Indian Cooperator

നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തും-സഹകരണമന്ത്രി എം.ലിജു

കൃത്യമായ നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുമെന്ന് സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. സഹകരണ മേഖല ആകെ പ്രതിസന്ധിയിലാണെന്ന സന്ദേശം കൊടുക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 2026 ലെ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരും ദിവസങ്ങളില്‍ സഹകരണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനങ്ങളുമായും സംഘടനകളുമായും മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമായും സാധാരണക്കാരുമായും സര്‍ക്കാര്‍ വിശദമായ ചര്‍ച്ച നടത്തും. ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ക്രോഡീകരിച്ച് സഹകരണ മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൃത്യമായ നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ ഹൃസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ശക്തിപ്പെടുത്തുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സഹകരണ സംഘങ്ങള്‍ ശക്തിപ്പെട്ടാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു കുതിച്ചുചാട്ടമുണ്ടാക്കാന്‍ സാധിക്കും. സഹകരണ മേഖലയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, സഹകരണ മേഖല ആകെ പ്രതിസന്ധിയിലാണെന്ന സന്ദേശം കൊടുക്കുന്നത് തെറ്റാണ്. മേഖല മുഴുവന്‍ അഴിമതിയാണെന്ന സന്ദേശം നല്‍കുന്നത് ഈ മേഖലയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കും. ജനങ്ങള്‍ക്കിടയിലുണ്ടായിരിക്കുന്ന അവിശ്വാസം പരിഹരിക്കും. സഹകരണ പ്രസ്ഥാനങ്ങള്‍ പിടിച്ചെടുക്കേണ്ട സ്ഥലങ്ങളല്ല. അങ്ങനെ പിടിച്ചെടുത്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങളുമില്ല. ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യത്തെയും സഹകരണ പ്രസ്ഥാനങ്ങളിലെ സമാധാനത്തെയുമാണെന്നും മന്ത്രി പറഞ്ഞു.

‘Cooperatives for a peaceful world’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംഘടിപ്പിച്ചത്. സഹകരണ സംഘം രജിസ്ട്രാര്‍ പ്രേം കൃഷ്ണന്‍ എസ് ഐഎഎസ് പതാക ഉയര്‍ത്തിയതോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി സിപി ജോണ്‍, എംഎല്‍എമാരായ എം വിന്‍സെന്റ്, സുധീര്‍ ഷാ പാലോട് തുടങ്ങിയവരും പങ്കെടുത്തു.

‘കേരളവികസനം സഹകരണത്തിലൂടെ’ എന്ന വിഷയത്തിന്മേല്‍ നബാര്‍ഡ് ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗനാഥ് വിഷയാവതരണം നടത്തി. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മനോജ് കടമ്പാട്
എന്നിവര്‍ മോഡറേറ്റര്‍മാരായി പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു നിര്‍വഹിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ച 10 വിഭാഗങ്ങളില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് ഓരോ വിഭാഗത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. 202425 ലെ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരത്തിന് അര്‍ഹനായ പെരുവമ്പ എസ്.സി.ബിയിലെ കെഎ ചന്ദ്രന്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രത്യേക പുരസ്‌കാരത്തിന് ഹോസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ കെവി നാരായണന്‍ അര്‍ഹനായി. അന്താരാഷ്ട്ര സഹകരണ ദിനത്തിലെ തീമിന് അനുസൃതമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് 2026 ലെ കോ ഓപ്പ് ഡേ പുരസ്‌കാരവും മന്ത്രി സമ്മാനിച്ചു.

Related posts

കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകവിശ്വാസം ഉറപ്പിക്കുന്ന അംഗീകാരം

Indian Cooperator

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നത് വേഗത്തിലാക്കുന്നു

Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator