Indian Cooperator

നിക്ഷേപിച്ച 30 കോടി രൂപജില്ലാബാങ്ക് തിരിച്ചുതരുന്നില്ലെന്ന പരാതിയുമായി സഹകരണസംഘം

രാജസ്ഥാനിലെ ഒരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനെതിരെ പരാതിയുമായി ഒരു സഹകരണസംഘം രംഗത്ത്. റിസര്‍വ് ബാങ്കിനാണു സഹകരണസംഘം പരാതി നല്‍കിയിരിക്കുന്നത്. തങ്ങള്‍ ജില്ലാബാങ്കില്‍ നിക്ഷേപിച്ച 30 കോടി രൂപ തിരിച്ചുതരുന്നില്ല എന്ന ഗുരുതരമായ പരാതിയാണു സഹകരണസംഘം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ ലക്ഷ്മീനാഥ്ജി ബചത് ഇവാം സഖ് സഹകാരി സമിതിയാണു ഗത്യന്തരമില്ലാതെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. അപ്പുറത്തുള്ളതു ജയ്സാല്‍മര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കാണ്. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണു സഹകരണസംഘത്തിന്റെ ആവശ്യം. നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും 30 കോടി രൂപ തിരിച്ചുതരുന്നില്ല എന്നതാണു പരാതി. ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണു സംഘത്തിന്റെ അഭ്യര്‍ഥന ജില്ലാസഹകരണബാങ്ക് തള്ളുന്നത്.

നിക്ഷേപം തിരിച്ചുകിട്ടാത്തതിനാല്‍ തങ്ങള്‍ വളരെ പ്രയാസത്തിലാണെന്നു സഹകരണസംഘം റിസര്‍വ് ബാങ്കിനു നല്‍കിയ പരാതിയില്‍ പറയുന്നു. അംഗങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനാവുന്നില്ല, തങ്ങളുടെ സംഘത്തിന്റെ നിലനില്‍പ്പിനെയും വിശ്വാസ്യതയെയും അതു ബാധിക്കുന്നു – എന്നിങ്ങനെ പോകുന്നു സംഘത്തിന്റെ ആവലാതികള്‍. രാജസ്ഥാന്‍സര്‍ക്കാരിനും കാര്‍ഷിക ഗ്രാമവികസനത്തിനായുള്ള ദേശീയ ബാങ്കിനും ( നബാര്‍ഡ് ) സംഘം പരാതിയുടെ കോപ്പികള്‍ അയച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി സംഘംഭാരവാഹികള്‍ കണ്ണുനട്ട് കാത്തിരിക്കുകയാണ്.

വായ്പാ, സേവിങ്സ് സേവനരംഗത്തുള്ള ശ്രീ ലക്ഷ്മീനാഥ്ജി ബചത് ഇവാം സഖ് സഹകാരി സമിതി ജയ്സാല്‍മറിലെ മുനിസിപ്പാലിറ്റി ഏരിയയിലാണു രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്നത്. അതേസമയം, ജയ്സാല്‍മര്‍ ജില്ലാ സഹകരണബാങ്ക് കടുത്ത ലിക്വിഡിറ്റി പ്രശ്നത്തിലാണെന്നും ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 100 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്നുമാണു രാജസ്ഥാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാങ്കിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. മറ്റൊരു വായ്പാ സഹകരണസംഘം വഴി 70 കര്‍ഷകര്‍ക്കു കിട്ടേണ്ടിയിരുന്ന 70 ലക്ഷം രൂപയുടെ ആനുകൂല്യം തട്ടിയെടുത്തതിനു ജയ്സാല്‍മര്‍ ജില്ലാബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ കാഷ്യറും അറസ്റ്റിലായത് ഈയടുത്താണ്.

Related posts

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

Indian Cooperator

800 കോടി രൂപയുടെ വികസനപദ്ധതിയുമായി അമുല്‍ ബംഗാളിലേക്കും ആസാമിലേക്കും

Indian Cooperator

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
error: Content is protected !!