Indian Cooperator

സഹകരണ സംഘം രജിസ്ട്രാറും സഹകരണ ഓഡിറ്റ് ഡയറക്ടറും ഇനി അര്‍ജുന്‍ പാണ്ഡ്യന്‍

തിരുവനന്തപുരം: സഹകരണ സംഘം രജിസ്ട്രാറെ വീണ്ടും മാറ്റി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്നരമാസത്തിനുള്ളില്‍ മൂന്നാമത്തെ മാറ്റമാണ്. കാസര്‍ക്കോട് ജില്ലാകളക്ടറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെയാണ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്. സഹകരണ ഓഡിറ്റ് ഡയറക്ടറും അദ്ദേഹമാണ്. ഈ രണ്ടുചുമതലയും നല്‍കിയ ഒരാളെ നിയമിക്കുന്നത് ഒന്നരപ്പതിറ്റാണ്ടിനിടയില്‍ ആദ്യമാണ്. മാത്രവുമല്ല, ഈ രണ്ട് ചുമതലയിലേക്ക് മാത്രമല്ല അര്‍ജുന്‍ പാണ്ഡ്യന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.

അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ ഡയറക്ടറായാണ് അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാര്‍,സഹകരണ ഓഡിറ്റ് ഡയറക്ടര്‍, കേര പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടര്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ അധിക ചുമതലയാണ്. നിലവില്‍ സഹകരണ സംഘം രജിസ്ട്രാറായിരുന്ന കെ. ഇമ്പശേഖറിനെ ലോട്ടറി ഡയറക്ടറായാണ് മാറ്റി നിയമിച്ചിട്ടുള്ളത്.

നിലവില്‍ അര്‍ജുന്‍ പാണ്ഡ്യന് നല്‍കിയിരിക്കുന്ന ചുമതലകളെല്ലാം ഏറെ തിരക്കുള്ള ജോലികളുള്ളതാണ്. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ക്ക് ഒട്ടേറെ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. ദൈനംദിന ജോലികള്‍ ഏറെയാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന കാര്‍ഷിക പദ്ധതിയാണ് കേര. 2400 കോടിയോളം രൂപയുടെ പദ്ധതികളാണ് ഇതിലുള്ളത്. ലോകബാങ്ക് സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കര്‍ഷക ഉല്‍പാദന കമ്പനികളെ ഒന്നിപ്പിച്ച് പ്രൊഡക്ടീവ് അലയന്‍സ് രൂപവത്കരണത്തിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ നടക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് കേര. ഇതിലും ഒട്ടേറെ ചുമതലകള്‍ പ്രൊജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ അര്‍ജുന്‍ പാണ്ഡ്യന് വഹിക്കേണ്ടിവരും. ഇതിന് പുറമെയാണ് സഹകരണ സംഘം രജിസ്ട്രാറുടെയും ഓഡിറ്റ് ഡയറക്ടറുടെയും ചുമതല

സഹകരണമേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടത്തില്‍ ഈ മേഖലയില്‍ ശ്രദ്ധയോടെ ഇടപെടാന്‍ കഴിയുന്ന രജിസ്ട്രാറെയാണ് വേണ്ടിയരുന്നത്. എന്നാല്‍, അത്തരമൊരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതിന്റെ തെളിവാണ് മൂന്നരമാസത്തിനുള്ളിലെ മൂന്നാമത്തെ രജിസ്ട്രാര്‍ ഈ വകുപ്പിലെത്തുന്നത്. നിരന്തരം പ്രശ്‌നങ്ങളില്‍ ഇടപെടുകയും സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്. നിലവിലെ സാഹചര്യത്തില്‍ ചട്ടപ്പടിയായി ചുമതല നിര്‍വഹിക്കാനേ അര്‍ജുന്‍ പാണ്ഡ്യന് അധിക ചുമതലയിലൂടെ നിര്‍വഹിക്കാന്‍ കഴിയൂ. സഹകരണ മേഖലയെ നല്ല രീതിയില്‍ മുന്നോട്ടുനയിക്കാന്‍ ഒരുവഴിയും ഉണ്ടാക്കരുതെന്ന ലക്ഷ്യം സര്‍ക്കാരിനുണ്ടോയെന്ന് സംശയിക്കേണ്ട സ്ഥിതിയാണ് സഹകരണ സംഘം രജിസ്ട്രാറുടെ അടിക്കടിയുള്ള മാറ്റം ഉണ്ടാക്കുന്നത്.

Related posts

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator

ഭവനസമുച്ചയത്തിലേക്ക് സഹകരണസംഘം പണിത റോഡ് പൊതുനിരത്താക്കാനുള്ള ശ്രമം കോടതി തടഞ്ഞു

Indian Cooperator

സഹകരണസംഘം ജീവനക്കാര്‍ സെലീനയുടെ കുടുംബത്തിന്അഞ്ചു ലക്ഷം രൂപ കൈമാറി

Indian Cooperator
error: Content is protected !!