ജില്ലാ കേന്ദ്ര സഹകരണബാങ്കുകളില്‍ പത്തു വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്തു തുടരുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ 1949 ലെ ബാങ്കിങ്‌നിയന്ത്രണ നിയമപ്രകാരം സംസ്ഥാനത്തെ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നു കര്‍ണാടകത്തിലെ സഹകരണവകുപ്പ് വ്യക്തമാക്കി. കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്തു തുടര്‍ന്ന രണ്ടു ജില്ലാബാങ്ക് ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ നടപടിയെടുക്കണമെന്ന നബാര്‍ഡിന്റെ കത്തിന്മേലാണു സഹകരണവകുപ്പ് തങ്ങളുടെ രജിസ്ട്രാര്‍ക്ക് ഈ നിയമോപദേശം നല്‍കിയത്. തുടര്‍ച്ചയായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ള സഹകരണബാങ്ക് ഡയറക്ടര്‍മാര്‍ക്കു മൂന്നു വര്‍ഷം വിട്ടുനിന്നശേഷം ( കൂള്‍ ഓഫ് പിരീഡ് ) മാത്രമേ വീണ്ടും അതേ ബാങ്കില്‍ ഡയറക്ടറാവാന്‍ അര്‍ഹതയുള്ളു എന്ന 2025 ലെ ബാങ്കിങ് നിയമഭേദഗതിയിലെ വ്യവസ്ഥ കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് കര്‍ക്കശമാക്കിയിരുന്നു.
രണ്ടു ജില്ലാബാങ്ക് ഡയറക്ടര്‍മാര്‍ക്കെതിരെ പരാതി കിട്ടിയതിനെത്തുടര്‍ന്ന് ആവശ്യമായ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക് കര്‍ണാടകത്തിലെ നബാര്‍ഡിന്റെ റീജ്യണല്‍ ഓഫീസിനു കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന്, പരാതി അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണമെന്നു നബാര്‍ഡ് സംസ്ഥാന സഹകരണസംഘം രജിസ്ട്രാറോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിന്മേലാണു ഡയറക്ടര്‍മാരെ അയോഗ്യരാക്കാനുള്ള അധികാരം രജിസ്ട്രാര്‍മാര്‍ക്കു കൈമാറിയിട്ടില്ലെന്ന നിയമോപദേശം സഹകരണവകുപ്പ് നല്‍കിയത്. ബാങ്കിങ്‌നിയന്ത്രണനിയമം യൂണിയന്‍ ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നു പാണ്ഡുരംഗ് ഗണപതി ചൗഗുളെയും വിശ്വാസ്‌റാവു പാട്ടീല്‍ മുര്‍ഗുഡ് സഹകാരിബാങ്കും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു സംസ്ഥാന സഹകരണസംഘം രജിസ്ട്രാറെ സഹകരണവകുപ്പ് ഓര്‍മപ്പെടുത്തി. ബാങ്കിങ് യൂനിയന്‍ലിസ്റ്റില്‍പ്പെട്ടതായതിനാല്‍ ഡയറക്ടര്‍മാരുടെ അയോഗ്യത നിശ്ചയിക്കല്‍പോലുള്ള വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനു ഡെലിഗേറ്റ് ( കൈമാറുക ) ചെയ്തിട്ടില്ലെന്നു സഹകരണവകുപ്പ് വ്യക്തമാക്കി.
1959 ലെ കര്‍ണാടക സഹകരണസംഘം നിയമത്തിലെയും 1960 ലെ കര്‍ണാടക സഹകരണസംഘംചട്ടത്തിലെയും വ്യവസ്ഥകള്‍പ്രകാരമാണു രണ്ടു ജില്ലാബാങ്ക് ഡയറക്ടര്‍മാരും തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്ന സമയത്തു തിരഞ്ഞെടുപ്പധികൃതര്‍ക്കു സംസ്ഥാനനിയമപ്രകാരം ഇവരുടെ അയോഗ്യത പരിഗണിക്കാമായിരുന്നു. പക്ഷേ, സംസ്ഥാനനിയമമനുസരിച്ച് അയോഗ്യരാക്കപ്പെടാത്തതിനാല്‍ ഇവര്‍ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു സംസ്ഥാന സഹകരണവകുപ്പ് വിശദീകരിച്ചു. കര്‍ണാടക സഹകരണസംഘംനിയമത്തിലെ 29 സി സെക്ഷനില്‍ ഡയറക്ടര്‍മാരുടെ അയോഗ്യതസംബന്ധിച്ചുള്ള വ്യവസ്ഥകളുണ്ട്. പക്ഷേ, അതില്‍ പത്തുവര്‍ഷ കാലാവധിയെക്കുറിച്ചുള്ള ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല ഇതാണു സഹകരണവകുപ്പിന്റെ മറ്റൊരു വാദം. പത്തു വര്‍ഷ കാലാവധിയുടെ പേരില്‍മാത്രം ഡയറക്ടര്‍മാര്‍ക്കെതിരെ ബാങ്കിങ്‌നിയന്ത്രണ നിയമപ്രകാരമുള്ള നടപടിയെടുക്കാന്‍ കര്‍ണാടക സഹകരണസംഘം നിയമത്തിലോ ചട്ടങ്ങളിലോ അധികാരം നല്‍കിയിട്ടില്ലെന്നു സഹകരണവകുപ്പ് ചൂണ്ടിക്കാട്ടി.
2025 ലെ ബാങ്കിങ് നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക് ഷന്‍ 10 എ (2 എ ) ( i ) യുടെ പ്രയോഗക്ഷമത സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് 2026 ഫെബ്രുവരി 27 നു അന്നത്തെ കര്‍ണാടകമുഖ്യമന്ത്രി സിദ്ദരാമയ്യ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരുന്നതായി സഹകരണവകുപ്പ് അറിയിച്ചു. പക്ഷേ, മറുപടിയൊന്നും കിട്ടിയില്ല. ഇക്കാര്യവും ബാങ്കിങ് നിയന്ത്രണനിയമപ്രകാരം അധികാരം കൈമാറാത്തതും പരിഗണിച്ച് പത്തുവര്‍ഷക്കാലാവധിയും കഴിഞ്ഞ് സ്ഥാനത്തു തുടരുന്ന ഡയറക്ടര്‍മാരുടെ കാര്യത്തില്‍ സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ക്കു നടപടിയൊന്നും എടുക്കാനാവില്ലെന്നു സഹകരണവകുപ്പ് ചൂണ്ടിക്കാട്ടി.
