സഹകരണസംഘങ്ങളുടെയും ഫെഡറേഷന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ആന്ധ്രപ്രദേശിലെ 36 സഹകരണബാങ്കുകളെ പ്രതിനിധാനം ചെയ്തുകൊണ്ടാണു ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ തുടര്‍ച്ചയായി പത്തുവര്‍ഷം തത്സ്ഥാനത്തിരുന്നാല്‍ മൂന്നു വര്‍ഷം വിട്ടുനില്‍ക്കണം എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെയാണു ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. നേരത്തേ, ബോംബെ ഹൈക്കോടതിയിലും സമാനരീതിയിലുള്ള റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ബാങ്കിങ്നിയന്ത്രണ നിയമഭേദഗതികള്‍ സഹകരണസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ തുരങ്കം വെക്കുകയും ഭരണഘടനയുടെ ഫെഡറല്‍ഘടനയെ ലംഘിക്കുകയും ചെയ്യുന്നതാണെന്ന് ആന്ധ്ര ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഡറേഷന്‍ ആരോപിക്കുന്നു. സഹകരണസംഘങ്ങളുടെ ആഭ്യന്തര ഭരണനിര്‍വഹണത്തിലേക്കു ബാങ്കിങ്നിയന്ത്രണം കൊണ്ടുവരികവഴി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണാധികാരത്തെ മറികടന്നതായി ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്കു പത്തു വര്‍ഷത്തിനുശേഷം അയോഗ്യതാകാലം കൊണ്ടുവന്നതും അത്തരം ഡയറക്ടര്‍മാരെ നീക്കം ചെയ്തു ഭരണസമിതി പുന:സംഘടിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നതുമായ വ്യവസ്ഥകളെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. സംസ്ഥാനലിസ്റ്റിലെ എന്‍ട്രി 32 നു കീഴില്‍ വരുന്ന സംസ്ഥാനനിയമസഭയുടെ വിശേഷാല്‍അധികാരത്തില്‍പ്പെടുന്ന സഹകരണസംഘം മാനേജ്മെന്റിലും ഭരണനിര്‍വഹണത്തിലും നേരിട്ട് ഇടപെടുന്ന നടപടികളാണിവയെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബാങ്കിങ്പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് അല്ലാതെ സഹകരണഘടനയെ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നു ഭരണഘടനാവ്യവസ്ഥകളെയും നീതിനിര്‍വഹണത്തിലെ കീഴ്വഴക്കങ്ങളെയും ഉദ്ധരിച്ചുകൊണ്ട് ഫെഡറേഷന്‍ വാദിക്കുന്നു. യൂണിയന്‍ ഓഫ് ഇന്ത്യയും രാജേന്ദ്ര എന്‍ ഷായും തമ്മിലുള്ള കേസില്‍ സഹകരണസംഘങ്ങള്‍ സംസ്ഥാനവിഷയമാണെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേശവാനന്ദഭാരതിയും കേരള സംസ്ഥാനവും തമ്മിലുള്ള കേസും എസ്.ആര്‍. ബൊമ്മൈയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസും ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര നിയമനിര്‍മാണംവഴി ഫെഡറലിസത്തില്‍ വെള്ളം ചേര്‍ക്കരുതെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

അനുച്ഛേദം 19 (1) (സി) പ്രകാരം അസോസിയേഷനുകള്‍ രൂപവത്കരിക്കാനുള്ള അവകാശമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളെയും അനുച്ഛേദം 43 ബി പ്രകാരം സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യവും സ്വയംഭരണാവകാശവും പ്രോത്സാഹിപ്പിക്കാനുള്ള വ്യവസ്ഥകളെയും ഭേദഗതികള്‍ ലംഘിക്കുന്നു. ഭേദഗതിയിലെ വ്യവസ്ഥകള്‍ ഏകപക്ഷീയമാണ്. സമാനരീതിയിലുള്ള ഭരണനിയന്ത്രണം വായ്പാസംഘങ്ങളില്‍ നടപ്പാക്കിയിട്ടില്ല. അതുപോലെ, സഹകരണബാങ്ക് ചെയര്‍മാന്മാര്‍ക്കും പൂര്‍ണസമയ ഡയറക്ടര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ള ഇളവുകള്‍ക്കും യുക്തിയില്ല. ഇരട്ട നിയന്ത്രണമാണു മറ്റൊരു പ്രശ്നം. ഇതുമൂലം സഹകരണബാങ്കുകള്‍ സംസ്ഥാനസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണത്തിനു വിധേയമാക്കപ്പെടും. അതോടെ, ഭരണപരമായ അനിശ്ചിതത്വവും വെല്ലുവിളികളും രൂപപ്പെടും – ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

തുടര്‍ച്ചയായി പത്തു വര്‍ഷത്തിലധികം ഡയറക്ടര്‍സ്ഥാനത്തു തുടരുന്നവര്‍ക്കെതിരെ കൊണ്ടുവന്ന അയോഗ്യതാവ്യവസ്ഥയുള്‍പ്പെടെയുള്ള ഭേദഗതികള്‍ നടപ്പാക്കുന്നത് ഇടക്കാലാശ്വാസമെന്ന നിലയില്‍ സ്റ്റേ ചെയ്യണമെന്നതാണു ഹര്‍ജിയിലെ ആവശ്യം. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട ഒട്ടേറെ ഡയറക്ടര്‍മാര്‍ കേസിന്റെ വിധി വരുന്നതുവരെയുള്ള കാലത്തു സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടും. ഇതു സഹകരണസ്ഥാപനങ്ങള്‍ക്ക് അപരിഹാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കും – ഹര്‍ജിക്കാര്‍ വാദിക്കുന്നു.

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര അര്‍ബന്‍ബാങ്ക് ഫെഡറേഷനും ഏതാനും ഡയറക്ടര്‍മാരും റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതു കഴിഞ്ഞാഴ്ചയാണ്. പുതിയ നിയന്ത്രണനിയമങ്ങളനുസരിച്ചു സംസ്ഥാനത്തെ 80-85 ശതമാനം സഹകരണബാങ്ക് ഡയറക്ടര്‍മാരും സ്ഥാനമൊഴിയേണ്ടിവരുമെന്നു ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സഹകരണമേഖലയെ അസ്ഥിരപ്പെടുത്തും. നിര്‍ദിഷ്ട നിയന്ത്രണനിയമ ഭേദഗതിവ്യവസ്ഥകള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ അവ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയോ ചെയ്യണം – ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related posts

സഹകരണസംഘങ്ങളുടെയുംസര്‍ക്കിള്‍ സഹകരണയൂണിയനുകളുടെയുംകാലാവധി മൂന്നു മാസം നീട്ടി

Indian Cooperator

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator