പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നു രാജ്യത്തുണ്ടായ പാചകവാതകക്ഷാമത്തിനു എളിയരീതിയില്‍ പരിഹാരം കണ്ടെത്താന്‍ സഹകരണസംഘങ്ങളും രംഗത്ത്. മഹാരാഷ്ട്രയിലെ പുണെയില്‍നിന്നാണു വാര്‍ത്ത. നഗരത്തിലെ ആറായിരത്തിലധികം വരുന്ന ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങളോട് എല്‍.പി.ജി.യില്‍നിന്നു പി.എന്‍.ജി. ( പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് ) യിലേക്കു മാറാനാവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണവകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഭവനനിര്‍മാണസംഘങ്ങളിലെ ചെയര്‍മാന്മാരുമായും അംഗങ്ങളുമായും ബന്ധപ്പെടാന്‍ പോവുകയാണ്. പലയിടത്തും പി.എന്‍.ജി. കണക്ഷനുണ്ടെങ്കിലും പലരുമതു പ്രയോജനപ്പെടുത്തുന്നില്ല. എല്‍.പി.ജി.യുടെ വിതരണത്തിലെ സമ്മര്‍ദം കുറച്ച് എല്ലാവര്‍ക്കും ഇന്ധനം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നു സംസ്ഥാന സഹകരണക്കമ്മീഷണര്‍ ദീപക് തവരെ പറഞ്ഞു.
പുണെ നഗരത്തില്‍ 22,955 ഭവനനിര്‍മാണ സഹകരണസംഘങ്ങളുണ്ട്. ഇവയില്‍ 6,035 എണ്ണത്തില്‍ പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് കണക്ഷനുണ്ട്. പക്ഷേ, 30-40 ശതമാനം താമസക്കാരേ ഇതുപയോഗിക്കുന്നുള്ളു. എല്‍.പി.ജി. വിതരണത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ ഭവനസംഘങ്ങളിലെ എല്ലാ അംഗങ്ങളും എത്രയും പെട്ടെന്നു പി.എന്‍.ജി.യിലേക്കു മാറണമെന്നാവശ്യപ്പെട്ടു കത്തെഴുതും- സഹകരണക്കമ്മീഷണര്‍ ദീപക് തവരെ പറഞ്ഞു. പുതിയ മാറ്റത്തെക്കുറിച്ചാലോചിക്കാന്‍ സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍ അംഗങ്ങളും മഹാരാഷ്ട്ര പ്രകൃതിവാതക ലിമിറ്റഡ് ഉദ്യോഗസ്ഥരും കഴിഞ്ഞാഴ്ച യോഗം ചേര്‍ന്നിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ നേരിട്ടുതന്നെ ഭവന സഹകരണസംഘാംഗങ്ങളെ ബന്ധപ്പെടും.
നിലവില്‍ പൈപ്പ്ലൈന്‍ ഇട്ടിട്ടും പി.എന്‍.ജി. കണക്ഷനിലേക്കു മാറാത്ത സംഘങ്ങളിലാവും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധയൂന്നുക. സൗകര്യം വീട്ടുപടിക്കലുണ്ട്. പക്ഷേ, പലരും ഉപയോഗപ്പെടുത്തുന്നില്ല – മഹാരാഷ്ട്ര പ്രകൃതിവാതക ലിമിറ്റഡ് ഡയറക്ടര്‍ ഭാഗിശ്രീ മന്ഥാല്‍ക്കര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഭവനസംഘങ്ങളില്‍ പി.എന്‍.ജി. കണക്ഷനെത്തിക്കും. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം വീടുകളില്‍ കണക്ഷന്‍ നല്‍കാനാണുദ്ദേശിക്കുന്നത്. ഇതുവഴി നാലു ലക്ഷം എല്‍.പി.ജി. സിലിണ്ടര്‍ ലാഭിക്കാനാവും. പുണെ നഗരത്തിലെ പത്തു പ്രമുഖ കോളേജ്ഹോസ്റ്റലുകളിലെ അടുക്കളയില്‍ പി.എന്‍.ജി. കണക്ഷനാണുള്ളത്. സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലും ഈ രീതിയില്‍ കണക്ഷന്‍ നല്‍കും- ഭാഗിശ്രീ മന്ഥാല്‍ക്കര്‍ അറിയിച്ചു.
