തൊഴിലില്ലായ്മയും കര്ഷകആത്മഹത്യയും തൊഴിലിടങ്ങളിലെ പിരിച്ചുവിടലും കാരണം ജനജീവിതം ദുരിതമാക്കിയ രാജ്യമായി ഇന്ത്യ മാറിയെന്നും 24 തൊഴില്നിയമങ്ങള് നാലു ലേബര്കോഡുകളായതോടെ ഭരണകൂടത്തിന്റെ കാഴ്ചപ്പാടില് ഒരു തൊഴില്മേഖലയും സുരക്ഷിതമല്ലാത്ത അവസ്ഥയായെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു.
ആഗോള പട്ടിണിസൂചികയില് 102-ാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യയിലെ ജനങ്ങളോടാണ് 7.8 ശതമാനം വളര്ച്ച കൈവരിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വാചകക്കസര്ത്ത് നടത്തുന്നത്. രാജ്യത്തെ 40 ശതമാനം സമ്പത്ത് ഒരു ശതമാനം സമ്പന്നരാണ് അനുഭവിക്കുന്നത്. 60 ശതമാനം പേര്ക്കു പത്തു ശതമാനം സമ്പത്തുപോലും അനുഭവിക്കാനാവാത്ത രാജ്യമാണിത്. തുല്യ ജോലിക്കു തുല്യ വേതനം ഉറപ്പുവരുത്തുന്ന ഭരണഘടന നിലനില്ക്കുന്നതിനാലാണ് അപൂര്വം തൊഴില്മേഖലകളെങ്കിലും ഇതില്നിന്നു വേറിട്ടുനില്ക്കുന്നത് – സുജാത പറഞ്ഞു.
കോഴിക്കോട്ട് സെപ്റ്റംബര് 21 നാരംഭിക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ( സി.ഐ.ടി.യു ) സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച കണ്ണൂരില് നടത്തിയ സംസ്ഥാന വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത.
സ്ത്രീകള്ക്കു തൊഴിലും വരുമാനവും അന്തസ്സും ഉറപ്പാക്കിയ ഭരണകാഴ്ചപ്പാടില്നിന്ന് ഉത്തരേന്ത്യയ്ക്കു സമാനമായ ജീവിതസാഹചര്യങ്ങളിലേക്കാണു കേരളത്തിന്റെ സഞ്ചാരം എന്നു മുഖ്യാതിഥിയായ ഗായത്രി വര്ഷ പറഞ്ഞു. കേരളം പത്തു വര്ഷത്തിനിടെ കൈവരിച്ച നേട്ടങ്ങളെ മറന്ന് മറ്റു കാരണങ്ങള് കണ്ടെത്തി എല്.ഡി.എഫിനെ പരാജയപ്പെടുത്തുകയായിരുന്നെന്നും അവര് പറഞ്ഞു.
കെ.സി.ഇ.യു. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി എന്.കെ. രാമചന്ദ്രന്, സെക്രട്ടറി എസ്.ബി. ഇന്ദു, വൈസ് പ്രസിഡന്റുമാരായ കെ. സുജയ, സി. പ്രണിത, സംഘാടകസമിതി ചെയര്മാന് കെ. മനോഹരന് എന്നിവര് സംസാരിച്ചു.
