Indian Cooperator

നിയമിച്ചിട്ട് 38 ദിവസം; സഹകരണ സംഘം രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് പ്രേംകൃഷ്ണനെ മാറ്റി; കെ. ഇമ്പശേഖര്‍ പുതിയ രജിസ്ട്രാര്‍

സഹകരണ സംഘം രജിസ്ട്രാര്‍ എസ്. പ്രേം കൃഷ്ണനെ ആ സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷമാണ് പ്രേംകൃഷ്ണനെ രജിസ്ട്രാറായി നിയമിച്ചത്. നിയമനം ലഭിച്ച് 38-ാം ദിവസമാണ് വീണ്ടും മാറ്റമുണ്ടാകുന്നത്. കെ.ഇമ്പശേഖറാണ് പുതിയ രജിസ്ട്രാര്‍. ഇമ്പശേഖറിനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായാണ് നിയമിച്ചിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാറുടെ അധികചുമതലയാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച വൈകീട്ടാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.

ആളുവാഴാത്ത കസേരയായി സഹകരണ സംഘം രജിസ്ട്രാര്‍ പദവി മാറിയിട്ട് ഏറെനാളായി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ ഡി.സജിത് ബാബുവായിരുന്നു രജിസ്ട്രാര്‍. സര്‍ക്കാരിന്റെ മാറ്റത്തിന് അനുസരിച്ച് സ്വാഭാവികമായും വകുപ്പുമേധാവികളിലും മാറ്റമുണ്ടാകാറുണ്ട്. 49 ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റിയതിനൊപ്പമാണ്, സജിത് ബാബുവിനെയും മാറ്റിയത്. പകരം, ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന എസ്.പ്രേംകൃഷ്ണനെ രജിസ്ട്രാറായി നിയമിച്ചു. ജൂണ്‍ എട്ടിനായിരുന്നു ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

ദേശീയ സഹകരണ ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചതും കുറച്ചു യോഗങ്ങള്‍ നടത്തിയതുമല്ലാതെ പ്രേംകൃഷ്ണന് സഹകരണ മേഖലയില്‍ കാര്യമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് വീണ്ടും മാറ്റുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മാറ്റി നിയമിച്ച മറ്റു ഉദ്യോഗസ്ഥരെ ഇതേപോലെ മാറ്റിയിട്ടുമില്ല. ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറിയായാണ് പ്രേംകൃഷ്ണന് പുതിയ നിയമനം. കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയക്ടറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.

വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ഇമ്പശേഖര്‍, സഹകരണ സംഘം രജിസ്ട്രാറുടെ പദവിയിലേക്ക് വരുന്നത്. കാര്‍ഷിക വാല്യു ചെയിന്‍ പദ്ധതിയായ കേരയുടെ അഡിഷ്ണല്‍ പ്രൊജക്ട് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. സഹകരണമേഖല അതീവ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അതിന്റെ മേധാവി സ്ഥാനത്തുള്ളവരെ അടിക്കടി മാറ്റുന്നതില്‍ സഹകാരികള്‍ക്കും സഹകരണ മേഖലയിലുള്ളവര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. സഹകരണ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗ മനോഭാവത്തിന്റെ തെളിവാണിതെന്നാണ് ആക്ഷേപം.

Related posts

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

Indian Cooperator

സഹകരണ ജീവനക്കാര്‍ക്ക് 11 ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍

Indian Cooperator

ക്ഷീരസംഘങ്ങളില്‍ കണക്ക് ശുദ്ധീകരണം; ഭൂമിവാങ്ങിയതിനും കെട്ടിടം നിര്‍മ്മിച്ചതിനുമുള്ള ‘എതിര്‍പ്പുകള്‍’ ഒഴിവാക്കി

Indian Cooperator
error: Content is protected !!