Indian Cooperator

പുതിയ അംഗത്തെ പുറത്തുനിര്‍ത്തി അവിശ്വാസപ്രമേയം പാസാക്കിയനടപടി ഹൈക്കോടതി തള്ളി

ഭരണസമിതിയിലേക്കു പുതുതായി ചേര്‍ത്ത ഒരംഗത്തിനു ബോധപൂര്‍വം വോട്ടവകാശം നിഷേധിച്ചുകൊണ്ട് ഒരു സഹകരണസംഘത്തില്‍ ചെയര്‍പേഴ്‌സണെതിരെ പാസാക്കിയ അവിശ്വാസപ്രമേയം ബോംബെ ഹൈക്കോടതി റദ്ദാക്കി. ഗോരെഗാവ് ഈസ്റ്റിലെ പത്മാവതിനഗര്‍ ഭവനനിര്‍മാണ സഹകരണസംഘം ഭരണസമിതിയുടെ നടപടിയാണു ജസ്റ്റിസ് സന്ദീപ് മാര്‍നെ അസാധുവാക്കിയത്. അവിശ്വാസപ്രമേയം പാസായതായി അംഗീകരിച്ച് ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ട്ടിഫിക്കറ്റും കോടതി അസാധുവാക്കി. ചെയര്‍പേഴ്‌സണെ തല്‍സ്ഥാനത്തു തുടരാന്‍ കോടതി അനുവദിച്ചു.

പത്മാവതിനഗര്‍ ഭവനസംഘത്തിന്റെ ചെയര്‍പേഴ്‌സണായ മാധുരി ന്യായാധിഷിനെതിരെയാണു അവിശ്വാസപ്രമേയം പാസാക്കിയത്. ഭരണസമിതിയില്‍ പത്താമത്തെ അംഗമായി പുതുതായി നിയോഗിക്കപ്പെട്ട മാധവി ഗോസവിയെ അറിയിക്കാതെ അവിശ്വാസപ്രമേയം പാസാക്കിയതിനെതിരെയാണു കോടതിമുമ്പാകെ പരാതിയെത്തിയത്. അവിശ്വാസപ്രമേയം പരിഗണിക്കാന്‍ ചേര്‍ന്ന യോഗത്തിനു മൂന്നു ദിവസംമുമ്പാണു മാധവി ഗോസവിയെ സമിതിയില്‍ അംഗമാക്കിയത്. യോഗം ചേരുന്ന കാര്യം ഗോസവിയെ അറിയിക്കുകയോ യോഗത്തില്‍ പങ്കെടുക്കാന്‍ അവരെ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നു കോടതി കണ്ടെത്തി. അതിനാല്‍, 2026 ഏപ്രില്‍ 15 നു ചേര്‍ന്ന യോഗം നിയമവിരുദ്ധമാണെന്നു കോടതി വിലയിരുത്തി. ഗോസവിയും പുറത്താക്കപ്പെട്ട ചെയര്‍പേഴ്‌സണ്‍ ന്യായാധിഷും ചേര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അവിശ്വാസപ്രമേയം പരിഗണിക്കാനായി ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. യോഗത്തില്‍ ഹാജരായ ഒമ്പതംഗങ്ങളില്‍ ആറു പേര്‍ അനുകൂലമായി വോട്ട് ചെയ്തതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അവിശ്വാസപ്രമേയം പാസായതായാണു ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും ഡെപ്യൂട്ടി രജിസ്ട്രാര്‍ പുറപ്പെടുവിച്ചു. ഈ രണ്ടു നടപടികളും ഹൈക്കോടതി റദ്ദാക്കി. തന്നെ സ്ഥാനത്തുനിന്നു നീക്കിക്കൊണ്ടുള്ള നടപടിയെയാണു ചെയര്‍പേഴ്‌സണ്‍ ന്യായാധിഷ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. ഭരണസമിതിയിലെ അംഗമായ തനിക്കു വോട്ടവകാശം നിഷേധിച്ചെന്നായിരുന്നു ഗോസവിയുടെ പരാതി.

രണ്ടു പേരുടെയും പരാതികള്‍ പരിഗണിച്ച കോടതി അവിശ്വാസപ്രമേയം പാസാക്കിയ നടപടി മഹാരാഷ്ട്ര സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 154 ബി 24 (1 ) ന്റെ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി അഭിപ്രായപ്പെട്ടു. അവിശ്വാസപ്രമേയം അവതരിപ്പിച്ച അംഗങ്ങള്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ മെയ് രണ്ടിനു യോഗം ചേരുന്ന കാര്യം ഗോസവിയെ അറിയിച്ചിരുന്നില്ല. ഗോസവിയുടെ വോട്ടവകാശം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നു കോടതി കണ്ടെത്തി. ഗോസവി സ്വാഭാവികമായും അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. ആ നിലയ്ക്കു പത്തംഗ ഭരണസമിതിയില്‍ ആറു പേരുടെ വോട്ടു മാത്രമേ അവിശ്വാസപ്രമേയത്തിനു കിട്ടുമായിരുന്നുള്ളു. ഇതാവട്ടെ പ്രമേയം പാസാകാനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ ഏഴു വോട്ടില്‍ എത്തുമായിരുന്നില്ല – കോടതി വിലയിരുത്തി. അവിശ്വാസപ്രമേയം അസാധുവാക്കിയ ഹൈക്കോടതി മാധുരി ന്യായാധിഷിനെ നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സണായി തല്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കുകയും ചെയ്തു.

Related posts

സഹാറഗ്രൂപ്പ് സംഘങ്ങളിലെ നിക്ഷേപകന്റെ പണംപലിശയോടെ തിരിച്ചുനല്‍കണം -കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍

Indian Cooperator

27 അര്‍ബന്‍ബാങ്കുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

Indian Cooperator

റിട്ടേണ്‍ സമര്‍പ്പിക്കാത്ത നൂറുകണക്കിനു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക്കേന്ദ്ര രജിസ്ട്രാറുടെ നോട്ടീസ്

Indian Cooperator
error: Content is protected !!